ലോകത്ത് ഓരോ വർഷവും പാഴാക്കുന്നത് ഒരു ബില്യൺ ടൺ ഭക്ഷണം: റിപ്പോർട്ട്
ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും പാഴായിപ്പോകുന്നു

ന്യൂയോര്‍ക്ക്: ഭക്ഷണം പാഴാക്കരുത് എന്ന് കേട്ടുവളർന്നവരാണ് നമ്മളെല്ലാവരും. മുതിർന്നവരിൽ നിന്നും അധ്യാപകരിൽ നിന്നും ഒരിക്കലെങ്കിലും ഇത് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. ഭക്ഷണം പാഴാക്കുന്നത് ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്തവരോട് ചെയ്യുന്ന ക്രൂരതയാണ്. അതിന് പുറമെ ഇതിലൂടെ പാഴാവുന്നത്. പ്രകൃതി വിഭവങ്ങളാണ് .
എന്നാൽ ലോകത്ത് ഓരോ വർഷവും ഒരു ബില്യൺ ടൺ ഭക്ഷണം പാഴാക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതായത്, ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും പാഴായിപ്പോകുന്നു എന്നാണ് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി) പുറത്തിറക്കിയ 'ഫുഡ് വേസ്റ്റ് ഇൻഡക്‌സ് റിപ്പോർട്ട് 2021' പറയുന്നത്.
മനുഷ്യനുമായി ബന്ധപ്പെട്ട ഹരിതഗൃഹ വാതകത്തിന്റെ മൂന്നിലൊന്ന് വരെ വൻതോതിലുള്ള ഭക്ഷ്യ പാഴാക്കലുകളാണെന്ന് റിപ്പോർട്ട് പറയുന്നു. അതുമാത്രമല്ല, 86 ശതമാനം സസ്യജന്തുജാലങ്ങളും വംശനാശഭീഷണി നേരിടുന്നതിനാൽ കൃഷിയും ഭീഷണിയിലാണ്. ഭക്ഷണം വൻതോതിൽ പാഴായിപ്പോകുന്നത് ലോകമെമ്പാടും വലിയ ഭക്ഷ്യക്ഷാമത്തിനും കാരണമാകുന്നു. ഗാർഹിക ഭക്ഷണ പാഴ്വസ്തുക്കള്‍ വര്‍ധിക്കുന്നതും ആഗോള വെല്ലുവിളിയായി മാറിയിട്ടുണ്ട്.
2014 മുതൽ പട്ടിണി ബാധിച്ചവരുടെ എണ്ണം സാവധാനത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം പാഴാക്കാതിരിക്കാനുള്ള ചില മാർഗങ്ങളും യുഎൻഇപി മുന്നോട്ട് വെക്കുന്നുണ്ട്.
- ഒരാഴ്ച തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഷെഡ്യൂളുണ്ടാക്കുക. ഇതനുസരിച്ച് ഭക്ഷണം പാകം ചെയ്യുക.
- ഷോപ്പിങിന് പോകുമ്പോൾ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ആദ്യമേ തയ്യാറാക്കുക.വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ വാങ്ങിച്ചുകൂട്ടുന്ന ശീലം ഒഴിവാക്കണം.
- വീട്ടിലും പരിസരത്തും കഴിയുന്നത്ര പച്ചക്കറികളും പഴങ്ങളും നട്ടുപിടിപ്പിക്കുക. സ്ഥലപരിമിതി മനസിലാക്കി പരമാവധി പച്ചക്കറിത്തോട്ടം വളർത്തിയെടുക്കുക. അതുവഴി ശുദ്ധമായ പച്ചക്കറികളും പഴങ്ങളും നിങ്ങൾക്ക് കഴിക്കാം.
- അരിയായാലും പാസ്തയായാലും കൃത്യമായി അളന്നെടുത്ത് മാത്രം പാകം ചെയ്യുക. ആവശ്യത്തിന് മാത്രം പച്ചക്കറികള്‍ മാത്രം ഉപയോഗിക്കുക.
- ഭക്ഷണാവശിഷ്ടങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കാം.
Adjust Story Font
16

