Quantcast

ഒറ്റ നിമിഷം കൊണ്ട് കത്തിച്ചാരമായി സർക്കാർ കാര്യാലയം; റഷ്യൻ മിസൈൽവർഷത്തിൽ വിറച്ച് ഖാർകിവ്

കൊല്ലപ്പെട്ട കർണാടക സ്വദേശി നവീനടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ കഴിയുന്ന മേഖല കൂടിയാണ് യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ്

MediaOne Logo

Web Desk

  • Published:

    1 March 2022 11:12 AM GMT

ഒറ്റ നിമിഷം കൊണ്ട് കത്തിച്ചാരമായി സർക്കാർ കാര്യാലയം; റഷ്യൻ മിസൈൽവർഷത്തിൽ വിറച്ച് ഖാർകിവ്
X

യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചടക്കാൻ നീക്കം ശക്തമാക്കുന്നതിനിടെ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിനെയും പിടിച്ചുകുലുക്കി റഷ്യൻ ആക്രമണം. സർക്കാർ കാര്യാലയങ്ങളും പാർപ്പിട സമുച്ചയങ്ങളുമടക്കം നിരവധി കെട്ടിടങ്ങളാണ് നഗരത്തിൽ റഷ്യൻ മിസൈൽവർഷത്തിൽ തകർന്നടിഞ്ഞത്. ആക്രമണത്തിൽ മൂന്നു കുട്ടികളടക്കം പത്തോളം സിവിലിയന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുയും ചെയ്തതായി യുക്രൈൻ വൃത്തങ്ങൾ പറയുന്നു. ഇന്ത്യൻ വിദ്യാർത്ഥിയായ നവീൻ ഖാർകിവിൽ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.


ദുരന്തഭൂമിയായി ബോൾഷെവിക്കുകളുടെ യുക്രൈൻ തലസ്ഥാനം

ബോൾഷെവിക്കുകളുടെ കാലത്ത് യുക്രൈൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്കിന്റെ തലസ്ഥാനമായിരുന്നു ഖാർകിവ്. രാജ്യത്തെ സുപ്രധാന വ്യവസായശാലകളും ഐ.ടി കമ്പനികളുമെല്ലാം പ്രവർത്തിക്കുന്നത് ഇവിടെയാണ്. അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെന്നതിനാൽ നഗരം കീഴടക്കാൻ റഷ്യയ്ക്ക് അധികം പ്രയാസപ്പെടേണ്ടതില്ലാത്ത സ്ഥിതിയാണ്.

ഇന്നു രാവിലെ നഗരമധ്യത്തിലുള്ള ഫ്രീഡം സ്‌ക്വയറിൽ നടന്ന ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങൾ ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. നഗരത്തിൽ ഗതാഗതവും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനവുമെല്ലാം സാധാരണപോലെ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ഷെല്ലാക്രമണം. പ്രാദേശിക സർക്കാർ കാര്യാലയം ഒറ്റയടിക്ക് ചാരമാകുന്നത് ദൃശ്യത്തിൽ കാണാനാകും.

ഖാർകിവിൽ റഷ്യ നടത്തുന്നത് യുദ്ധക്കുറ്റമെന്ന് സെലൻസ്‌കി

ഖാർകിവിലെ റഷ്യൻ ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി ആരോപിച്ചു. സിവിലിയന്മാരെ കൊല്ലുകയും പാർപ്പിടങ്ങൾ തകർക്കുകയും ചെയ്തത് യുദ്ധക്കുറ്റമാണെന്നാണ് യുക്രൈൻ ആരോപിക്കുന്നത്.


സാധാരണക്കാരെ മനപ്പൂർവം ലക്ഷ്യമിട്ട് ആക്രമണം നടന്നതിന് ദൃക്‌സാക്ഷികളുണ്ടെന്ന് സെലൻസ്‌കി ആരോപിച്ചു. കൃത്യമായും യുദ്ധക്കുറ്റമാണിത്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നഗരത്തിലും പാർപ്പിടമേഖലയിലുമാണ് ആക്രമണം നടന്നത്. ഇവിടെ ഒറ്റൊരു സൈനികകേന്ദ്രവുമില്ല. ഇവിടെ നടന്നത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും ബോധപൂർവം നടത്തിയ ആക്രമണമാണെന്നും വ്യക്തമാണന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.

Summary: Russian blast destroys government building in Kharkiv; Missiles hit the city with special significance

TAGS :

Next Story