ഇറ്റലിയില്‍ കുടിയേറ്റക്കാരുമായി പോയ ബോട്ട് തകര്‍ന്നു; മരിച്ചവരില്‍ പാക് ഹോക്കി താരവും
27കാരിയായ ഷാഹിദ റാസയാണ് മരിച്ചത്

ഷാഹിദ റാസ
റോം: കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറ്റലിയിലുണ്ടായ ദാരുണമായ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പാകിസ്താന്‍ മുന്‍ ഹോക്കി താരവും. 27കാരിയായ ഷാഹിദ റാസയാണ് മരിച്ചത്. കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് തകര്‍ന്നത്.
ചിന്തു എന്നു വിളിപ്പേരുള്ള റാസ അന്താരാഷ്ട്ര തലത്തിൽ പാകിസ്താനുവേണ്ടി ഹോക്കി കളിക്കുകയും ദേശീയ തലത്തില്‍ ഫുട്ബോൾ കളിക്കുകയും ചെയ്ത താരമാണ്. ബലൂചിസ്ഥാൻ യുണൈറ്റഡിന്‍റെ ഭാഗമായിരുന്നു. 2012ലെ ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍ കപ്പില്‍ പാകിസ്താനു വേണ്ടി കളിച്ച റാസ ടീമിന്‍റെ നെടുന്തൂണായിരുന്നു. ക്വറ്റ സ്വദേശിയായ റാസ വിവാഹമോചിതയാണെന്നും മകളെ വളര്‍ത്താന്‍ ബുദ്ധിമുട്ടുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഭാവി ജീവിതം മുന്നില്‍ കണ്ടാണ് യൂറോപ്പിലേക്ക് കുടിയേറാന്‍ തീരുമാനിച്ചത്. പാകിസ്താന്‍ ഹോക്കി ഫെഡറേഷൻ (പിഎച്ച്എഫ്) വൈസ് പ്രസിഡന്‍റ് ഷെഹ്‌ല റാസ, പിഎച്ച്എഫ് വനിതാ വിഭാഗം സെക്രട്ടറി തൻസില അമീർ ചീമ എന്നിവര്‍ റാസയുടെ മരണത്തില്‍ അനുശോചിച്ചു.
പാകിസ്താന്‍,അഫ്ഗാനിസ്ഥാന്‍,ഇറാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുമായി തുര്‍ക്കിയില്‍ നിന്നും പുറപ്പെട്ട കപ്പല്‍ കാലാബ്രിയയുടെ കിഴക്കന്‍ തീരത്തെ കടല്‍ത്തീര റിസോര്‍ട്ടായ സ്റ്റെക്കാറ്റോ ഡി ക്യൂട്രോയ്ക്ക് സമീപമാണ് തകര്‍ന്നത്. ഞായറാഴ്ച ഇറ്റലിയിലുണ്ടായ അപകടത്തിൽ 40 പാകിസ്താനികൾ ഉൾപ്പെടെ 200 കുടിയേറ്റക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. കൊടുങ്കാറ്റില്‍ പെട്ടാണ് പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയ ബോട്ട് മുങ്ങിയത്. 200 ഓളം കുടിയേറ്റക്കാരെ കടത്തിയതിന് രണ്ട് പാകിസ്താന്‍ പൗരന്മാരെയും ഒരു തുർക്കിക്കാരനെയും അറസ്റ്റ് ചെയ്തതായി പ്രാദേശിക പൊലീസ് അറിയിച്ചു. മോശം കാലാവസ്ഥയെ അവഗണിച്ചാണ് കപ്പല്‍ യാത്ര നടത്തിയതെന്ന് ലെഫ്റ്റനന്റ് കേണൽ ആൽബെർട്ടോ ലിപ്പോളിസ് പറഞ്ഞു.
Adjust Story Font
16

