ഇസ്രായേല്‍ ആക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
റോയിട്ടേഴ്‌സ് വീഡിയോ ജേപ്‍ണലിസ്റ്റ് ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്

ഇസാം അബ്ദല്ല
ലെബനന്‍: തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലേക്ക് ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് വീഡിയോ ജേപ്‍ണലിസ്റ്റ് ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ ഒരു അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറാണ് ഇസാം അബ്ദല്ലയെയും പരിക്കേറ്റ ആറ് പേരെയും കണ്ടത്. പിന്നാലെ അവരില്‍ ചിലരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു. കത്തിക്കരിഞ്ഞ ഒരു കാറും ദൃശ്യങ്ങളില്‍ കാണാം. അബ്ദല്ല കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. തത്സമയ സിഗ്നല്‍ നല്‍കുന്ന തെക്കന്‍ ലെബനനിലെ റോയിട്ടേഴ്‌സ് ക്രൂവിന്റെ ഭാഗമായിരുന്നു അബ്ദുല്ല. അതിര്‍ത്തി പ്രദേശത്ത് നടന്ന ഷെല്ലാക്രമണത്തില്‍ തങ്ങളുടെ രണ്ട് മാധ്യമപ്രവര്‍ത്തകരായ തേര്‍ അല്‍-സുഡാനി, മഹര്‍ നസെ എന്നിവര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് അറിയിച്ചു.
കൂടാതെ അല്‍-ജസീറ ടിവി ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഖത്തറിലെ ജീവനക്കാരായ എലി ബ്രാഖ്യ, റിപ്പോര്‍ട്ടര്‍ കാര്‍മെന്‍ ജൗഖാദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്ന് അല്‍-ജസീറ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ മറ്റ് ഔട്ട്‌ലെറ്റുകളുടെ പേര് അസോസിയേറ്റഡ് പ്രസ് വെളിപ്പെടുത്തിയിട്ടില്ല. ''ഞങ്ങള്‍ അടിയന്തിരമായി കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. മേഖലയിലെ അധികൃതരുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇസാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നു. ദുരിതബാധിതര്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം. ഈ ഭയാനകമായ സമയത്ത് ഞങ്ങളുടെ ചിന്തകള്‍ അവരുടെ കുടുംബത്തോടൊപ്പമുണ്ട്.', റോയിട്ടേഴ്‌സ് പറഞ്ഞു.
സംഭവത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല. എന്നാല്‍ '' ജോലി ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെയും കൊല്ലാനോ വെടിവയ്ക്കാനോ തങ്ങള്‍ ആഗ്രഹിക്കുന്നതില്ലെന്നും യുദ്ധത്തിന്‍റെ സമയത്ത് ഇത്തരം അപകടങ്ങള്‍ സംഭവിച്ചേക്കാമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇസ്രായേലിന്‍റെ യുഎൻ പ്രതിനിധി ഗിലാഡ് എർദാൻ വെള്ളിയാഴ്ച ഒരു ബ്രീഫിംഗിൽ പറഞ്ഞു. തങ്ങളുടെ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായി ഏജൻസി ഫ്രാൻസ്-പ്രസ് പറഞ്ഞു.
Adjust Story Font
16

