Quantcast

'നോ കോൺട്രാക്ട്, നോ കോഫി': സ്റ്റാർബക്സിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി മംദാനി

തുച്ഛവേതനത്തിൽ പ്രതിഷേധിച്ച് 10000ത്തിലധികം തൊഴിലാളികൾ പണിമുടക്കിയതിന് തൊട്ടുപിന്നാലെയാണ് മംദാനിയുടെ ആഹ്വാനം

MediaOne Logo

Web Desk

  • Published:

    14 Nov 2025 9:06 PM IST

നോ കോൺട്രാക്ട്, നോ കോഫി: സ്റ്റാർബക്സിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി മംദാനി
X

ന്യൂയോർക്ക്: ന്യൂയോർക്കിൽ സ്റ്റാർബക്സിനെതിരെ ബഹിഷ്കരണം ആഹ്വാനം ചെയ്ത് മേയർ സൊഹ്റാൻ മംദാനി. തുച്ഛവേതനത്തിൽ പ്രതിഷേധിച്ച് 10000ത്തിലധികം തൊഴിലാളികൾ പണിമുടക്കിയതിന് തൊട്ടുപിന്നാലെയാണ് മംദാനിയുടെ ആഹ്വാനം. തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോൾ സ്റ്റാർബക്സിൽ നിന്ന് താൻ ഒന്നും വാങ്ങുകയില്ലെന്നും എല്ലാവരും ഈ ബഹിഷ്കരണത്തിൽ പങ്കുചേരണമെന്നും മം​ദാനി എക്സിൽ കുറിച്ചു.

'തൊഴിലാളികൾ വേതനം കുറഞ്ഞതിനെ തുടർന്ന് സമരത്തിലായിരിക്കുമ്പോൾ ഞാനെങ്ങനെ സ്റ്റാർബക്സിൽ നിന്ന് സാധനം വാങ്ങാനാണ്? ഈ ബഹിഷ്കരണത്തിൽ കൂടുതൽ പേർ പങ്കുചേരണം. എല്ലാവരും പങ്കെടുക്കുന്നതോടെ മാന്യമായി കരാർ പുതുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന സന്ദേശം നമുക്ക് പകർന്നുനൽകാം'. മംദാനി എക്സിൽ പറഞ്ഞു.

'കഠിനമായി പണിയെടുത്തിട്ടും തുച്ഛമായ വേതനമാണ് സ്റ്റാർബക്സ് തൊഴിലാളികൾക്ക് നൽകുന്നത്. മാന്യമായ വേതനത്തിന് വേണ്ടി മാത്രമാണ് അവർ തെരുവിലിറങ്ങിയിരിക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേർത്തു.

10000ലധികം തൊഴിലാളികളാണ് സ്റ്റാർബക്സിലെ അന്യായത്തിനെതിരെ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന്റെ ഭാ​ഗമായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് വരെ സ്റ്റാർബക്സിന്റെ ഉത്പന്നങ്ങൾ വാങ്ങരുതെന്ന് തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തു. ന്യൂയോർക്ക്, ഫിലാഡൽഫിയ, സാൻ ഡിയ​ഗോ, ഡല്ലാസ്, കൊളംബസ് തുടങ്ങിയ 45ഓളം ന​ഗരങ്ങളിലുള്ള സ്റ്റാർബക്സ് സ്റ്റോറുകളെ ബ​ഹിഷ്കരണം ദോഷകരമായി ബാധിക്കുമെന്നാണ് സൂചന.

മാന്യമായ വേതനം ഉറപ്പാക്കിക്കൊണ്ട് കരാർ പുതുക്കുകയാണെങ്കിൽ സമരം അവസാനിപ്പിക്കുമെന്നാണ് സംഘാടകരുടെ പക്ഷം.

നേരത്തെ, ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണഘട്ടത്തിലും തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിക്കൊണ്ട് സ്റ്റാർബക്സിനെതിരെ മംദാനി ശബ്ദമുയർത്തിയിരുന്നു.

'പ്രതിവർഷം 96 മില്ല്യൺ സമ്പാദിക്കുന്ന ഒരു കമ്പനിയെ കുറിച്ചാണ് നാം സംസാരിക്കുന്നത്. മാന്യമായ വേതനം മാത്രമാണ് ഈ തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ജീവിക്കാനുള്ള മിനിമം വേതനം മാത്രമാണ് ചോദിക്കുന്നത്. സമാധാനത്തോടെയുള്ള ജീവിതം അവർ അർഹിക്കുന്നുണ്ട്. അത്തരമൊരു ന്യൂയോർക്ക് സിറ്റിയെയാണ് ഞാനും ആ​ഗ്രഹിക്കുന്നത്.' മംദാനി പ്രചരണവേളയിൽ പറഞ്ഞു.

'ഞാൻ ഈ പാവപ്പെട്ട തൊഴിലാളികളുടെ കൂടെയായിരിക്കുമെന്ന് സ്റ്റാർബക്സ് അധികാരികൾ അറിഞ്ഞിരിക്കണം. അവരെ സമരത്തിന് പറഞ്ഞയക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ അവരോടൊപ്പം ഞാനും സമരത്തിനിറങ്ങും.' മംദാനി കൂട്ടിച്ചേർത്തു.


TAGS :

Next Story