Quantcast

വീണ്ടും ജപ്പാനെ ലക്ഷ്യമിട്ട് ഉ.കൊറിയൻ മിസൈൽ; ഒരാഴ്ചയ്ക്കിടെ ഏഴാം തവണ

യു.എൻ ഉപരോധങ്ങൾ മറികടന്നാണ് ഉ.കൊറിയ മിസൈൽ, ആണവ പരീക്ഷണം തുടരുന്നത്

MediaOne Logo

Web Desk

  • Published:

    9 Oct 2022 12:25 PM GMT

വീണ്ടും ജപ്പാനെ ലക്ഷ്യമിട്ട് ഉ.കൊറിയൻ മിസൈൽ; ഒരാഴ്ചയ്ക്കിടെ ഏഴാം തവണ
X

പ്യോങ്‌യാങ്: ജപ്പാനുനേരെ വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഇന്നു രാവിലെ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് ഏഴാം തവണയാണ് ഉ.കൊറിയ ബാലിസ്റ്റിക് പരീക്ഷണം നടത്തുന്നത്. ഒരാഴ്ച മുന്‍പ് ജപ്പാനിനുമുകളിലൂടെ നടത്തിയ മിസൈൽ പരീക്ഷണത്തിൽ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതനിടെയാണ് പുതിയ സംഭവം.

ജപ്പാൻ പ്രതിരോധ മന്ത്രാലയമാണ് പുതിയ മിസൈൽ പരീക്ഷണവാർത്ത പുറത്തുവിട്ടത്. പുലർച്ചെ 1.47നായിരുന്നു ആദ്യത്തെ മിസൈൽ വർഷിച്ചത്. ആറു മിനിറ്റിനുശേഷം രണ്ടാമത്തെ മിസൈലും എത്തി. ഏകദേശം 100 കി.മീറ്റർ ഉയരത്തിൽ 350 കി.മീറ്റർ ദൂരം സഞ്ചരിച്ച ശേഷം ജപ്പാനോടു ചേർന്നുള്ള കടലിൽ പതിക്കുകയായിരുന്നു.

യു.എൻ ഉപരോധങ്ങൾ മറികടന്നാണ് ഉ.കൊറിയ മിസൈൽ, ആണവ പരീക്ഷണം തുടരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടവേളയ്ക്കുശേഷം രാജ്യം മിസൈൽ പരീക്ഷണം ആരംഭിച്ചത്. ജപ്പാനു മുകളിലൂടെയാണ് അന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഉ.കൊറിയ ജപ്പാനുനേരെ മിസൈൽ വിക്ഷേപിക്കുന്നത്. സംഭവത്തിനു പിന്നാലെ വടക്കൻ ജപ്പാനിലെ പൗരന്മാരോട് ഭൂഗർഭ അറകൾ അടക്കമുള്ള സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദേശിച്ചിരുന്നു. മേഖലയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ യു.എസ്, ജാപ്പനീസ് സൈന്യങ്ങൾ മേഖലയിൽ സംയുക്ത നാവികാഭ്യാസം ശക്തമാക്കിയിരുന്നു. ഇന്ന് ഉ.കൊറിയ വിക്ഷേപിച്ച മിസൈലുകളിലൊന്ന് പടക്കപ്പലുകൾ തകർക്കാൻ ശേഷിയുള്ളതാണെന്നാണ് ജപ്പാൻ സീനിയർ വൈസ് പ്രതിരോധ മന്ത്രി തോഷിറോ ഇനോ അറിയിച്ചത്.

ആവശ്യമെങ്കിൽ പ്രത്യാക്രമണമുണ്ടാകുമെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി യാസുകാസു ഹമാദ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അത്തരത്തിലുള്ള നടപടികളൊന്നുമുണ്ടായില്ല. ഉ.കൊറിയുടെ ഭാഗത്തുനിന്നുള്ള നിരന്തര മിസൈൽ പരീക്ഷണങ്ങളുടെയും പ്രകോപനങ്ങളുടെയും പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയാണ്. സഖ്യകക്ഷി രാജ്യങ്ങളുമായി ചേർന്ന് സൈനികശക്തി കൂട്ടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Summary: North Korea fires two ballistic missiles in seventh of recent launches

TAGS :

Next Story