Quantcast

പേപ്പറില്ല; അച്ചടി നിർത്തി ശ്രീലങ്കൻ പത്രങ്ങൾ, സ്‌കൂൾ പരീക്ഷകൾ മാറ്റിവച്ചു

ദേശീയ മാധ്യമങ്ങൾ പേജുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    25 March 2022 11:32 AM GMT

പേപ്പറില്ല; അച്ചടി നിർത്തി ശ്രീലങ്കൻ പത്രങ്ങൾ, സ്‌കൂൾ പരീക്ഷകൾ മാറ്റിവച്ചു
X

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അച്ചടി നിർത്തിവച്ച് പ്രമുഖ മാധ്യമങ്ങൾ. പേപ്പര്‍ക്ഷാമത്തെ തുടർന്നാണ് പത്രങ്ങൾ അച്ചടി താൽക്കാലികമായി നിർത്തിയിരിക്കുന്നത്. ഇതോടൊപ്പം സ്‌കൂളുകളിൽ പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്.

ശ്രീലങ്കൻ മാധ്യമ കമ്പനിയായ ഉപാളി ന്യൂസ്‌പേപ്പേഴ്‌സിനു കീഴിൽ പുറത്തിറങ്ങുന്ന ഇംഗ്ലീഷ്, സിംഹള പത്രങ്ങളാണ് അച്ചടി നിർത്തിവച്ചിരിക്കുന്നത്. ഇംഗ്ലീഷ് പത്രം ദി ഐലൻഡ്, സിംഹള ഭാഷാപത്രമായ ദിവൈന എന്നിവ ന്യൂസ്പ്രിന്റ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂവെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ന്യൂസ്പ്രിന്റ് ക്ഷാമത്തിനു പിന്നാലെ പേപ്പർ വിലയും കുതിച്ചുയർന്നിരിക്കുകയാണ്. ഇതോടെ മറ്റ് ദേശീയ മാധ്യമങ്ങളും പേജുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. പ്രതിസന്ധി ഇനിയും നിയന്ത്രിക്കാനാകാതെ തുടർന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ പത്രങ്ങൾ അച്ചടി നിർത്തിയേക്കുമെന്നാണ് മാധ്യമരംഗത്തുനിന്നുള്ളവർ നൽകുന്ന സൂചന.

കടലാസും മഷിയും ഇല്ലാത്തതിനെ തുടർന്ന് സ്‌കൂളുകളിൽ പരീക്ഷയും മുടങ്ങിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ് പരീക്ഷ മുടങ്ങാൻ ഇടയാക്കിയത്. ഇതോടെ കഴിഞ്ഞയാഴ്ച മുതൽ നടക്കാനിരുന്ന പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

ഇന്ധനക്ഷാമം രൂക്ഷം, പവർകട്ട് കൂടും; വൈദ്യുതിനിരക്കും

ഇന്ധനക്ഷാമത്തെ തുടർന്ന് പവർക്കട്ട് സമയം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വൈദ്യുതി നിരക്കും വർധിപ്പിക്കും. ഭക്ഷണത്തിനും ഇന്ധനത്തിനുമായി ജനങ്ങൾ തെരുവിൽ നെട്ടോട്ടമാടുകയാണ്.

ആഭ്യന്തര കലാപം മുന്നിൽ കണ്ട് തലസ്ഥാന നഗരമായ കൊളംബോയിലടക്കം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ധനക്ഷാമത്തെ തുടർന്ന് മണ്ണെണ്ണക്കും പെട്രോളിനും പാചക വാതകത്തിനുമായി മണിക്കൂറുകളോളമാണ് ജനം വരിയിൽ നിൽക്കേണ്ടി വരുന്നത്. കടുത്ത ഇന്ധന പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി നിലയങ്ങൾ പൂട്ടിയതോടെ കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. ഇത് ആറര മണിക്കൂറായി വർധിപ്പിച്ചേക്കും. വൈദ്യുതി നിരക്കും കുത്തനെ കൂട്ടുമെന്ന് റിപ്പോർട്ടുകളുണ്ട്.

അവശ്യസാധനങ്ങൾക്കെല്ലാം ഇപ്പോഴും തീവിലയാണ് അനുഭവപ്പെടുന്നത്. ഒരു കിലോ അരിയുടെ വില 500 ശ്രീലങ്കൻ രൂപയിലെത്തി. 400 ഗ്രാം പാൽപ്പൊടിക്ക് 790 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാൽപ്പൊടിയുടെ വിലയിൽ 250 രൂപയുടെ വർധനയാണുണ്ടായത്. ഒരു കിലോ പഞ്ചസാരയുടെ വില 290 രൂപയിലെത്തി.

പലയിടങ്ങളിലും സാധനങ്ങളുടെ ലഭ്യതയും ഇല്ലാതായിരിക്കുകയാണ്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും കൊളംബോയിൽ ശക്തമാണ്. പ്രതിസന്ധി മറികടക്കാൻ ശ്രീലങ്ക ലോകബാങ്കിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം അഭയാർഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടർന്ന് പാക് കടലിടുക്കിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അഭയാർഥികളായെത്തുന്ന ശ്രീലങ്കൻ തമിഴരെ സ്വീകരിക്കുമെന്ന് തമിഴ്‌നാട് പ്രഖ്യാപിച്ചിരുന്നു.

Summary: School tests, newspapers on hold as Sri Lanka begins running out of paper

TAGS :

Next Story