Quantcast

ഫിലിപ്പീൻസിൽ വൻ ഭൂകമ്പം; 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസിലെ ഡാവോ ഓറിയന്‍റൽ പ്രവിശ്യയിലെ മനായ് പട്ടണത്തിന് ഏകദേശം 62 കിലോമീറ്റർ തെക്കുകിഴക്കായി കടലിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം

MediaOne Logo

Web Desk

  • Published:

    10 Oct 2025 10:38 AM IST

ഫിലിപ്പീൻസിൽ വൻ ഭൂകമ്പം; 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്
X

Photo| AFP

മനില: ഫിലിപ്പീൻസിൽ വൻ ഭൂകമ്പം. വെള്ളിയാഴ്ച രാവിലെയാണ് തെക്കൻ ഫിലിപ്പീൻസ് പ്രവിശ്യയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർചലനങ്ങൾ ഉണ്ടാകുമെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഫിലിപ്പീൻസിലെ ഡാവോ ഓറിയന്‍റൽ പ്രവിശ്യയിലെ മനായ് പട്ടണത്തിന് ഏകദേശം 62 കിലോമീറ്റർ തെക്കുകിഴക്കായി കടലിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. മധ്യ, തെക്കൻ ഫിലിപ്പീൻസിലെ തീരപ്രദേശങ്ങളിലെ താമസക്കാർ മുൻകരുതലായി ഉയർന്ന സ്ഥലത്തേക്കോ കൂടുതൽ ഉൾനാടുകളിലേക്കോ മാറണമെന്ന് ഫിവോൾക്‌സ് അഭ്യർത്ഥിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല.

ഭൂചലനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടാഗം സിറ്റി ദാവോ റീജിയണൽ മെഡിക്കൽ സെന്‍ററിൽ നിന്ന് ആളുകൾ പുറത്തേക്ക് ഓടുന്നതും രോഗികളും ജീവനക്കാരും പുറത്തേക്ക് ഓടുന്നതും, ചിലർ മരങ്ങളിൽ റോഡരികിൽ ഇരിക്കുന്നതും വീഡിയോകളിൽ കാണാം. മിൻഡാനാവോയിലെ ബുട്ടുവാൻ സിറ്റിയിൽ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് താമസക്കാര്‍ തെരുവിലൂടെ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിലർ തറയിൽ ഇരിക്കുന്നു, മറ്റുള്ളവർ പരിഭ്രാന്തരായി ഓടുന്നു. ക്യാമറയും പരിസരവും കുലുങ്ങുന്നതും കാണാം.

ഭൂകമ്പ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹവായിയിലെ ഹോണോലുലുവിലുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു . ഫിലിപ്പീൻസിലെ ചില തീരങ്ങളിൽ സാധാരണ വേലിയേറ്റത്തേക്കാൾ 3 മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇന്തോനേഷ്യയിലും പലാവുവിലും ചെറിയ തിരമാലകൾ ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു .

രാവിലെ 9.43 ന് ഉണ്ടായ ഭൂകമ്പത്തിന് ശേഷം ഡാവോ ഓറിയന്‍റൽ മുതൽ സമീപത്തുള്ള ആറ് തീരദേശ പ്രവിശ്യകളിൽ രണ്ട് മണിക്കൂർ വരെ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബെർണാഡോ റാഫേലിറ്റോ അലജാൻഡ്രോ നാലാമന്റെ ഓഫീസ് അറിയിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് മാറി ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാനോ കൂടുതൽ ഉൾനാടുകളിലേക്ക് മാറാനോ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

Next Story