Quantcast

'ആർ.എസ്.എസ്സിനെ അമേരിക്കയിൽനിന്ന് പുറത്താക്കണം'; കാലിഫോർണിയയിൽ വൻ പ്രതിഷേധം

യു.എസിൽ ആർ.എസ്.എസ്സും എച്ച്.എസ്.എസ്സും നടത്തുന്ന പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് പ്രതിഷേധക്കാർ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-07-22 16:40:30.0

Published:

21 July 2022 1:08 PM GMT

ആർ.എസ്.എസ്സിനെ അമേരിക്കയിൽനിന്ന് പുറത്താക്കണം; കാലിഫോർണിയയിൽ വൻ പ്രതിഷേധം
X

കാലിഫോർണിയ: ആർ.എസ്.എസ്സിന്റെ അന്താരാഷ്ട്ര ഘടകമായ ഹിന്ദു സ്വയംസേവക് സംഘി(എച്ച്.എസ്.എസ്)നെതിരെ അമേരിക്കയിൽ വൻ പ്രതിഷേധം. ആർ.എസ്.എസ്സിനെ അമേരിക്കയിൽനിന്ന് പുറത്താക്കുക, ആർ.എസ്.എസ്സിനെയും എച്ച്.എസ്.എസ്സിനെയും ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് നൂറോളം പേർ പങ്കെടുത്ത പ്രതിഷേധം നടന്നത്.

കാലിഫോർണിയയിലെ മാന്റീക്കയിലെ നഗരസഭാ കൗൺസിൽ യോഗത്തോടനുബന്ധിച്ചായിരുന്നു പ്രതിഷേധം. അടുത്തിടെ നഗരസഭാ കൗൺസിൽ യോഗത്തിൽ എച്ച്.എസ്.എസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രമേയമിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരടക്കം രംഗത്തെത്തിയത്. അമേരിക്കയിൽ ആർ.എസ്.എസ്സും എച്ച്.എസ്.എസ്സും നടത്തുന്ന പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും ഭരണകൂടത്തോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നാട്ടുകാർക്കൊപ്പം സിഖ് വംശജരടക്കം നിരവധി ഇന്ത്യക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു. എഴുത്തുകാരനും അധ്യാപകനുമായ പീറ്റര്‍ ഫ്രഡറിക് ആണ് പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ടത്.

യു.എസിലെ ആർ.എസ്.എസ്

അമേരിക്കയിൽ ഹിന്ദുത്വ പ്രചാരണത്തിനായി മോദി സർക്കാരും ആർ.എസ്.എസ് അനുബന്ധ സംഘടനകളും നടത്തുന്ന ആസൂത്രിത നീക്കങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മാസങ്ങൾക്കുമുൻപ് ഒരു ഗവേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എച്ച്.എസ്.എസ് അടക്കമുള്ള വിവിധ ആർ.എസ്.എസ് അനുബന്ധ ചാരിറ്റബിൾ സംഘങ്ങളുടെ നേതൃത്വത്തിൽ അമേരിക്കയിൽ ഹിന്ദുത്വ പ്രചാരണത്തിനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആയിരത്തിലേറെ കോടികളാണ് ചെലവഴിച്ചിട്ടുള്ളത്. അമേരിക്കയുടെ വിദേശനയത്തെ സ്വാധീനിക്കാനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കോടികൾ ചെലവിട്ടതായും റിപ്പോർട്ടുണ്ട്.

Hindu Nationalist Influence in the United States എന്ന പേരിൽ ഗവേഷകയായ ജസ മാച്ചറാണ് അമേരിക്കയിലെ ഹിന്ദുത്വ സ്വാധീനത്തെയും പ്രചാരത്തെയും കുറിച്ചുള്ള വിശദമായ പഠനം തയാറാക്കിയത്. അമേരിക്കയിലടക്കം ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനായി 1,231.6 കോടി രൂപയാണ് 2001-2019 കാലയളവിൽ വിവിധ സംഘ്പരിവാർ അനുബന്ധ ചാരിറ്റബിൾ സംഘങ്ങൾ ചെലവിട്ടത്. ഈ തുകയുടെ വലിയൊരു ശതമാനം ഇന്ത്യയിലെ സംഘ്പരിവാർ സംഘടനകൾക്ക് ലഭിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആർ.എസ്.എസിന്റെ അന്താരാഷ്ട്ര ഘടകമായ ഹിന്ദു സ്വയംസേവക് സംഘിന് യു.എസിൽ 32 സംസ്ഥാനങ്ങളിലും 166 നഗരങ്ങളിലുമായി 222 ശാഖകളുണ്ട്. ഈ ശാഖകളെല്ലാം സജീവമായ പ്രവർത്തനമാണ് അമേരിക്കയിൽ നടത്തുന്നത്.

യു.എസിലെ ആഭ്യന്തര, വിദേശനയങ്ങളെ സ്വാധീനിക്കാൻ ലോബിയിങ്ങിനായി വിവിധ സംഘങ്ങളാണ് നരേന്ദ്ര മോദി സർക്കാരിനു വേണ്ടി അമേരിക്കയിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഓരോ സംഘത്തിനുമായി 11 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് മോദി സർക്കാർ നൽകിയത്. 2017-2020 കാലയളവിലെ മാത്രം കണക്കാണിത്. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ(എച്ച്.എ.എഫ്), ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് അമേരിക്കൻ ഡയസ്പോറ സ്റ്റഡീസ്(എഫ്.ഐ.ഐ.ഡി.എസ്) എന്നിവയാണ് ലോബിയിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിനു വേണ്ട ധനസഹായം എത്തിക്കുന്നത് ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(എച്ച്.എ.പി.എ.സി)യും.

Summary: Protest against RSS and its international wing HSS at City of Manteca, in California, US

TAGS :

Next Story