Quantcast

ഹോട്ടലില്‍ വിളമ്പിയത് അപകടകാരിയായ നീരാളിയെ; യുവാവിനെ മരണത്തില്‍ നിന്നും രക്ഷിച്ചത് ബ്ലോഗറുടെ ഇടപെടല്‍

വിഭവം ടേബിളില്‍ എത്തിയപ്പോള്‍ അസ്വഭാവികത തോന്നിയ ഇയാള്‍ ഭക്ഷണത്തിന്‍റെ ചിത്രം പകര്‍ത്തി ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    31 Jan 2023 5:17 AM GMT

Blue-ringed octopuses
X

നീല വളയങ്ങളുള്ള നീരാളി

ബെയ്ജിംഗ്: ചൈനയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് ബ്ലോഗറുടെ സമയോചിതമായ ഇടപെടല്‍ മൂലം. ഗുവാങ്‌ഡോംഗ് പ്രവിശ്യയിലാണ് സംഭവം. ഹോട്ടലില്‍ എത്തിയ യുവാവ് നീരാളി കൊണ്ടുള്ള വിഭവമാണ് ഓര്‍ഡര്‍ ചെയ്തത്. വിഭവം ടേബിളില്‍ എത്തിയപ്പോള്‍ അസ്വഭാവികത തോന്നിയ ഇയാള്‍ ഭക്ഷണത്തിന്‍റെ ചിത്രം പകര്‍ത്തി ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

നീരാളികളില്‍ ഒന്നില്‍ നീല നിറത്തിലുള്ള വളയങ്ങള്‍ കണ്ടതായിരുന്നു സംശയത്തിനു കാരണമായത്. "എനിക്ക് ഇത് കഴിക്കാമോ? ഞാൻ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. അൽപം പേടിയുണ്ട്." എന്ന അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തു. സയൻസ് ബ്ലോഗർ ബോ വു സാ ഴി ചിത്രം കാണുകയും നിമിഷങ്ങള്‍ക്കകം പ്രതികരിക്കുകയും ചെയ്തു. ''ഇത് നീല വളയമുള്ള നീരാളിയാണ്. വളരെയധികം വിഷാംശമുള്ളതാണിത്. ചൂടാക്കിയാല്‍ ഇതു നിര്‍വീര്യമാകില്ല'' എന്ന് മറുപടി നല്‍കി. "നീല-വളയമുള്ള നീരാളികൾ, അപൂർവ സന്ദർഭങ്ങളിൽ, മാർക്കറ്റുകളിൽ വിൽക്കുന്ന സാധാരണ നീരാളികളുമായി അബദ്ധത്തിൽ കലരുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ബ്ലോഗറുടെ മറുപടി കിട്ടിയ ഉടനെ ഈ വിഭവം തനിക്കു വേണ്ടെന്ന് പറഞ്ഞ് യുവാവ് മടക്കി നല്‍കി. ഷെൻഷെനിൽ നിന്നുള്ള ഒരാളും ഫ്യൂട്ടിയനിലെ ഒരു സാംസ് ക്ലബിൽ നീരാളി ഉൽപന്നങ്ങൾക്കൊപ്പം നീല വളയമുള്ള നീരാളിയെ ലഭിച്ചതായി അവകാശപ്പെട്ടുവെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.എന്നാൽ നഗരത്തിലെ എല്ലാ സൂപ്പർമാർക്കറ്റുകളും അവയുടെ വിതരണക്കാരും പരിശോധിച്ചതായും നീല വളയമുള്ള നീരാളിയെ കണ്ടെത്തിയില്ലെന്നും ഷെൻ‌ഷെൻ മാർക്കറ്റ് വാച്ച് ഡോഗ് പറഞ്ഞു.

ബ്ലൂ റിംഗ്ഡ് ഒക്ടോപസ് അഥവാ നീല വളയങ്ങളുള്ള നീരാളിയുടെ വിഷം അതിവേഗം മനുഷ്യന്‍റെ ശ്വസനവ്യവസ്ഥയെ ബാധിക്കുകയും പക്ഷാഘാതം അല്ലെങ്കിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

TAGS :

Next Story