Quantcast

പെട്രോൾ ലിറ്ററിന്​ 50 ​രൂപയായി; എവിടെയാണെന്നല്ലേ!

ഒന്നര രൂപക്ക്​ ഒരു ലിറ്റർ ​പെട്രോൾ ലഭിക്കുന്ന രാജ്യവും ലോകത്തുണ്ട്

MediaOne Logo

Web Desk

  • Published:

    24 Jun 2021 4:25 PM GMT

പെട്രോൾ ലിറ്ററിന്​ 50 ​രൂപയായി; എവിടെയാണെന്നല്ലേ!
X

''പെട്രോളിനും ഡീസലിനും 50 രൂപയായി കുറയും''. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ മുമ്പ്​ പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. എവിടെയാണ് എന്നല്ലേ. പാക്കിസ്താനിലാണ്. 52.12 ഇന്ത്യൻ രൂപയാണ്​ പാകിസ്​താനിൽ ജൂൺ 21ലെ പെട്രോൾ വില. ഡീസലിന്​ 52.99 രൂപയും. ഇന്ത്യയിൽ കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിൽ ഇന്ന്​ പെട്രോൾ വില 100 കടന്നു. ഈ സാഹചര്യത്തിലാണ്​​, ഇന്ത്യയേക്കാൾ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന നമ്മുടെ അയൽരാജ്യം നേർ പകുതി വിലയ്​ക്ക്​ പെട്രോളും ഡീസലും വിൽക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണയാണ് എണ്ണകമ്പനികൾ വില വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് വില ഉയർത്തുന്നത് തൽക്കാലം നിർത്തിയെങ്കിലും ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മേയ് നാലിനാണ് എണ്ണവില വീണ്ടും വർധിക്കാൻ തുടങ്ങിയത്.

ഒന്നര രൂപക്ക്​ ഒരു ലിറ്റർ ​പെട്രോൾ ലഭിക്കുന്ന രാജ്യവും ലോകത്തുണ്ട്

വെറും ഒന്നര രൂപക്ക്​ ഒരു ലിറ്റർ പെട്രോൾ ലഭിക്കുന്ന രാജ്യവും ഈ ലോകത്തുണ്ട്​. വെനസ്വേലയിലാണ്​ ഈ അതിശയ വില. വെറും 1.47 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് അവിടെ ഈടാക്കുന്നത്​. അതായത്​, നമ്മൾ ഇന്ത്യക്കാർ ഒരു ലിറ്റർ പെട്രോൾ അടിക്കുന്ന പണമുപയോഗിച്ച്​ വെനസ്വേലയിൽ 68 ലിറ്റർ പെട്രോളടിക്കാം.

ലോകത്തെ മുൻനിര എണ്ണ ഉൽപാദക രാജ്യങ്ങളിൽ ഒന്നായ വെനസ്വേലയിൽ പക്ഷേ, ഇപ്പോൾ ഉൽപാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്​. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അസംസ്കൃത എണ്ണ ഉൽപാദനം ഇപ്പോൾ 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രതിദിനം 1.41 ദശലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിച്ച ഇവിടെ മേയിൽ ശരാശരി 1.36 ദശലക്ഷം ബാരൽ ആയി കുറഞ്ഞു.

ഇറാനാണ്​ എണ്ണ വില വളരെ കുറവുള്ള മറ്റൊരു രാജ്യം. 4.81 രൂപയാണ്​ ലിറ്ററിന്​ വില. അംഗോള, അള്‍ജീരിയ, കുവൈത്ത് എന്നിവിടങ്ങളിൽ 30 രൂപയിൽ താഴെയാണ്​ വില. അഫ്​ഗാനിസ്​ഥാൻ (49.04 രൂപ) ഉൾപ്പെടെ 25 രാജ്യങ്ങളിൽ ലിറ്ററിന്​ 50 രൂപയിൽ താഴെയാണ്​ പെട്രോൾ വില.

ശ്രീലങ്കയിൽ 68; ബംഗ്ലാദേശിൽ 76. ഹോ​ങ്കോങ്​ ഒഴികെ ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിൽ വെച്ച്​ ഏറ്റവും കൂടിയ നിരക്ക്​ ഇന്ത്യയിലാണ്​. ഹോ​ങ്കോങിൽ ലിറ്ററിന്​ 185 രൂപയാണ് വില. 109 രാഷ്​ട്രങ്ങളിൽ ഇന്ത്യയേക്കാൾ കുറവാണ്​ പെട്രോൾ വില.

മറ്റുരാജ്യങ്ങളിലെ വില:

  • പാകിസ്താന്‍- 52.122
  • ശ്രീലങ്ക-68.63
  • ബംഗ്ലാദേശ്-77.92
  • നേപ്പാള്‍-77.19
  • ഭൂട്ടാൻ -68.44
  • യു.എസ്​ -66.94
  • അർജന്‍റീന -75.02
  • ചൈന -85.11
  • ജപ്പാൻ -101.82
TAGS :

Next Story