ആലിസ് ഹുവാങ്ങിന് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ഒരു വര്‍ഷത്തിലേറെ ബന്ധമെന്ന് റിപ്പോര്‍ട്ട്
മുൻ സിഇഒയുമായി ആലീസ് അടുപ്പത്തിലായിരുന്ന കാലയളവിൽ, ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥയുമായി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കണ്ടെത്തി

ന്യൂയോർക്ക് : എൻവിഡിയ മുൻ മേധാവി ജെൻസൻ ഹുവാങ്ങിന് വിവാഹേതര ബന്ധമുണ്ടായിരുന്ന ആലീസ് ഹുവാങ്ങിന് ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ഒരു വർഷത്തിലേറെയായി ബന്ധമുണ്ടായിരുന്നെന്ന് റിപ്പോർട്ട്.
ടെക് മേധാവിയുമായി രഹസ്യബന്ധം പുലർത്തിയിരുന്നവെന്ന് ആരോപിക്കപ്പെടുന്ന കാലയളവിലും ആലീസ് ഈ ബന്ധം തുടർന്നിരുന്നതായാണ് ദ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നത്.
മുൻ സിഇഒയുമായി ആലീസ് അടുപ്പത്തിലായിരുന്ന 1 വർഷ കാലയളവിൽ, ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലെ (MSS) ഒരു ഉദ്യോഗസ്ഥയുമായി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കണ്ടെത്തി.
ജെൻസൻ ഹുവാങ് ചൈനീസ് ചാര പ്രവർത്തിയുടെ ലക്ഷ്യമാണെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംശയങ്ങൾ തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ .
അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച്, അത്യാധുനിക സെമികണ്ടക്ടർ സാങ്കേതികവിദ്യ സ്വന്തമാക്കാനും അവ ചൈനയിലേക്ക് കടത്താനും ശ്രമിക്കുന്ന ഒരു വലിയ ശൃംഖലയിലേക്കും ഈ റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നു.
ആലീസ് ഹുവാങ്ങിൻ്റെ ബിസിനസ് പങ്കാളിയായ കാങ് വെയ്ക്കും ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയായ എം.എസ്.എസുമായി ബന്ധമുണ്ടെന്നതിൻ്റെ തെളിവുകളും അമേരിക്കൻ ഏജൻസികൾ കണ്ടെത്തി. എന്നാൽ ഇവരുടെ ചാരപ്രവർത്തനങ്ങളുടെ വ്യാപ്തിയും സമയക്രമവും സംബന്ധിച്ച പൂർണ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.
ആലീസ് ഹുവാങ്ങും എൻവിഡിയ മുൻ മേധാവിയും തമ്മിലുള്ള രഹസ്യ ബന്ധത്തിനെ കുറിച്ച് പങ്കാളിയായ കാങി വെയ്ക്ക് അറിവുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആലീസ് ഹുവാങ്ങും ചൈനീസ് ബന്ധവും
ചൈനയിലെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിനു പുറമെ പൊതുസുരക്ഷാ മന്ത്രാലയത്തിലെ (Ministry of Public Security) ഉദ്യോഗസ്ഥരുമായി ആലിസ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോയെന്നും യുഎസ് ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
ഈ ബന്ധങ്ങൾ ഉപയോഗിച്ച് നിയന്ത്രണങ്ങളുള്ള സെമികണ്ടക്ടർ സാങ്കേതികവിദ്യ ചൈനയിലേക്ക് കടത്തിയിട്ടുണ്ടോയെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പ്രധാനമായും അന്വേഷിക്കുന്നത്. എൻവിഡിയ ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യ വഴി ചൈനയിലെത്തിയെന്ന് സംശയം
വ്യക്തിബന്ധങ്ങൾക്കും ചാരവൃത്തി ആരോപണങ്ങൾക്കും അപ്പുറം, എൻവിഡിയയുടെ നൂതന ചിപ്പുകൾ എങ്ങനെയാണ് വാങ്ങിയതെന്നും അവ ഒടുവിൽ എവിടെയാണ് എത്തിയതെന്നുമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
ദ ന്യൂയോർക്ക് ടൈംസിൻ്റെ രഹസ്യാന്വേഷണ വിവരങ്ങൾ പ്രകാരം, ആലീസ് ഹുവാങ്ങ് ജോലി ചെയ്തിരുന്ന സ്ഥാപനമായ മെഗാസ്പീഡ് (Megaspeed) വലിയ തോതിൽ വാങ്ങിയ ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഡാറ്റാ സെൻ്ററുകൾക്കാണ് വിതരണം ചെയ്തത്. ആലിബാബ ഉൾപ്പെടെയുള്ള ചൈനീസ് ടെക്ക് കമ്പനികൾക്ക് സേവനം നൽകുന്ന ഡാറ്റാ സെന്ററുകളാണ് ഇവ.
അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന്, ചിപ്പുകളിൽ ചിലത് പീന്നിട് അനധികൃതമായി ചൈനയിലേക്ക് കടത്തിയിരിക്കാമെന്നാണ് സംശയിക്കുന്നത്.
വിവരമറിഞ്ഞിട്ടും എൻവിഡിയയ്ക്ക് മുന്നറിയിപ്പ് നൽകാതെ ട്രംപ് ഭരണകൂടം
ജെൻസൻ ഹുവാങ് എൻവിഡിയയുടെ തലപ്പത്തിരിക്കുമ്പോൾ തന്നെ ആലിസ് ഹുവാങ്ങിൻ്റെ ചൈനീസ് രഹസ്യാന്വേഷണ ബന്ധങ്ങളെക്കുറിച്ച് അമേരിക്കൻ സർക്കാരിന് അറിവുണ്ടായിരുന്നുവെന്നതാണ് മറ്റൊരു പ്രധാന വെളിപ്പെടുത്തൽ.
ഡൊണാൾഡ് ട്രംപിൻ്റെ ഉപദേശകർ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഈ വിവരം അദ്ദേഹത്തെ അറിയിച്ചിരുന്നുവെങ്കിലും വിഷയത്തെ നിസ്സാരവൽക്കരിക്കുകയും ഇടപെടാൻ തനിക്ക് താല്പര്യമില്ലെന്നുമായിരുന്നു ആദ്ദേഹത്തിൻ്റെ മറുപടിയെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള വ്യക്തിയുമായാണ് താൻ അടുപ്പം പുലർത്തുന്നതെന്ന ഔദ്യോഗിക മുന്നറിയിപ്പ് (Defensive briefing) ജെൻസൺ ഹുവാങ്ങിന് നൽകാനും ട്രംപ് ഭരണകൂടം തയ്യാറായില്ല. എൻവിഡിയയുടെ മുൻ മേധാവിയെ ട്രംപ് പരസ്യമായി പിന്തുണച്ചിട്ടുണ്ട്. അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നത് കമ്പനി പരിഗണിക്കണമെന്നും അടുത്തിടെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
ആലിസ് ഹുവാങ് ഇപ്പോൾ എവിടെ?
ഈ മാസം ബ്ലൂംബെർഗ് (Bloomberg) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ആലീസ് ഹുവാങ് നിലവിൽ ബെയ്ജിംഗിലാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അവർ എപ്പോഴാണ് ചൈനീസ് തലസ്ഥാനത്തേക്ക് മാറിയതെന്നോ, അതിനുപിന്നിലെ സാഹചര്യങ്ങൾ എന്താണെന്നോ, അവർ ഇപ്പോൾ അവിടെ എന്ത് ചെയ്യുകയാണെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16

