Quantcast

പെഗാസസ് ഫോണ്‍ ചോർത്തല്‍; പത്തു പ്രധാനമന്ത്രിമാരും മൂന്നു പ്രസിഡന്‍റുമാരും പട്ടികയില്‍

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവരുടെ നമ്പറും പട്ടികയിലുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-07-21 02:09:34.0

Published:

21 July 2021 2:04 AM GMT

പെഗാസസ് ഫോണ്‍ ചോർത്തല്‍; പത്തു പ്രധാനമന്ത്രിമാരും മൂന്നു പ്രസിഡന്‍റുമാരും പട്ടികയില്‍
X

പെഗാസസ് ഫോണ്‍ ചോർത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരവധി ലോകനേതാക്കളുടെ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്നാണ് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്‍റുമാരുടെയും നമ്പറുകള്‍ നിരീക്ഷിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

14 ലോക നേതാക്കളുടെ ഫോൺ നമ്പരാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്റെ പട്ടികയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, എന്നിവരും ഉള്‍പ്പെടുന്നു.

മൊറോക്കന്‍ രാജാവിനെ രാജ്യം തന്നെ നിരീക്ഷിച്ചെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനത്തേയും നിരീക്ഷിക്കാന്‍ മൊറോക്കോ എന്‍.എസ്.ഒയ്ക്ക് നിർദേശം നല്‍കിയിരുന്നു. എന്നാല്‍ മാക്രോണിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോർത്താന്‍ സാധിച്ചോയെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ പുറത്തുവരൂ.

ഫ്രഞ്ച് മാധ്യമ സ്ഥാപനമായ ഫോര്‍ബിഡന്‍ സ്റ്റോറീസിന്റെ വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ ഇരുപതോളം മാധ്യമസ്ഥാപനങ്ങളും ഏജന്‍സികളും പെഗാസസിന്റെ ഫോണ്‍ ചോർത്തല്‍ കണ്ടെത്താനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കണ്ടെത്തലനുസരിച്ച് 50 രാജ്യങ്ങളിലായി അരലക്ഷത്തിലധികം പേരുടെ ഫോൺ നമ്പരുകൾ പെഗാസസ് ഡേറ്റബേസിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം, പെഗാസസ് ഫോണ്‍ചോർത്തിൽ കൂടുതൽ വിവരങ്ങൾ ഇന്നും പുറത്തു വന്നേക്കും. ഇന്ത്യയില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും ആർ.എസ്‍.എസ് നേതാക്കളും ഫോണ്‍ ചോർത്തലിന് വിധേയമായെങ്കില‍ും ഇവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ വ്യക്തതയുണ്ടാകുമെന്നാണ് വിവരം.

സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെ ഫോൺ ചോ൪ത്തിയിട്ടുണ്ടാകാമെന്ന സംശയം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍, ചോ൪ത്തൽ നടന്ന കാലയളവിൽ ജഡ്ജി തന്നെയാണോ ഈ നമ്പ൪ ഉപയോഗിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് വാ൪ത്ത പുറത്തുവിട്ട മാധ്യമങ്ങൾ. ഇക്കാര്യത്തിൽ സ്ഥിരീകരണമാകുന്നതോടെ ജ്ഡജിയുടെ പേരും പുറത്തുവരും.

രണ്ട് കേന്ദ്ര മന്ത്രിമാ൪ക്ക് പുറമെ വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയുടെ പേരും നേരത്തെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയായ വസുന്ധര രാജ സിന്ധ്യയുടെ പേഴ്സണൽ സെക്രട്ടറി, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസ൪ എന്നിവരും ലിസ്റ്റിലുണ്ടായിരുന്നു. കൂടുതൽ ബി.ജെ.പി ആ൪എസ്എസ് നേതാക്കളുടെ പേരുകൾ കൂടി പുറത്തുവരുന്നതോടെ പാ൪ട്ടിയിൽ ആഭ്യന്തര ത൪ക്കം മൂ൪ച്ഛിക്കാനും ഇടവരുമെന്നാണ് സൂചന.

TAGS :

Next Story