Quantcast

'വംശഹത്യയുടെ ഏറ്റവും നിന്ദ്യമായ രൂപം' - ഗസ്സയില്‍ വിതരണം ചെയ്ത ധാന്യപ്പൊടികളിൽ ലഹരി ഗുളികകൾ കലർത്തി നൽകിയതായി റിപ്പോർട്ട്

കഠിനമായ വേദനകൾക്ക് ഉപയോഗിക്കുന്ന സിന്തറ്റിക് വേദന സംഹാരിയായ ഓക്സികോഡോൺ ഗുളികകളാണ് ധാന്യപ്പൊടികളിൽ കലർത്തി നൽകിയതെന്ന് ഗസ്സയിലെ ഡോക്ടര്‍ ഖലീൽ മാസിൻ അബു നാദയുടെയും ഫാർമസിസ്റ്റ് ഒമർ ഹമാദിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    29 Jun 2025 1:06 PM IST

വംശഹത്യയുടെ ഏറ്റവും നിന്ദ്യമായ രൂപം - ഗസ്സയില്‍ വിതരണം ചെയ്ത ധാന്യപ്പൊടികളിൽ ലഹരി ഗുളികകൾ കലർത്തി നൽകിയതായി റിപ്പോർട്ട്
X

ഗസ്സ: ഗസ്സയിൽ യുദ്ധം രൂക്ഷമായി ബാധിച്ചവർക്കും പട്ടിണി നേരിടുന്നവരുമായ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന മാവുകളിൽ മനപൂർവ്വം മയക്കുമരുന്ന് ഗുളികകൾ കലർത്തി നൽകിയതായി ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പ്രസ്താവനയിൽ പറയുന്നു. കഠിനമായ വേദനകൾക്ക് ഉപയോഗിക്കുന്ന സിന്തറ്റിക് വേദനസംഹാരിയായ ഓക്സികോഡോൺ ഗുളികകളാണ് ധാന്യപ്പൊടികളിൽ കലർത്തി നൽകിയതെന്ന് ഗസ്സയിലെ ഡോക്ടര്‍ ഖലീൽ മാസിൻ അബു നാദയുടെയും ഫാർമസിസ്റ്റ് ഒമർ ഹമാദിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു. ക്യാൻസർ രോഗികളിൽ കടുത്ത വേദനയുണ്ടാകുമ്പോഴോ ശസ്ത്രക്രിയകൾക്ക് ശേഷമോ നൽകുന്ന മരുന്നാണിത്. വളരെ ആസക്തി ഉളവാക്കുന്നതും ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുന്നതുമാണ് ഓക്സികോഡോൺ ഗുളികകൾ.

'ക്യാൻസർ രോഗികൾക്ക് കൊടുക്കുന്ന ഈ ഗുളിക നാഡീവ്യവസ്ഥയിലെ റിസപ്റ്ററുകളിൽ പ്രവർത്തിക്കുകയും കഠിനമായ ആസക്തി, ഹൃദയമിടിപ്പ് കുറയൽ, ബോധത്തെ തകരാറിലാക്കൽ, അപകടകരമായ ശ്വസന പ്രശ്നം എന്നിവക്ക് കാരണമാവുന്നു.' ഫാർമസിസ്റ്റ് ഒമർ ഹമാദ് തന്റെ എക്സ് പോസ്റ്റിൽ പറയുന്നു. 'വംശഹത്യയുടെ ഏറ്റവും നിന്ദ്യമായ രൂപം' എന്നാണ് ഒമർ ഇതിനെ വിശേഷിപ്പിച്ചത്. ഗസ്സയിലെ മയക്കുമരുന്ന് വിരുദ്ധ സമിതി ജനങ്ങളോട് ജാഗ്രത പാലിക്കാനും യുഎസ്-ഇസ്രായേൽ സഹായ കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന മരണക്കെണികളിൽ നിന്ന് വരുന്ന ഭക്ഷണ സാധനങ്ങൾ പരിശോധിക്കാനും എന്തെങ്കിലും വസ്തുക്കൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും അഭ്യർഥിച്ചു. ഗസ്സയിലെ സാധാരണക്കാരുടെ ആരോഗ്യത്തെയും സാമൂഹിക ഘടനയെയും ലക്ഷ്യം വച്ചുള്ള ഭയാനകമായ കുറ്റകൃത്യമാണ് മാവിൽ ആസക്തി ഉളവാക്കുന്ന വസ്തുക്കൾ കലർത്തിയതെന്ന് സ്റ്റേറ്റ് മീഡിയ പ്രസ്താവനയിൽ പറയുന്നു.

'അമേരിക്കൻ-ഇസ്രായേൽ സഹായ കേന്ദ്രങ്ങളുടെ മരണക്കെണികൾ എന്ന് ഇപ്പോൾ വിളിക്കാവുന്നവർ വിതരണം ചെയ്ത മാവ് ചാക്കുകളിൽ ഓക്സികോഡോൺ ഗുളികകൾ കണ്ടെത്തിയതായി നാല് സാക്ഷ്യപത്രങ്ങൾ ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.' സ്റ്റേറ്റ് മീഡിയ ഓഫീസ് പറഞ്ഞു. 'മയക്കുമരുന്ന് ഗുളികകൾ പൊടിച്ചതോ മാവിൽ തന്നെ ലയിപ്പിച്ചതോ ആയിരിക്കാമെന്നും ഇത് പൊതുജനാരോഗ്യത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും സാമൂഹിക ഘടനയെ ദുർബലപ്പെടുത്തുന്നുവെന്നും ആശങ്കയുണ്ട്. സഹായത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ കലർത്തി നൽകുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണ്, അത് യുദ്ധക്കുറ്റത്തിന് തുല്യമാണ്.' മീഡിയ ഓഫീസിൽ പ്രസ്താവനയിൽ പറയുന്നു.


Next Story