Quantcast

239 പേരുമായി കാണാതായ എംഎച്ച് 370 വിമാനം എവിടെ? തെരച്ചില്‍ അവസാനിപ്പിച്ചു

ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന കമ്പനിയുടെ നേതൃത്വത്തില്‍ കടലിൻ്റെ അടിത്തട്ടിലുള്ള പരിശോധനയാണ് ഏറ്റവുമൊടുവില്‍ നടത്തിയത്

MediaOne Logo
Search for Missing Malaysia Airlines MH370  Flight Concludes
X

ക്വാലാലംപൂര്‍: 227 യാത്രക്കാരും 12 ജീവനക്കാരുമായി 12 വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിന് എന്തു സംഭവിച്ചെന്ന് കണ്ടെത്താനാകാതെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗത്ത് വീണ്ടും നടത്തിയ തെരച്ചിലിലും ഒരു തെളിവും കണ്ടെത്താനായില്ലെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, തെരച്ചില്‍ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കാണാതായവരുടെ ബന്ധുക്കള്‍.

ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന കമ്പനിയുടെ നേതൃത്വത്തില്‍ കടലിന്റെ അടിത്തട്ടിലുള്ള പരിശോധനയാണ് ഏറ്റവുമൊടുവില്‍ നടത്തിയത്. റോബോട്ടിനെ ഉപയോഗിച്ച് 2025 മാര്‍ച്ചില്‍ തുടങ്ങിയ പരിശോധന ഈ ജനുവരി വരെ നീണ്ടു. ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ പരിശോധിച്ചെങ്കിലും വിമാനത്തിന്റെ ഒരു അടയാളമോ അവശിഷ്ടമോ കണ്ടെത്താനായില്ല. ടെക്‌സസ് ആസ്ഥാനമായുള്ള കമ്പനിക്ക്, തെരച്ചിലില്‍ തെളിവ് എന്തെങ്കിലും ലഭിച്ചാല്‍ മാത്രമേ പ്രതിഫലം നല്‍കൂ എന്ന നിബന്ധനയോടെയായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അവശിഷ്ടങ്ങള്‍ എന്തെങ്കിലും കണ്ടെടുത്താല്‍ 70 മില്യണ്‍ ഡോളറായിരുന്നു പ്രതിഫലമായി പറഞ്ഞത്. ഒന്നും കണ്ടെടുക്കാത്ത സാഹചര്യത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചിരിക്കുന്നത്.

2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 12.41ന് ചൈനയിലെ ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം കാണാതായത്. ഒരു മണിക്കൂറിനുശേഷം, വിമാനവുമായുള്ള എല്ലാ ആശയവിനിമയബന്ധങ്ങളും തടസ്സപ്പെട്ടു. രണ്ടുമണി കഴിഞ്ഞ്, ഗള്‍ഫ് ഓഫ് തായ്‌ലാന്‍ഡിനു മുകളിലൂടെ പറക്കവേ വിമാനം കാണാതായതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. വിമാനം പെട്ടെന്നു ദിശമാറി പറക്കുന്നത് ഉപഗ്രഹ ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഒടുവില്‍ വിമാനം അതിവേഗത്തില്‍ താഴേക്കു കുതിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളില്‍ കണ്ടു. പിന്നീട് വിമാനത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല.

കിഴക്കന്‍ ആഫ്രിക്കന്‍ തീരത്തും ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകളിലും ചില അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞെങ്കിലും, ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ ചെലവേറിയ തെരച്ചിലില്‍ വിമാനത്തിന്റെ സ്ഥാനമോ കൂടുതല്‍ അവശിഷ്ടങ്ങളോ കണ്ടെത്താനായിട്ടില്ല. വ്യോമയാന ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ അപ്രത്യക്ഷമാകലാണ് എംഎച്ച് 370 വിമാനത്തിന്റേത്. അതേസമയം, തെരച്ചില്‍ അവസാനിപ്പിക്കരുതെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുംവരെ തുടരണമെന്നും യാത്രക്കാരുടെ ബന്ധുക്കളുടെ കൂട്ടായ്മയായ 'വോയിസ് 370' ആവശ്യപ്പെട്ടിരിക്കുകയാണ്.

TAGS :

Next Story