പോപ്പ് ഗായിക കൊക്കോ ലീ അന്തരിച്ചു
പോപ്പ് ഗായിക എന്ന നിലയില്‍ 30-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് കൊക്കോ ലീ ജീവിതം അവസാനിപ്പിച്ചത്.

ജീവനൊടുക്കാന്‍ ശ്രമിച്ച അമേരിക്കൻ പോപ്പ് ഗായിക കൊക്കോ ലീ ചികിത്സയിലിരിക്കെ അന്തരിച്ചു. ലീക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്ന് സഹോദരി കരോള്‍ ലീ പറഞ്ഞു. 48കാരിയായ കൊക്കോ ലീ ആശുപത്രിയില്‍ വെച്ച് കോമയിലായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ലീയുടെ സഹോദരി അറിയിച്ചു.
1975 ജനുവരി 17ന് ഹോങ്കോങ്ങിലാണ് കൊക്കോ ലീ ജനിച്ചത്. ഹോങ്കോങ്ങിൽ ജനിച്ച ലീ വളർന്നത് സാൻഫ്രാൻസിസ്കോയിലാണ്. വേറിട്ട ശബ്ദത്തിലൂടെയും ഗാനങ്ങളിലൂടെയും 90കളില്‍ പ്രശസ്തയായി. കന്‍റോണീസ്, മാന്‍ഡരിന്‍, ഇംഗ്ലീഷ് ഭാഷകളിലെ ഗാനങ്ങളിലൂടെ ഹോങ്കോങ്ങിലും ചൈനയിലും തായ്‌വാനിലും സിംഗപ്പൂരിലും മലേഷ്യയിലുമെല്ലാം ആരാധകരുണ്ടായി. പാശ്ചാത്യ സംഗീതത്തെ ഹിപ് ഹോപ്പുമായി കോർത്തിണക്കിയ കൊക്കോ ലീ വളരെ വേഗം ആഗോളതലത്തിൽ പ്രശസ്തയായി.
1999ൽ ലീ തന്റെ ആദ്യത്തെ സമ്പൂർണ ഇംഗ്ലീഷ് ആൽബമായ ജസ്റ്റ് നോ അദർ വേ അവതരിപ്പിച്ചു. 2001ല്‍ ഓസ്കര്‍ അവാര്‍ഡ് ദാന വേദിയില്‍ ഗാനം അവതരിപ്പിച്ചു. ഗായികയെന്ന നിലയില്‍ മാത്രമല്ല ഗാനരചയിതാവ്, നർത്തകി, നടി എന്നി നിലകളിലും പ്രശസ്തയായിരുന്നു കൊക്കോ ലീ.
സ്നേഹം എന്നും വിശ്വാസം എന്നും ടാറ്റൂ ചെയ്ത ചിത്രമാണ് ലീ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്- "അവിശ്വസനീയമാംവിധം ദുഷ്‌കരമായ ഈ വർഷം കടന്നുപോകാൻ എനിക്ക് അത്യധികം ആവശ്യമായിരുന്ന, ഞാന്‍ ഹൃദയത്തിലേന്തുന്ന രണ്ട് പ്രിയപ്പെട്ട വാക്കുകൾ". പോപ്പ് ഗായിക എന്ന നിലയില്‍ 30-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് കൊക്കോ ലീ ജീവിതം അവസാനിപ്പിച്ചത്.
Adjust Story Font
16

