Quantcast

ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ച് ഉത്തരകൊറിയ

ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള സാധ്യത കിം ജോങ് ഉൻ തള്ളിക്കളഞ്ഞു

MediaOne Logo

Web Desk

  • Published:

    10 Sep 2022 7:46 AM GMT

ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ച് ഉത്തരകൊറിയ
X

സോൾ: ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്ന നിയമം ഉത്തര കൊറിയ പാസാക്കി. സ്റ്റേറ്റ് ന്യൂസ് ഏജൻസി കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന് ഭരണാധികാരി കിം ജോങ് ഉൻ വ്യക്തമാക്കി.

ഭൂമിയിൽ ആണവായുധങ്ങൾ നിലനിൽക്കുന്നിടത്തോളം, സാമ്രാജ്യത്വവും യുഎസിന്റെയും അതിന്റെ അനുയായികളുടെയും ഉത്തരകൊറിയൻ വിരുദ്ധ കുതന്ത്രങ്ങളും നിലനിൽക്കുന്നിടത്തോളം, നമ്മുടെ ആണവശക്തിയെ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ പാത ഒരിക്കലും അവസാനിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ന്യൂക്ലിയർ ടെക്നോളജി മറ്റ് രാജ്യങ്ങളുമായി പങ്കിടുന്നതും പുതിയ നിയമം നിരോധിച്ചിട്ടുണ്ട്

ഉപരോധങ്ങൾ മറികടന്ന് 2006-2017 കാലയളവിൽ ആറ് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിൽ തീരുമാനങ്ങൾക്ക് വിരുദ്ധമായി സൈനിക, മിസൈൽ ശക്തി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്തര കൊറിയ അയൽക്കാരായ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഭീഷണിയാകുകയാണ്.

2019-ൽ കിം ദീർഘദൂര വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും നടത്തിയിരുന്നു. അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണവ നിരായുധീകരണം ലക്ഷ്യമിട്ട് കിമ്മുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല.ഉത്തര കൊറിയയുമായി ചർച്ചയ്ക്ക് തയാറാണെന്ന് ബൈഡൻ ഭരണകൂടം സൂചന നൽകിയെങ്കിലും ബൈഡൻ കിമ്മിനെ കാണാൻ തയാറാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൊവിഡ് സഹായം വാഗ്ദാനം ചെയ്ത് ബന്ധപ്പെട്ടെങ്കിലും ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്ന് യു.എസ് പറയുന്നു.

കഴിഞ്ഞ വർഷം ഉത്തരകൊറിയയുടെ നയം യുഎസ് അവലോകനം ചെയ്യുകയും സമ്പൂർണ ആണവ നിരായുധീകരണം' ലക്ഷ്യമാണെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭാഷണത്തിനും ഏറ്റുമുട്ടലിനും തന്റെ രാജ്യം തയ്യാറാകണമെന്ന് കിമ്മും പ്രതികരിച്ചിരുന്നു.

TAGS :

Next Story