Quantcast

ആഗോളവിപണിയിൽ എണ്ണവില കുറയുന്നു; ഇന്നലെ മാത്രം നാല് ഡോളറിന്റെ കുറവ്

അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിനും താഴേക്കു വന്നത് ഇന്ത്യ ഉൾപ്പെടെ എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് തുണയാകും

MediaOne Logo

Web Desk

  • Published:

    2 Aug 2022 1:30 AM GMT

ആഗോളവിപണിയിൽ എണ്ണവില കുറയുന്നു; ഇന്നലെ മാത്രം നാല് ഡോളറിന്റെ കുറവ്
X

വിയന്ന: ആഗോളവിപണിയിൽ എണ്ണവില കുറയുന്നു. ഇന്നലെ മാത്രം നാല് ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിനും താഴേക്കു വന്നത് ഇന്ത്യ ഉൾപ്പെടെ എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് തുണയാകും.

ഉൽപാദനം ഉയർത്തുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നാളെ യോഗം ചേരാനിരിക്കെയാണ് ആഗോള വിപണിയിലെ വിലത്തകർച്ച. ചൈനയും യൂറോപ്യൻ രാജ്യങ്ങളിലും വ്യവസായിക ഉൽപാദനം കുറയുമെന്ന റിപ്പോർട്ടുകളും എണ്ണവില കുറയാൻ കാരണമായി. അസംസ്‌കൃത എണ്ണ ബാരലിന് 99.52 ആയിരുന്നു ഇന്നലത്തെ നിരക്ക്.

വിലയിൽ ക്രമാതീതമായ ഇടിവിന് സധ്യതയില്ലെന്നാണ് ഒപെക് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. 100 ഡോളറിനോട് അടുത്തു തന്നെ തൽക്കാലം നിരക്ക് തുടർന്നേക്കുമെന്നും ഒപെക് വൃത്തങ്ങൾ അറിയിച്ചു. ആഗോള മാന്ദ്യം സംബന്ധിച്ച ആശങ്കകളും എണ്ണവിലയിലെ തിരിച്ചടിക്ക് കാരണമാണ്. സെപ്റ്റംബറിൽ ഗണ്യമായ ഉൽപാദന വർധനക്ക് നാളെ ചേരുന്ന ഒപെക് യോഗം തീരുമാനം കൈക്കൊള്ളാനിടയില്ല.

വിപണിയിലെ സന്തുലിതത്വം മുൻനിർത്തി മാത്രമാകും നടപടിയെന്ന് പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും വ്യക്തമാക്കി. ഏതായാലും ഉൽപാദന തോത് സംബന്ധിച്ച ബുധനാഴ്ചയിലെ ഒപെക് തീരുമാനത്തെ ആശ്രയിച്ചിരിക്കും എണ്ണവിലയിലെ ഇനിയുള്ള ഏറ്റക്കുറച്ചിൽ.

TAGS :

Next Story