Quantcast

അന്റോണിയോ ഗുട്ടറസിന് യുഎന്നിൽ രണ്ടാമൂഴം; നാമനിർദേശം ചെയ്ത് രക്ഷാസമിതി

2022 ജനുവരി ഒന്നിനാണ് ഐക്യരാഷ്ട്രസഭാ തലവന്റെ പുതിയ കാലയളവ് ആരംഭിക്കുക

MediaOne Logo

Web Desk

  • Published:

    8 Jun 2021 6:39 PM GMT

അന്റോണിയോ ഗുട്ടറസിന് യുഎന്നിൽ രണ്ടാമൂഴം; നാമനിർദേശം ചെയ്ത് രക്ഷാസമിതി
X

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രണ്ടാമൂഴത്തിലേക്ക്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഗുട്ടറസിന്‍റെ തീരുമാനത്തെ ഇന്നു ചേർന്ന രക്ഷാസമിതി യോഗം പിന്തുണച്ചു.

193 അംഗ പൊതുസഭയ്ക്കു മുൻപാകെ ഗുട്ടറസിന്റെ പേര് നിർദേശിക്കാൻ രക്ഷാസമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ഐകകണ്‌ഠ്യേനയാണ് ഗുട്ടറസിന്റെ പേര് അംഗീകരിച്ചതെന്ന് രക്ഷാസമിതിയുടെ നിലവിലെ പ്രസിഡന്റും എസ്‌തോണിയൻ അംബാസഡറുമായ സ്വെൻ ജർഗെൻസൻ പറഞ്ഞു.

പോർച്ചുഗൽ മുൻ പ്രധാനമന്ത്രി കൂടിയായ ഗുട്ടറസ് 2017ലാണ് യുഎൻ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് മറ്റാരുമില്ലാത്തതിനാൽ രക്ഷാസമിതിയുടെ നടപടി ചടങ്ങ് മാത്രമാണ്. പത്തുപേർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ ആരും ഇവരെ പിന്തുണച്ചിരുന്നില്ല.

അഞ്ചുവർഷമാണ് യുഎൻ തലവന്റെ കാലാവധി. 2022 ജനുവരി ഒന്നുമുതലാണ് പുതിയ കാലയളവ് ആരംഭിക്കുക. ഗുട്ടറസ് 2005 മുതൽ 2015 വരെ യുഎന്നിന്റെ റെഫ്യൂജീസ് വിഭാഗം ഹൈക്കമ്മീഷണറുമായിരുന്നു.

രക്ഷാസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യയുടെ യുഎന്നിലെ സ്ഥിരാംഗം ടിഎസ് തിരുമൂർത്തി പ്രതികരിച്ചു. രണ്ടാം തവണയും സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഗുട്ടറസിന്റെ തീരുമാനത്തെ കഴിഞ്ഞ മാസം തന്നെ ഇന്ത്യ പിന്തുണച്ചിരുന്നു. യുഎൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ പിന്തുണ അറിയിച്ചത്.

TAGS :

Next Story