Quantcast

ലോസ് ആഞ്ചല്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള റെയ്ഡിനെതിരെ പ്രതിഷേധം ശക്തം; പ്രതിഷേധക്കാരെ തകര്‍ക്കുമെന്ന് ട്രംപ്

പ്രതിഷേധക്കാരെ നേരിടാന്‍ രണ്ടായിരം നാഷണല്‍ ഗാര്‍ഡുകളെയാണ് ട്രംപ് വിന്യസിക്കുക

MediaOne Logo

Web Desk

  • Updated:

    2025-06-08 05:39:04.0

Published:

8 Jun 2025 11:01 AM IST

ലോസ് ആഞ്ചല്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള റെയ്ഡിനെതിരെ  പ്രതിഷേധം ശക്തം; പ്രതിഷേധക്കാരെ തകര്‍ക്കുമെന്ന് ട്രംപ്
X

ലോസ് ആഞ്ചല്‍സ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപ് ഭരണക്കൂടത്തിന്റെ നീക്കത്തിനെതിരെ ലോസ് ആഞ്ചല്‍സില്‍ പ്രതിഷേധം ശക്തം. ജനക്കൂട്ടത്തെ നേരിടാന്‍ രണ്ടായിരം നാഷണല്‍ ഗാര്‍ഡുകളെയാണ് ട്രംപ് വിന്യസിക്കുക. അക്രമാസക്തമായ ഏറ്റുമുട്ടലുകളാണ് വെള്ളിയാഴ്ച നടന്നത്. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കാന്‍ ട്രംപ് തീരുമാനിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സെന്യം സ്ഥലത്തുണ്ടെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് ലോസ് ആഞ്ചല്‍സില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് ഉദ്യാഗസ്ഥരുടെ റെയ്ഡ് നടന്നത്. നിരവധിയാളുകളെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്. ഇതിനെതിരെയാണ് വ്യാപകമായ പ്രതിഷേധമുണ്ടായത്. കുടിയേറ്റക്കാരെ നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഇമിഗ്രേഷന്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമാണ് നടക്കുന്നത്.

ശനിയാഴ്ച ഫെഡറല്‍ ഏജന്റുമാരും പ്രധിഷേധക്കാരും വീണ്ടും ഏറ്റുമുട്ടി. റെയ്ഡിന് എതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം നാള്‍ മാത്രം ഡസന്‍ കണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ലോസ് ആഞ്ചല്‍സ് നഗരത്തിലെ പാരമൗണ്ടിലാണ് പുതിയ ഏറ്റുമുട്ടല്‍ നടന്നത്. മുദ്രവാക്യവും പതാകകളുമായി പ്രതിഷേധക്കാര്‍ തടിച്ചുകൂടിയപ്പോള്‍ കണ്ണീര്‍വാതകവും ഫ്‌ളാഷ്ബാംഗുകളും പൊലീസ് പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ ബോളിവാര്‍ഡിന്റെ ഒരു ഭാഗം അടച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ മാസ്‌ക്കുകൊണ്ട് മുഖം മറച്ചാണ് റെയ്ഡിനെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്.

ട്രംപിന്റെ ഈ നീക്കം ഉദ്ദേശ്യപൂര്‍വ്വമുള്ള പ്രകോപനമാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം വ്യക്തമാക്കി. അദ്ദേഹത്തിനുള്ള മറുപടി സോഷ്യല്‍ പ്ലാറ്റ് ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് നല്‍കിയത്. ''ഗവര്‍ണര്‍ ഗവിന്‍സ് ന്യൂസോം, മേയര്‍ കാരെന്‍ ബാസ് തുടങ്ങിയവര്‍ അവരുടെ ജോലികള്‍ ചെയ്യുക. അവരെ കൊണ്ട് സാധിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കും. കലാപങ്ങളും കൊള്ളകളും അത് പരിഹരിക്കേണ്ട രീതിയില്‍ പരിഹരിക്കും,'' എന്നാണ് ട്രംപ് മറുപടി നല്‍കിയത്.

വെള്ളിയാഴ്ച നടന്ന ഇമിഗ്രേഷന്‍ റെയ്ഡില്‍ 44 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിന് ശേഷമാണ് ആയിരത്തില്‍ അധികം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. വ്യാജരേഖകള്‍ ഉപയോഗിച്ച് തൊഴിലാളികളെ നിയമിക്കുന്നു എന്ന ആരോപണത്തിന്റെ പേരിലായിരുന്നു റെയ്ഡുകള്‍ നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിയാളുകളെയാണ് അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷയെക്കാള്‍ 'തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിനാണ് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നത്' എന്ന് ഗവര്‍ണര്‍ ന്യൂസോം കുറ്റപ്പെടുത്തി. ലോസ് ഏഞ്ചലസ് ഒരു കുടിയേറ്റ സൗഹൃദ നഗരമാണെന്ന് സിറ്റി കൗണ്‍സിലിലെ 15 അംഗങ്ങളും സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. എന്നാല്‍, ഫെഡറല്‍ അധികൃതര്‍ ഈ റെയ്ഡുകള്‍ നിയമപരവും അത്യാവശ്യവുമാണെന്ന് വാദിച്ചു. കുടിയേറ്റ നിയമം നടപ്പാക്കുന്നതില്‍ ഫെഡറല്‍ ഗവണ്‍മെന്റിനാണ് കൂടുതല്‍ അധികാരമെന്ന് സ്റ്റീഫന്‍ മില്ലര്‍ മേയര്‍ ബാസിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

TAGS :

Next Story