റാഗ്നറോക്ക്; വൈകിങ്സിനെ പേടിപ്പെടുത്തുന്ന രക്തചന്ദ്രൻ
സാധാരണയായി തവിട്ട് നിറത്തിലും, ഇളം മഞ്ഞ നിറത്തിലും കാണപ്പെടുന്ന ചന്ദ്രൻ, ചുവന്ന് തുടുക്കുന്ന അപൂർവ പ്രതിഭാസമാണ് രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ.

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസമാണ് മിഡിൽ ഈസ്റ്റിന്റെ ആകാശത്ത് രക്തചന്ദ്രൻ രൂപപ്പെട്ടത്. സാധാരണയായി തവിട്ട് നിറത്തിലും, ഇളം മഞ്ഞ നിറത്തിലും കാണപ്പെടുന്ന ചന്ദ്രൻ, ചുവന്ന് തുടുക്കുന്ന അപൂർവ പ്രതിഭാസമാണ് രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ.
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി വരികയും, സൂര്യ കിരണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് ചന്ദ്രനിൽ എത്തുമ്പോൾ സൂര്യ കിരണങ്ങൾ ചിതറിപ്പോകുകയും, നീല നിറം ഇല്ലാതാവുകയും കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിവുള്ള ചുവന്ന കിരണങ്ങൾ മാത്രം ചന്ദ്രനില്‍ എത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് രക്തചന്ദ്രൻ.
രക്തചന്ദ്രനുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രം അറിയാത്തവർ കുറവായിരിക്കും. സ്കാറ്ററിങ് എന്ന ഫിസിക്സിലെ ഏറ്റവും അടിസ്ഥാന പ്രതിഭാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണത്. എന്നാൽ രക്ത ചന്ദ്രനുമായി കൂട്ടികെട്ടി പ്രചരിച്ച വിശ്വാസങ്ങൾ എണ്ണമില്ലാത്തവയാണ്. നിരവധി സംസ്കാരങ്ങളിലും, സമൂഹങ്ങളിലും, മതങ്ങളിലും ഇത് കാണാൻ സാധിക്കും. ഇത്തരം വിശ്വാസങ്ങളിൽ, ആരാധകരേറെയാണ്.
"അയൺവുഡിലേക്ക് തിളങ്ങുന്ന ദൈവത്തെ പിന്തുടരുന്ന ചെന്നായയാണ് സ്കോൾ, മറ്റൊരാൾ ഹ്രോദ്വിറ്റ്‌നീറിന്റെ മകൻ ഹാതി, ആകാശത്തിലെ ശോഭയുള്ള വധുവിനെ പിന്തുടരുന്നു." എഡ്ഡ എന്ന നോഴ്സ് കവിതയിലെ വരിയാണിത്. ഈ വരികളിൽ നിന്ന് തന്നെ മനസ്സിലാകും നോഴ്സ് ഐതിഹ്യങ്ങളിൽ രക്ത ചന്ദ്രന്റെ സ്ഥാനം എന്താണെന്ന്.
നോഴ്സ് ഐതിഹ്യത്തിൽ സ്കോൾ, ഹാതി എന്ന പേരുള്ള രണ്ട് ചെന്നായകൾ ഉണ്ടായിരുന്നു. സ്കോൾ എന്നാൽ ചതി, വിശ്വാസവഞ്ചന എന്നും, ഹാതി എന്നാൽ വെറുപ്പ് എന്നുമാണ് അർത്ഥം വരുന്നത്. ഈ രണ്ട് ചെന്നായകളും അവരുടെ ജീവിതകാലം മുഴുവൻ സൂര്യ ദേവതയേയും, ചന്ദ്ര ദേവതയേയും പിടികൂടാനായി ഓടികൊണ്ടിരിക്കുകയാണ്. സ്കോളും ഹാതിയും അവരുടെ ഇരകളായ സൂര്യനേയും ചന്ദ്രനേയും പിടികൂടുന്നതിനായി അതിന്റെ അടുത്തേക്ക് എത്തിചേരുന്ന സമയത്താണ് ഗ്രഹണം സംഭവിക്കുക.
ചെന്നായകൾ സൂര്യനേയും ചന്ദ്രനേയും പിടികൂടി വിഴുങ്ങി കളയുന്നതോടെ ലോകം കനത്ത ഇരുട്ടിലാവുകയും സ്കോളും ഹാതിയും വിജയിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. അങ്ങനെ പിടികൂടുന്നതോടെ ലോകം അവസാനിക്കും, അങ്ങനെ അവസാനിക്കുന്നതിനെ റാഗ്നറോക്ക് എന്നാണ് നോഴ്സ് ഐതിഹ്യത്തിൽ അറിയപ്പെടുന്നത്. മറ്റ് ഐതിഹ്യങ്ങളെ പോലെ രക്തചന്ദ്രൻ ഒരു താത്കാലിക ഭയമല്ല. അത് ലോകാവസാനം എന്ന അനിവാര്യതയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. ഇഹലോകത്തിന്റെ നൈമിഷികതയും പരലോകം എന്ന അനിവാര്യതയുമാണ് നോഴ്സ് പുരാണങ്ങളിലെ രക്തചന്ദ്രൻ.
Adjust Story Font
16

