Quantcast

ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; 11 ഡൗണിങ് സ്ട്രീറ്റിൽ ദീപാവലി ആഘോഷം

ഹിന്ദുവെന്നു പരിചയപ്പെടുത്തുക മാത്രമല്ല, ജീവിതത്തിലും മതം നിഷ്ഠ പോലെ കൊണ്ടുനടക്കുന്നു ഋഷി സുനക്

MediaOne Logo

Web Desk

  • Updated:

    2022-10-25 04:01:12.0

Published:

25 Oct 2022 2:53 AM GMT

ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; 11 ഡൗണിങ് സ്ട്രീറ്റിൽ ദീപാവലി ആഘോഷം
X

ലണ്ടൻ: അവിഭക്ത പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഗുജ്‌റൻവാലയിൽനിന്ന് 1935ലാണ് കെനിയയിലേക്ക് ഋഷി സുനകിന്റെ പിതാമഹൻ രാംദാസ് സുനക് ഭാര്യ സുഹാഗ് റാണിക്കൊപ്പം കുടിയേറുന്നത്. നെയ്‌റോബിയിൽ ക്ലർക്കായി ജോലി ചെയ്യുകയായിരുന്നു രാംദാസ്. 1949ലാണ് ഋഷിയുടെ പിതാവ് യഷ്‌വീർ സുനക് നെയ്‌റോബിയിൽ ജനിക്കുന്നത്.

1966ൽ യഷ്‌വീർ ബ്രിട്ടനിലെ ലിവർപൂളിലെത്തി. ലിവർപൂൾ യൂനിവേഴ്‌സിറ്റിയിൽ മെഡിസിൻ പഠനത്തിനായിരുന്നു ഇത്. എന്നാൽ, പഠനത്തിനായി ബ്രിട്ടനിലെത്തിയ യഷ്‌വീർ പിന്നീട് അവിടെത്തന്നെ കൂടി. ഈ സമയത്താണ് ഉഷയെ കണ്ടുമുട്ടി സൗഹൃദത്തിലാകുന്നത്. 1977ൽ ലെസ്റ്ററിൽ വച്ച് ഇരുവരും വിവാഹം കഴിച്ചു. താൻസാനിയയ്ക്കാരാണ് ഉഷയുടെ മാതാപിതാക്കൾ. മൂന്നു വർഷത്തിനുശേഷമാണ് ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായി ഋഷി സതാംപ്ടണിൽ ജനിക്കുന്നത്.

ഭഗവത്ഗീതയും ഹിന്ദു അഭിമാനവും

വിവിധ രാജ്യങ്ങളിൽ പരന്നുകിടക്കുന്നതാണ് വേരുകൾ. ജനിച്ചതും വളർന്നതുമെല്ലാം ബ്രിട്ടനിൽ. പഠിച്ചത് ഒാക്‌സ്ഫഡ്, സ്റ്റാൻഫോഡ് അടക്കമുള്ള അന്താരാഷ്ട്ര സർവകലാശാലകളിൽയ. എന്നാൽ, അഭിമാനിയായ ഹിന്ദുവായാണ് ഋഷി എപ്പോഴും സ്വയം പരിചയപ്പെടുത്തുന്നത്. ഹിന്ദുവെന്നു പരിചയപ്പെടുത്തുക മാത്രമല്ല, ജീവിതത്തിലും മതം നിഷ്ഠയായി കൊണ്ടുനടക്കുന്നു. സതാംപ്ടണിലെ ഹിന്ദുക്ഷേത്രത്തിൽ നിത്യസന്ദർശകൻ. ആഴ്ചയിൽ രണ്ടുതവണ വ്രതമനുഷ്ഠിക്കും.

2015ൽ നോർത്ത് യോർക്ക്ഷയറിലെ റിച്ച്മൻഡിൽനിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഋഷി എന്ന ഹിന്ദു ഭക്തനെ ലോകം തിരിച്ചറിയുന്നത്. അന്ന് ജനപ്രതിനിധി സഭയിൽ ഭഗവത്ഗീതയിൽ തൊട്ടായിരുന്നു ഋഷി സത്യപ്രതിജ്ഞ ചെയ്തത്.

2020 ഫെബ്രുവരിയിൽ പഴയ നേതാവ് സാജിദ് ജാവിദ് രാജിവച്ച ഒഴിവിലാണ് ബ്രിട്ടീഷ് ധനമന്ത്രിയായി നിയമിതനാകുന്നത്. കോവിഡ് ലോകത്തെ പിടിച്ചുലച്ച കാലമായിരുന്നു അത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു തൊട്ടടുത്ത് 11 ഡൗണിങ് സ്ട്രീറ്റിലായിരുന്നു താമസം. ഏറെ ചരിത്രപ്രാധാന്യമുള്ള വസതിയിൽ കോവിഡിനിടയിലെ ദീപാവലിക്കാലത്ത് ദീപം തെളിയിച്ച് തന്റെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിനുമുന്നിൽ വിളിച്ചുപറഞ്ഞു ഋഷി.

ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായാണ് അതിനെ ഋഷി പല അഭിമുഖങ്ങളിലും എടുത്തുപറഞ്ഞത്. അതെന്റെ സ്വത്വത്തിന്റെ ഭാഗമായിരുന്നുവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബ്രിട്ടന്റെ വിശാലമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ തെളിവായും അതിനെ അവതരിപ്പിച്ചു.

സ്വന്തം പാതയിൽ തന്നെയാണ് മക്കളെയും വളർത്തുന്നതെന്നും ഋഷി വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാനം നടത്തിയ ശേഷം ലണ്ടനിൽ പ്രത്യേക ഗോപൂജ നടത്തിയും വാർത്തകളിൽ നിറഞ്ഞു. ആഗസ്റ്റ് 24നായിരുന്നു ഭാര്യ അക്ഷത മൂർത്തിക്കൊപ്പം പശു പൂജ ചെയ്ത് ഋഷി സുനക് തന്റെ ഹിന്ദു പാരമ്പര്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് സുനക് ലണ്ടനിലുള്ള ഭക്തിവേദാന്ത ക്ഷേത്രവും സന്ദർശിക്കുകയും ചെയ്തിരുന്നു.

Summary: Rishi Sunak and practicing Hindu, who took oath on the 'Bhagavad Gita'

TAGS :

Next Story