അഭിമാന നേട്ടം; യുകെയിൽ ആരോഗ്യരംഗത്തെ സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ആദ്യ 50 ൽ ഇടം പിടിച്ച് മലയാളി
അലയൻസ് ഓഫ് സീനിയർ കേരള നഴ്സസിന്റെ സ്ഥാപകൻ സാജൻ സത്യനാണ് പട്ടികയിൽ ഇടം പിടിച്ചത്


ലണ്ടൻ: യുകെയിലെ ആരോഗ്യമേഖലയിലെ സ്വാധീനമുള്ള അമ്പത് വ്യക്തിത്വങ്ങളുടെ പട്ടികയിൽ ആദ്യമായി ഇടം പിടിച്ച് മലയാളി. അലയൻസ് ഓഫ് സീനിയർ കേരള നഴ്സസിന്റെ സ്ഥാപകനും ഐറിഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ഡെപ്യൂട്ടി ചീഫ് നഴ്സുമായ സാജൻ സത്യനാണ് പട്ടികയിൽ ഇടം പിടിച്ച മലയാളി.യുകെയിലേക്ക് പുതിയതായി എത്തുന്ന മലയാളി നഴ്‌സുമാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും നിലവിൽ യുകെയിൽ ജോലി ചെയ്യുന്നവർക്ക് പരസ്പരം ബന്ധപ്പെട്ട് തൊഴിൽമേഖലയിൽ മെച്ചപ്പെട്ട അവസരങ്ങൾ ഒരുക്കുന്നതിനുമായായാണ് വർക്കല സ്വദേശി സാജൻ സത്യന്റെ നേതൃത്വത്തിൽ അലയൻസ് ഓഫ് സീനിയർ കേരള നഴ്സസ് രൂപീകരിച്ചത്.
മലയാളികളായ നഴ്‌സുമാർക്ക് അവരുടെ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ പലരീതിയിലുള്ള വെല്ലുവിളികൾ ഉണ്ടാവാറുണ്ട്.അത്തരം സാഹചര്യങ്ങളിൽ അവർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സാജൻ സത്യന്റെ നേതൃത്വത്തിലുള്ള അലയൻസ് ഓഫ് സീനിയർ കേരള നഴ്സസ് പ്രവർത്തിക്കുന്നത്.2009 ലാണ് സാജൻ സത്യൻ യുകെയിലെ നാഷ്ണൽ ഹെൽത്ത് സർവീസിൽ ചാർജ് നഴ്‌സായി ജോലിയിൽ പ്രവേശിക്കുന്നത്. ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് ട്രസ്റ്റിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നതിന് മുമ്പ് ലീഡ് അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായിരുന്നു.
2023 ലാണ് ഐറിഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ഡെപ്യൂട്ടി ചീഫ് നഴ്സായി ചുമതലയേൽക്കുന്നത്. കേരളത്തിൽ നിന്ന് നഴ്‌സിങ് ബിരുദം പൂർത്തിയാക്കിയ സാജൻ സത്യൻ. ഇംഗ്ലണ്ടിൽ എത്തിയ ശേഷമാണ് നഴ്‌സിങ്ങിൽ എംഎസ്സി പൂർത്തിയാക്കുന്നത്.
Adjust Story Font
16
