Quantcast

ഒരൊറ്റ പ്രധാനമന്ത്രിയും കാലാവധി തികച്ചില്ല; മുൻഗാമികളുടെ വഴിയെ ഇംറാൻ ഖാനും- രാഷ്ട്രീയ അസ്ഥിരതയുടെ പാകിസ്താൻ ചരിത്രം

1947ൽ അധികാരമേറ്റ പ്രഥമ പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ ഭരണകാലാവധി പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കൊല്ലപ്പെടുന്നത്. അന്നുതുടങ്ങി ഒടുവിൽ ഇംറാൻ ഖാനെന്ന ഇതിഹാസ ക്രിക്കറ്ററിൽ എത്തിനിൽക്കുന്ന ഭരണാസ്ഥിരതയുടെ പാക് ചരിത്രം അറിയാം

MediaOne Logo

Web Desk

  • Updated:

    2022-04-03 12:28:08.0

Published:

3 April 2022 12:25 PM GMT

ഒരൊറ്റ പ്രധാനമന്ത്രിയും കാലാവധി തികച്ചില്ല; മുൻഗാമികളുടെ വഴിയെ ഇംറാൻ ഖാനും- രാഷ്ട്രീയ അസ്ഥിരതയുടെ പാകിസ്താൻ ചരിത്രം
X

പാകിസ്താൻ സ്വതന്ത്ര രാജ്യമായ ശേഷം 75 വർഷം പിന്നിടുകയാണ് ഈ വർഷം. എന്നാൽ, നീണ്ട ഏഴര പതിറ്റാണ്ടു കാലം രാഷ്ട്രീയ അസ്ഥിരതകൾ കൊണ്ടും നിറഞ്ഞതാണ് പാകിസ്താന്റെ ചരിത്രം. 1947ൽ പാകിസ്താൻ രൂപീകരിക്കപ്പെട്ട ശേഷം ഒരൊറ്റ പ്രധാനമന്ത്രിയും ഇതുവരെ കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്നതാണ് ഏറെ കൗതുകം നിറഞ്ഞ കാര്യം.

ലിയാഖത് അലി ഖാനാണ് പാകിസ്താന്റെ പ്രഥമ പ്രധാനമന്ത്രി. 1947ൽ അധികാരമേറ്റ അദ്ദേഹം ഭരണകാലാവധി പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കൊല്ലപ്പെടുകയായിരുന്നു. അന്നുതുടങ്ങിയ ഭരണ അസ്ഥിരതയുടെ പാക് ചരിത്രം ഒടുവിൽ ഇംറാൻ ഖാനെന്ന ഇതിഹാസ ക്രിക്കറ്റർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ വരെ എത്തിനിൽക്കുകയാണ്. ഒടുവിൽ അധികാരഭ്രഷ്ടനാകുന്നത് ഒഴിവാക്കാൻ ഇംറാൻ ഖാന്റെ നിർദേശപ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് കാലാവധി പൂർത്തിയാകും മുൻപ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് പാകിസ്താൻ.

പാകിസ്താന്റെ അസ്ഥിര രാഷ്ട്രീയ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം:

ലിയാഖത്ത് അലി ഖാൻ

1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അതേ ദിവസം തന്നെയാണ് ലിയാഖത്ത് അലി ഖാൻ പാകിസ്താൻ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റത്. മുഹമ്മദലി ജിന്നയ്‌ക്കൊപ്പം പാകിസ്താന്റെ സ്ഥാപകനേതാക്കളിൽ എണ്ണപ്പെടുന്നയാളായ ലിയാഖത്ത് ഖാഇദെ മില്ലത്ത് എന്ന പേരിൽ വലിയ ജനപിന്തുണയുള്ള നേതാവ് കൂടിയായിരുന്നു. എന്നാൽ, ഇടക്കാലത്ത് അദ്ദേഹത്തിന്റെ ഭരണത്തിനെതിരെയും അതൃപ്തികൾ തലപൊക്കിത്തുടങ്ങി.


സൈന്യത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് കക്ഷികളുടെ നേതൃത്വത്തിൽ ഭരണ അട്ടിമറിക്ക് നീക്കം നടന്നു. ഇതിനെ അതിജീവിച്ചെങ്കിലും ലിയാഖത്തിന്റെ ഭരണത്തിനു മാത്രമല്ല, അദ്ദേഹത്തിനു തന്നെ പിന്നീട് അധികം ആയുസുണ്ടായില്ല. 1951 ഒക്ടോബർ 16ന് റാവൽപിണ്ടിയിൽ ഒരു രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നതിനിടെ സൈദ് അക്ബർ എന്ന വാടകക്കൊലയാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

ഖവാജ നാസിമുദ്ദീൻ

ലിയാഖത്ത് അലി ഖാന്റെ കൊലപാതകത്തിന്റെ നടുക്കം മാറുംമുൻപെ പാകിസ്താനിൽ പുതിയ പ്രധാനമന്ത്രി അധികാരമേറ്റു. ലിയാഖത്തിനും ജിന്നയ്ക്കുമൊപ്പം പാകിസ്താൻ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഖവാജ നാസിമുദ്ദീനായിരുന്നു പുതിയ പ്രധാനമന്ത്രിയായി 1951 ഒക്ടോബർ 17ന് അധികാരത്തിലേറിയത്.

അധികാരമേറ്റ് വെറും രണ്ടു വർഷം പിന്നിടുമ്പോഴേക്കും ഖവാജയ്ക്ക് എതിരെയും എതിർപ്പുകൾ ഉയർന്നുതുടങ്ങി. ഇതിനിടെ, ലാഹോറിൽ അഹ്‌മദിയ്യാ വിഭാഗത്തിനെതിരെ സാമുദായിക ലഹള രൂക്ഷമായി. ഇതിനെ നിയന്ത്രിക്കാനായി 1953ൽ ലാഹോറിൽ സൈനിക ഭരണം പ്രഖ്യാപിച്ചു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയും പഴയ ഈസ്റ്റ് ബംഗാൾ മേഖലയിൽ രൂക്ഷമായ ബംഗാളി ഭാഷാ പ്രക്ഷോഭങ്ങൾക്കുമിടയിൽ ഗവർണർ ജനറൽ ഗുലാം മുഹമ്മദ് ഖവാജ നാസിമുദ്ദീനോട് അധികാരമൊഴിയാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. ഒടുവിൽ, 1953 ഏപ്രിൽ 17ന് നാസിമുദ്ദീനെ ഗവർണർ ജനറൽ ഭരണഘടനാ അധികാരം ഉപയോഗിച്ച് സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.

മുഹമ്മദ് അലി ബോഗ്ര

നാസിമുദ്ദീനെ പുറത്താക്കിയതിനു പിന്നാലെ അതേദിവസം തന്നെ മുഹമ്മദ് അലി ബോഗ്രയെ പുതിയ പ്രധാനമന്ത്രിയായി ഗവർണർ ജനറൽ ഗുലാം മുഹമ്മദ് അവരോധിക്കുകയും ചെയ്തു. അമേരിക്കയുമായി കൂട്ടുകൂടിയുള്ള പുതിയ വിദേശനയത്തിനു തുടക്കമിട്ട മുഹമ്മദ് അലിക്കും ഭരണത്തിൽ അധികം തുടരാനായില്ല. അദ്ദേഹം തന്നെ കൊണ്ടുവന്ന ഗവർണർ ജനറൽ ഇസ്‌കന്ദർ മിർസയുമായുള്ള അഭിപ്രായ ഭിന്നതകളിലായിരുന്നു തുടക്കം. പ്രാദേശിക വിഷയങ്ങളിലുള്ള തർക്കങ്ങളും ദേശീയ അസംബ്ലിയിലെ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതുമെല്ലാം ചൂണ്ടിക്കാട്ടി അലി ബോഗ്രയെ 1955 ആഗസ്റ്റ് രണ്ടിന് ഗവർണർ ജനറൽ ഇസ്‌കന്ദർ മിർസ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കി.

ചൗധരി മുഹമ്മദ് അലി

1955 ആഗസ്റ്റ് 12ന് പാകിസ്താന്റെ നാലാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത് ചൗധരി മുഹമ്മദ് അലി. പാകിസ്താന്റെ ഭരണഘടനാ ശിൽപികളിൽ ഒരാളായി ഗണിക്കപ്പെടുന്നയാളാണ് ചൗധരി.

ചൗധരിക്ക് പക്ഷെ തികച്ച് രണ്ടു വർഷം പോലും ഭരിക്കാനായില്ല. സ്വന്തം പാർട്ടിയായ മുസ്‌ലിം ലീഗിൽ ഉടലെടുത്ത തർക്കങ്ങളായിരുന്നു ഒന്നാമത്തെ കാരണം. ഇതോടൊപ്പം സൈനികതവലവനായിരുന്നു അയ്യൂബ് ഖാന്റെ ഏകാധിപത്യത്തെ തുറന്നെതിർത്തതും തിരിച്ചടിയായി. ഒടുവിൽ1956 സെപ്റ്റംബർ 12ന് ചൗധരി മുഹമ്മദ് അലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

ഹുസൈൻ ശഹീദ് സുഹ്രവർദി

പുരോഗമനവാദിയായ ഹുസൈൻ ശഹീദ് സുഹ്രവർദിയായിരുന്നു അടുത്ത പ്രധാനമന്ത്രി. ചൗധരി രാജിവച്ച ദിവസം തന്നെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ഹുസൈനും ഒരു വർഷം മാത്രമേ ആ സ്ഥാനത്തിരിക്കാനായുള്ളൂ. ഗവർണർ ജനറൽ ഇസ്‌കന്ദർ മിർസയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്ന് 1957 ഒക്ടോബർ 17ന് ഹുസൈൻ ശഹീദിനും താഴെയിറങ്ങേണ്ടിവന്നു.

ഇബ്രാഹീം ഇസ്മായീൽ, ഫിറോസ് ഖാൻ നൂൺ, നൂറുൽ അമീൻ

ഹുസൈൻ ശഹീദിനു പിന്നാലെ വന്ന മൂന്ന് പ്രധാനമന്ത്രിമാർക്കും ഭരണത്തിൽ ഒരു വർഷം പോലും പൂർത്തിയാക്കാനായില്ല. 1957 ഒക്ടോബർ 17ന് ആറാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റ ഇബ്രാഹീം ഇസ്മായീൽ ചുന്ദ്രിഗാർ വെറും രണ്ടുമാസമാണ് ഭരണത്തിലിരുന്നത്. ഡിസംബർ 11ന് അവിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് അധികാരമൊഴിയേണ്ടിവന്നു അദ്ദേഹത്തിന്.

1957 ഡിസംബർ 17ന് അധികാരമേറ്റ ഫിറോസ് ഖാൻ നൂണിനും അധികകാലം ഭരിക്കാനായില്ല. 1958 ഒക്ടോബർ ഏഴിന് ജനറൽ അയ്യൂബ് ഖാൻ രാജ്യത്ത് പട്ടാള നിയമം നടപ്പാക്കിയതോടെ ഫിറോസ് ഖാന് സ്ഥാനം രാജിവച്ചിറങ്ങേണ്ടിവന്നു.

തുടർന്ന് 13 വർഷത്തോളം പാകിസ്താനിൽ പട്ടാള ഭരണമായിരുന്നു. തുടർന്ന് 1971 ഡിസംബർ ആറിനാണ് യഹ്‌യ ഖാന്റെ നേതൃത്വത്തിൽ നൂറുൽ അമീൻ പാകിസ്താന്റെ എട്ടാം പ്രധാനമന്ത്രിയായി അധികാരമേറ്റത്. വെറും 13 ദിവസം മാത്രമായിരുന്നു നൂറുൽ അമീന് ഭരണത്തിൽ ആയുസുണ്ടായത്. ഡിസംബർ 20ന് പദവി രാജിവച്ചിറങ്ങാൻ നിർബന്ധിതനായി നൂറുൽ അമീൻ. ഏറ്റവും ചുരുങ്ങിയ കാലം പാകിസ്താൻ പ്രധാനമന്ത്രിയായയാളുമായി അദ്ദേഹം.


സുൽഫീക്കർ അലി ഭൂട്ടോ

1973 ആഗസ്റ്റ് 14ന് സുൽഫീക്കർ അലി ഭൂട്ടോ പ്രധാനമന്ത്രിയായി അധികാരമേറ്റു. പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി) എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയ ഭൂട്ടോ മതേതരമുഖത്തിലൂടെ ലോകരാഷ്ട്രീയത്തിലും ശ്രദ്ധനേടി. 1977ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പി.പി.പി വിജയിക്കുകയും ഭൂട്ടോ വീണ്ടും പ്രധാനമന്ത്രിയാകുകയും ചെയ്‌തെങ്കിലും ഭരണം അധികകാലം തുടരാനായില്ല. 1977 ജൂലൈ അഞ്ചിന് സൈനിക തലവൻ ജനറൽ സിയാവുൽ ഹഖ് ഭൂട്ടോ പട്ടാള അട്ടിമറിയിലൂടെ ഭൂട്ടോയെ പുറത്താക്കി. പിന്നാലെ ഭൂട്ടോയുടെ രാഷ്ട്രീയ എതിരാളിയായ അഹ്‌മദ് റസാഖാന്റെ മരണത്തിൽ കുറ്റം ആരോപിച്ച് ജയിലിലടക്കുകയും 1979ൽ ഇതേ കുറ്റം ചുമത്തി തൂക്കിക്കൊല്ലുകയും ചെയ്തു.

മുഹമ്മദ് ഖാൻ ജുനേജോ

തുടർന്ന് 1988ൽ വിമാനാപകടത്തിൽ കൊല്ലപ്പെടുന്നതുവരെ പാകിസ്താനിൽ സിയാവുൽ ഹഖിന്റെ പട്ടാള ഭരണം തന്നെയായിരുന്നു. ഇതിനിടയിൽ 1985 മാർച്ച് 23ന് മുഹമ്മദ് ഖാൻ ജുനേജോയെ സിയാവുൽ ഹഖ് പ്രധാനമന്ത്രിയായി അവരോധിച്ചു. മൂന്നു വർഷത്തോളം അധികാരത്തിൽ തുടർന്ന മുഹമ്മദ് ഖാൻ 1988 മെയ് 29ന് സ്ഥാനമൊഴിയേണ്ടിവന്നു.


ബേനസീർ ഭൂട്ടോ-നവാസ് ശരീഫ് യുഗം

സിയാവുൽ ഹഖിന്റെ മരണത്തിനു പിന്നാലെയാണ് സുൽഫീക്കർ അലി ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ പാകിസ്താന്റെ പ്രഥമ വനിനാ പ്രധാനമന്ത്രിയായി ചരിത്രമഴുതുന്നത്. വർഷങ്ങൾ നീണ്ട പട്ടാള ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ബേനസീർ ഭരണമാരംഭിക്കുന്നത്.

ഇതിനിടയിൽ 1989ൽ ബേനസീറിനെ താഴെയിറക്കാൻ ഇംപീച്ച്‌മെന്റ് ശ്രമം നടന്നു. ഇതിനെ അതിജീവിച്ചെങ്കിലും 1990ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക് ഭരണം പിടിക്കാനായില്ല.

തെരഞ്ഞെടുപ്പിൽ ജയിച്ചത് നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‌ലിം ലീഗ്(എൻ). പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി നവാസ് ശരീഫ് അധികാരമേറ്റു. മൂന്നു വർഷം പിന്നിട്ടപ്പോഴേക്കും പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാൻ നവാസ് ശരീഫ് ഭരണകൂടത്തെ പുറത്താക്കി.

ബേനസീർ ഭൂട്ടോയ്ക്ക് പ്രധാനമന്ത്രിയായി രണ്ടാമൂഴത്തിനുള്ള അവസരമൊരുങ്ങുന്നത് അങ്ങനെയാണ്. 1933ൽ ഭരണം ഏറ്റെടുത്ത ബേനസീറിന് രാഷ്ട്രീയ അസ്ഥിരതകളെത്തുടർന്ന് കാലാവധി പൂർത്തിയാക്കാനാകാതെ വീണ്ടും ഭരണം നഷ്ടപ്പെട്ടു. 1966ൽ ഭൂട്ടോയ്ക്ക് രാജിവച്ചൊഴിയേണ്ടിവന്നു.

1977ൽ പാകിസ്താൻ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്. ഇത്തവണ ജനങ്ങൾ തുണച്ചത് നവാസ് ശരീഫിനെ. നവാസ് ശരീഫിന് പാകിസ്താൻ പ്രധാനമന്ത്രിയായി രണ്ടാമൂഴം. എന്നാൽ, പതിവ് തെറ്റിയില്ല. ഇത്തവണ രണ്ടു വർഷം മാത്രമേ ഭരണം തുടരാനായുള്ളൂ. 199 ഒക്ടോബർ 12ന് ജനറൽ പർവേസ് മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നവാസ് ശരീഫിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയും ചെയ്തു.

മുഷറഫ് യുഗം

തുടർന്നങ്ങോട്ട് പാകിസ്താനിൽ മുഷറഫിന്റെ പട്ടാള ഭരണമായിരുന്നു. 2001ൽ നടന്ന ജനഹിത പരിശോധനയിലും മുഷറഫിന് അനുകൂലമായി കാര്യങ്ങൾ. ജനങ്ങൾ മുഷറഫിനെ പിന്തുണച്ചു. 2008 വരെ മുഷറഫ് യുഗം നീണ്ടു. ഇതിനിടയിൽ പേരിനുമാത്രമുള്ള പ്രധാനമന്ത്രിമാരായി മീർ സഫറുല്ല ഖാൻ ജമാലി, ചൗധരി ശുജാഅത്ത്, ശൗകത്ത് അസീസ് എന്നിവർ പലഘട്ടങ്ങളിലായി എത്തി.


മുഷറഫിനെ താഴെയിറക്കി യൂസുഫ് റസ ഗിലാനി

2008ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്കായിരുന്നു വിജയം. പാകിസ്താന്റെ 18-ാമത് പ്രധാനമന്ത്രിയായി യൂസുഫ് റസ ഗിലാനി സഖ്യകക്ഷി സർക്കാരിലൂടെ അധികാരമേറ്റു. ഇതേവർഷം തന്നെ മുഷറഫിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ആരംഭിച്ചു. ആദ്യം സ്ഥാനമൊഴിയാൻ വിസമ്മതിച്ച മുഷറഫ് ഒടുവിൽ രാജി പ്രഖ്യാപിച്ച് ലണ്ടനിലേക്ക് രക്ഷപ്പെട്ടു.

നാലുവർഷം റസ ഗിലാനിയുടെ ഭരണം നീണ്ടുനിന്നു. ഒടുവിൽ കോടതിയലക്ഷ്യത്തിന്റെ രൂപത്തിൽ മുൻഗാമികളുടെ അനുഭവം റസയെയും തേടിയെത്തി. 2012ൽ റസ പ്രധാനമന്ത്രി പദവിയിൽനിന്ന് പുറത്ത്. അവശേഷിച്ച ഒരു വർഷം പി.പി.പി സർക്കാരിനെ നയിച്ചത് റജ പർവേസ് അഷ്‌റഫ്.

വീണ്ടും നവാസ് ശരീഫ്

2013ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി നവാസ് ശരീഫ് വീണ്ടും അധികാരത്തിൽ. ഇത്തവണ മുൻ പ്രധാനമന്ത്രിമാരിൽനിന്നു വ്യത്യസ്തനായി ശരീഫ് ഭരണകാലാവധി തികച്ച് ചരിത്രമെഴുതുമെന്ന് കരുതിയിരുന്നു. എന്നാൽ, അഴിമതിക്കുറ്റം ആരോപിച്ച് സുപ്രീംകോടതി നവാസ് ശഫിനെ അയോഗ്യനാക്കി. ഒടുവിൽ ഇംപീച്ച് ചെയ്യപ്പെടുമ്പോൾ പ്രധാനമന്ത്രി പദത്തിൽ നാലു വർഷവും 53 ദിവസവും പിന്നിട്ട് പാക് ചരിത്രത്തിൽ റെക്കോർഡിട്ടിരുന്നു നവാസ് ശരീഫ്.

2018ൽ ദേശീയ അസംബ്ലി പിരിച്ചുവിടും വരെയുള്ള ഇടക്കാലത്ത് ശാഹിദ് കഖാൻ അബ്ബാസിയും പ്രധാനമന്ത്രി പദവി വഹിച്ചു. ഒടുവിൽ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി തരംഗം സൃഷ്ടിച്ച 2018ലെ പൊതുതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയാണ് ഇംറാൻ ഖാൻ അധികാരമേറ്റത്. അടുത്ത വർഷം ഭരണകാലാവധി അവസാനിക്കാനിരിക്കെയാണ് പാക് ചരിത്രം തിരുത്തിയെഴുതാനാകാതെ ഇംറാൻ ഖാനും അവിശ്വാസ പ്രമേയം നേരിടേണ്ടിവന്നത്. ഇന്ന് ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെ മൂന്നു മാസത്തിനകം വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതോടെ ഇംറാൻ ഖാനും കാലാവധി പൂർത്തിയാക്കാനാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

Summary: No PM in Pakistan ever completed full term in office; all you need to know

TAGS :

Next Story