ലോകത്തെ ഏറ്റവും ദുർബലമായ നാലാമത്തെ പാസ്പോർട്ട് പാക്കിസ്താൻ്റേതെന്ന് റിപ്പോർട്ട്
പാക്കിസ്താൻകാർക്ക് ഈ വർഷം ജനുവരി വരെ 35 രാജ്യങ്ങളിൽ വിസകൂടാതെ സഞ്ചരിക്കാമായിരുന്നു, എന്നാൽ ഇപ്പോയത് 33 രാജ്യങ്ങളായി ചുരുങ്ങി

ലോകത്തെ ഏറ്റവും ദുർബലമായ നാലാമത്തെ പാസ്‌പോർട്ട് പാക്കിസ്താന്റെ പാസ്‌പോർട്ടാണെന്ന് റിപ്പോർട്ട്. ഗ്ലോബൽ സിറ്റിസൺഷിപ്പ് ആൻഡ് റെസിഡെൻസ് അഡൈ്വസറി കമ്പനിയായ ഹെൻലെ ആൻഡ് പാർട്‌ണേർസിന്റെ പാസ്‌പോർട്ട് സൂചികയിലാണ് പാക്കിസ്താൻ പാസ്‌പോർട്ടിനെ ദുർബലപാസ്‌പോർട്ടുകളിലൊന്നായി പട്ടികപെടുത്തിയിരിക്കുന്നത്.
227 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ നൂറാം സ്ഥാനമാണ് പാക്കിസ്താനുള്ളത്. ഒരു രാജ്യത്തെ ജനങ്ങൾക്ക് വിസയില്ലാതെ പാസ്‌പോർട്ട് മാത്രം ഉപയോഗിച്ച് സഞ്ചരിക്കാൻ സാധിക്കുന്ന സ്ഥലങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പാക്കിസ്താൻകാർക്ക് ഈ വർഷം ജനുവരി വരെ 35 രാജ്യങ്ങളിൽ വിസകൂടാതെ സഞ്ചരിക്കാമായിരുന്നു. എന്നാൽ ഇപ്പോയത് 33 രാജ്യങ്ങളായി ചുരുങ്ങി.
വിസയില്ലാതെ 189രാജ്യങ്ങളിൽ പോകാനാകുന്ന സിംഗപ്പൂർ പാസ്‌പോർട്ടാണ് ലോകത്തെ ഏറ്റവും കൊതിപ്പിക്കുന്ന പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്തള്ളിയാണ് സിംഗപ്പുരിന്റെ ഈ നേട്ടം. ദക്ഷിണ കൊറിയ, ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ലക്‌സംബർഗ്, സ്വീഡൻ എന്നീ രാജ്യങ്ങൾ പട്ടികയിലെ മുന്നാം സ്ഥാനം പങ്കിട്ടു.
പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ അമേരിക്ക എട്ടാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 80-ാം സ്ഥാനത്ത് എത്തി. 57 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാനാവുക.
Adjust Story Font
16

