Quantcast

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം; 920 മരണം

റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വന്‍നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Updated:

    2022-08-29 12:05:05.0

Published:

22 Jun 2022 5:47 AM GMT

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം; 920 മരണം
X

അഫ്ഗാനിസ്ഥാന്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ 920 പേര്‍ കൊല്ലപ്പെട്ടു. 600ലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവിധ പ്രവിശ്യകളിലായി ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 920 പേർ മരിക്കുകയും 610 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുരന്തനിവാരണ സഹമന്ത്രി മൗലവി ഷറഫുദ്ദീൻ മുസ്‍ലിം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കണമെന്ന് അദ്ദേഹം മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വന്‍നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ എത്തിക്കൊണ്ടിരിക്കുകയാണെന്ന് സർക്കാർ നടത്തുന്ന ബക്തർ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.



ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭൂചലനമുണ്ടായത്. പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ''പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി. നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ഡസന്‍ കണക്കിന് വീടുകള്‍ തകരുകയും ചെയ്തു'' താലിബാൻ സർക്കാരിന്‍റെ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി ട്വിറ്ററിൽ കുറിച്ചു. കൂടുതൽ ദുരന്തം ഉണ്ടാകാതിരിക്കാന്‍ പ്രദേശത്തേക്ക് ഉടന്‍ ടീമുകളെ അയക്കാൻ എല്ലാ സഹായ ഏജൻസികളോടും ഞങ്ങൾ അഭ്യർഥിക്കുന്നതായും ട്വീറ്റില്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെയും കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ആളുകളെ പുറത്തെടുക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


യുഎസ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. 51 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമുണ്ടായത്. പാകിസ്താനിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍റര്‍ (ഇഎംഎസ്‌സി) അറിയിച്ചു.


ഇസ്‍ലാമാബാദിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും നേരിയ തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി പാകിസ്താന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ലാഹോർ, മുളട്ടാൻ, ക്വറ്റ എന്നിവിടങ്ങളിലും പാകിസ്താനിലെ മറ്റ് നിരവധി പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.





TAGS :

Next Story