Quantcast

പുടിന്റെ യുക്രൈൻ അധിനിവേശത്തിനെതിരെ രൂക്ഷവിമർശനവുമായി റഷ്യൻ പോപ് രാജ്ഞി

സംഘർഷം റഷ്യക്കാരുടെ ജീവിതവും ദുരിതത്തിലാക്കുകയാണെന്ന് പുഗചേവ കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Published:

    19 Sep 2022 10:11 AM GMT

പുടിന്റെ യുക്രൈൻ അധിനിവേശത്തിനെതിരെ രൂക്ഷവിമർശനവുമായി റഷ്യൻ പോപ് രാജ്ഞി
X

മോസ്കോ: പുടിന്റെ യുക്രൈൻ അധിനിവേശത്തെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പോപ് സം​ഗീത രം​ഗത്തെ രാജ്ഞിയെന്നറിയപ്പെടുന്ന അല പു​ഗചേവ. മിഥ്യാ ലക്ഷ്യങ്ങൾക്കായി പുടിൻ യുക്രൈൻ സൈനികരെ കൊല്ലുകയാണെന്നും സാധാരണക്കാരെ ഭീകരമായി പീഡിപ്പിക്കുകയാണെന്നും റഷ്യയെ ഒരു നീച രാഷ്ട്രമാക്കി മാറ്റുകയാണെന്നും പു​ഗചേവ കുറ്റപ്പെടുത്തി.

സംഘർഷം റഷ്യക്കാരുടെ ജീവിതവും ദുരിതത്തിലാക്കുകയാണെന്ന് പുഗചേവ കൂട്ടിച്ചേർത്തു. യുദ്ധം എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും "പ്രത്യേക സൈനിക നടപടി" എന്ന് വിളിക്കുന്ന റഷ്യൻ നിലപാടിനോട് അവർ വിയോജിപ്പ് അറിയിച്ചു.

ഫെബ്രുവരി 24ന് തുടങ്ങിയ അധിനിവേശത്തിനു ശേഷം യുദ്ധവിരുദ്ധ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കലാകാരന്മാർക്ക് പിഴ ചുമത്തി റഷ്യ വിയോജിപ്പുകളെ അടിച്ചമർത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു. വിമർശകരെ രാജ്യദ്രോഹികൾ എന്നാണ് സ്റ്റേറ്റ് ടി.വി വിളിക്കുന്നത്.

റഷ്യയിലെ ഏറ്റവും പ്രശസ്തയായ സ്ത്രീയായ 73കാരിയായ പുഗചേവ ഇൻസ്റ്റ​ഗ്രാമിൽ 3.5 മില്യൺ പേർ പിന്തുടരുന്ന സെലിബ്രിറ്റിയാണ്. അടുത്തിടെ ഭർത്താവും ഹാസ്യനടനുമായ മാക്സിം ​ഗാൽക്കിനെ വിദേശ ഏജന്റായി മുദ്ര കുത്തിയ ശേഷം എന്നാൽ തന്നേയും ആ പട്ടികയിൽപെടുത്താൻ പു​ഗചേവ റഷ്യയോട് പറഞ്ഞിരുന്നു.

"എന്നേയും കൂടി വിദേശ ഏജന്റുമാരുടെ പട്ടികയിൽപ്പെടുത്താൻ ഞാൻ ആവശ്യപ്പെടുകയാണ്"- ഞായറാഴ്ച റഷ്യൻ നീതിമന്ത്രാലയത്തോട് പു​ഗചേവ പറഞ്ഞു. "കാരണം, സത്യസന്ധനും ധാർമികനും യഥാർഥ ദേശസ്‌നേഹിയും മാതൃരാജ്യത്തിൽ സമൃദ്ധിയും സമാധാനവും അഭിപ്രായ സ്വാതന്ത്ര്യവും മാത്രം ആഗ്രഹിക്കുകയും ചെയ്യുന്ന എന്റെ ഭർത്താവിനോട് ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു"- പുഗച്ചേവ തുറന്നടിച്ചു.

റഷ്യ ആരെയെങ്കിലും വിദേശ ഏജന്റ് എന്ന് മുദ്രകുത്തുന്നത് പലപ്പോഴും അധികാരികളിൽ നിന്നുള്ള ഗുരുതര നടപടികളുടെ ആദ്യ സൂചനയാണ്. ആ മുദ്രകുത്തലിന് ഇരയാകുന്ന ആളുകൾ, തങ്ങൾ പ്രസിദ്ധീകരിക്കുന്ന എല്ലാ എഴുത്തുകളിലും ആ വിളിപ്പേര് ഉപയോ​ഗിക്കണം എന്നാണ് തിട്ടൂരം.

TAGS :

Next Story