ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗം നോർത്ത് അമേരിക്കയിലെന്ന് യു.എൻ ഏജൻസി റിപ്പോർട്ട്

കഴിഞ്ഞ വർഷം 275 മില്ല്യൺ ജനങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും പഠനം പറയുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-12 15:30:46.0

Published:

12 Sep 2021 3:30 PM GMT

ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗം നോർത്ത് അമേരിക്കയിലെന്ന് യു.എൻ ഏജൻസി റിപ്പോർട്ട്
X

ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗം നോർത്ത് അമേരിക്കയിലാണെന്ന് (14.5 ശതമാനം)യുനൈറ്റഡ് നാഷൻസ് ഓഫിസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈമി(യു.എൻ.ഒ.ഡി.സി)ന്റെ 2021 ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡുമാണ് (12.1) രണ്ടാമത്. വെസ്റ്റ് സെൻട്രൽ ആഫ്രിക്ക (9.4) മൂന്നാമതാണെന്നും റിപ്പോർട്ട് പറയുന്നു. 2010-19 കാലയളവിലെ ആഗോള കഞ്ചാവ് ഉപയോഗത്തിൽ 18 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.

18 പേരിൽ ഒരാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു

കഴിഞ്ഞ വർഷം 275 മില്ല്യൺ ജനങ്ങളാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നും റിപ്പോർട്ടിലുണ്ട്. അഥവാ ലോകജനസംഖ്യയിലെ 18 പേരിൽ ഒരാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നർഥം.

36 മില്ല്യൺ ജനങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ അനുവഭിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ 24 വർഷത്തിനിടെ കഞ്ചാവിന്റെ തീവ്രതയും ദൂഷ്യഫലങ്ങളും വർധിച്ചെന്നും ഇത് തിരിച്ചറിയുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു. ഇതിനാൽ സാമൂഹികാരോഗ്യം സംരക്ഷിക്കാൻ യുവജനങ്ങളെ ബോധവത്കരിക്കണമെന്ന് യു.എൻ.ഒ.ഡി.സി ഡയറക്ടർ ഗാഡാ വാലി പറഞ്ഞു.

കോവിഡ് കാലത്ത് ഉപയോഗം വർധിച്ചു

കോവിഡ് കാലത്ത് മിക്കരാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം വർധിച്ചിട്ടുണ്ട്. 42 ശതമാനം കഞ്ചാവ് ഉപയോഗം വർധിച്ചുവെന്നാണ് 77 രാജ്യങ്ങളിലെ ആരോഗ്യരംഗത്തുള്ളവർ പങ്കെടുത്ത സർവേ പറയുന്നത്. ചികിത്സക്കല്ലാതെ ലഹരി നൽകുന്ന മരുന്നുകൾ ഉപയോഗിക്കുന്നത് വർധിച്ചതായും റിപ്പോർട്ട് പറയുന്നു.

2010-2019 നും ഇടയിൽ 22 ശതമാനം പേരുടെ വർധനയാണ് മയക്കുമരുന്ന് ഉപയോഗത്തിലുണ്ടായിട്ടുള്ളത്. ജനസംഖ്യാ വർധനക്ക് അനുസരിച്ചുള്ള കണക്കാണിത്. ഇതേ തരത്തിൽ ഉപയോഗിച്ചാൽ 2030 ഓടെ 11 ശതമാനം വർധനവുണ്ടാകും. കൂടുതൽ യുവജനങ്ങളുണ്ടാകുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 40 ശതമാനം വർധനവുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 15-64 വരെ പ്രായമുള്ളവരിൽ ജനസംഖ്യയുടെ 5.5 ശതമാനം പേർ വർഷത്തിൽ ഒരിക്കലെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചവരാണ്. 36.3 ദശലക്ഷം ആളുകൾ, അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന മൊത്തം ആളുകളുടെ 13 ശതമാനം പേർ ഇതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കവേയാണിത്.

പകുതി പേരും കരൾ രോഗം അനുഭവിക്കുന്നവർ

മയക്കുമരുന്ന് കുത്തിവെക്കുന്ന 11 മില്ല്യൺ ആളുകളിൽ പകുതി പേരും കരൾ രോഗം അനുഭവിക്കുന്നവരാണ്.

കൊളംബിയ, മെക്‌സിക്കോ എന്നിവടങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് കൂടുതൽ ലഹരി ഉപയോഗം നടക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. വൻ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ചെറുസാമ്പത്തിക രാജ്യങ്ങളിൽ ലഹരി ഉപയോഗം കൂടുമെന്നും പഠനം പറയുന്നു.

കഞ്ചാവാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ലഹരിവസ്തു. 2019 ൽ 200 മില്ല്യൺ പേർ കഞ്ചാവ് ഉപയോഗിച്ചെന്നാണ് കണക്ക്. 15-64 വയസ്സുള്ള ലഹരി ഉപയോക്താക്കളുടെ 4.0 ശതമാനമാണിത്.

കഞ്ചാവ് മാർക്കറ്റുകളുള്ള യൂറോപ്പിലും നോർത്ത് അമേരിക്കയിലും അവയുടെ ഉപയോഗം കുറയുകയോ അല്ലെങ്കിൽ ഒരേ തരത്തിൽ നിൽക്കുകയോ ചെയ്യുകയാണ്. എന്നാൽ 2010 ന് ശേഷം ആഫ്രിക്കയിലെയും ഏഷ്യയിലെയും പലരാജ്യങ്ങളിലും ഇവയുടെ ഉപയോഗം വർധിച്ചുവരികയാണ്.

വേദനാസംഹാരികളുടെ അമിത ഉപയോഗവും വലിയ അപകടമാണ് ഉണ്ടാക്കുന്നത്. 2019 ൽ 62 മില്ല്യൺ ജനങ്ങൾ ഇവ ഉപയോഗിച്ചതായാണ് കണക്ക്. 27 മില്ല്യൺ ആളുകൾ 2019 ൽ ഉത്തേജക മരുന്നുകൾ ഉപയോഗിച്ചതായും റിപ്പോർട്ട് പറയുന്നു.

ഡാർക്ക് വെബിലെ മയക്കുമരുന്ന് മാർക്കറ്റ്

ഒരു ദശകം മുമ്പാണ് ഡാർക്ക് വെബിലെ മയക്കുമരുന്ന് മാർക്കറ്റ് രൂപം കൊണ്ടതെങ്കിലും 315 മില്ല്യൺ യു.എസ് ഡോളറിന്റെ വാർഷിക വിൽപനയാണ് ഇവിടെ നടക്കുന്നത്. 2011- മുതൽ 2017 പകുതി വരെയും 2017 പകുതി മുതൽ 2020 വരെയും നാലുമടങ്ങ് വർധനവാണ് വിൽപനയിലുണ്ടായത്.

കോവിഡ് സാഹചര്യത്തിൽ ആദ്യം നിലച്ചെങ്കിലും ഇപ്പോൾ മയക്കുമരുന്ന് വിൽപന നടക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവിധ അസുഖങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ഫാർമസ്യൂട്ടിക്കൽ ഓപ്പിയോഡുകളുടെ ഉപയോഗം 1999 ൽ നിത്യോന 557 മില്ല്യൺ ഡോസായിരുന്നു. എന്നാൽ 2019 ൽ ഇത് 3317 ഡോസായി മാറിയിരിക്കുന്നു. അതായത് മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതിനൊപ്പം ചികിത്സ സൗകര്യങ്ങളും വർധിച്ചിട്ടുണ്ട്.

TAGS :
Next Story