Quantcast

മലേഷ്യയിൽ ഹൈവേയിലേക്ക് വിമാനം ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ചു; 10 മരണം

ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് ഹൈവേയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-18 14:50:03.0

Published:

18 Aug 2023 12:15 PM GMT

Plane Crashed On Malaysia Highway
X

ക്വാലാലംപൂർ: മലേഷ്യയിൽ ഹൈവേയിലേക്ക് വിമാനം ഇടിച്ചിറങ്ങി 10 മരണം. ഹൈവേയിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും വിമാനത്തിലെ എട്ടു പേരുമാണ് മരിച്ചത്. ലാംഗ്കാവിയിൽ നിന്ന് സുൽത്താൻ അബ്ദുൾ അസീസ് ഷാ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു വിമാനം.

ക്വാലാലംപൂരിലെ എൽമിന ടൗൺഷിപ്പിന് സമീപം വ്യാഴാഴ്ചയാണ് വിമാനം തകർന്നു വീണത്. പൈലറ്റും ജീവനക്കാരനുമുൾപ്പടെ ബീച്ച്ക്രാഫ്റ്റ് മോഡൽ 390 എന്ന വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് ഹൈവേയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനം തീഗോളമായി മാറുന്നതും ഹൈവേയിലുണ്ടായിരുന്ന വാഹനങ്ങൾ തീയ്ക്കുള്ളിൽ പെടുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന കാർ,ബൈക്ക് യാത്രികരാണ് മരിച്ച മറ്റു രണ്ടു പേർ. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരു പ്രാദേശികനേതാവും ഉൾപ്പെടുന്നതായാണ് വിവരം. അപകടത്തിനെ കുറിച്ച് പൈലറ്റിൽ നിന്ന് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് മലേഷ്യൻ സിവിൽ എവിയേഷൻ അതോറിറ്റി ചീഫ് നോറസ്മാൻ മഹ്‌മൂദ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ വിമാനം നിയന്ത്രണം വിട്ടു പറക്കുന്നതായി കണ്ടിരുന്നുവെന്നും പിന്നീട് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതാണ് കണ്ടതെന്നും മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാഷിമിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

TAGS :

Next Story