Quantcast

ലൈംഗികാതിക്രമം മുതൽ ലിംഗ വിവേചനം വരെ; ആസ്‌ത്രേലിയൻ പ്രതിരോധ സേനക്കെതിരെ പരാതിയുമായി വനിത സൈനികർ

'വനിത സൈനികർ യുദ്ധത്തേക്കാൾ ആശങ്കയോടെ കാണുന്നത് പുരുഷ സൈനികരുടെ ഭാഗത്ത് നിന്നുള്ള ലൈംഗികാതിക്രമങ്ങൾ'

MediaOne Logo

Web Desk

  • Updated:

    2025-10-25 07:50:33.0

Published:

25 Oct 2025 1:15 PM IST

ലൈംഗികാതിക്രമം മുതൽ ലിംഗ വിവേചനം വരെ; ആസ്‌ത്രേലിയൻ പ്രതിരോധ സേനക്കെതിരെ പരാതിയുമായി വനിത സൈനികർ
X

മെൽബൺ: പ്രതിരോധ സേനക്കെതിരെ അത്യന്തം ഗുരുതരമായ ആരോപണങ്ങളുമായി നാല് വനിത സൈനികർ.ആസ്‌ത്രേലിയൻ പ്രതിരോധ സേനക്കെതിരെയാണ് പരാതിയുമായി നാല് വനിത സൈനികർ ഫെഡറൽ കോടതിയെ സമീപിച്ചിരിക്കുന്നത്. ലൈംഗികാതിക്രമം, അധിക്ഷേപം, ലിംഗവിവേചനം എന്നിവ സഹപ്രവർത്തകരിൽ നിന്ന് നേരിട്ടു എന്നാണ് വെള്ളിയാഴ്ച കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത്.

സേനയിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകരിൽ നിന്ന് അതീവഗുരുതരായ ലൈംഗികാതിക്രമങ്ങൾ ഏൽക്കേണ്ടിവന്നു എന്നാണ് പ്രധാന ആരോപണം. സ്ത്രീകളെ തുല്യരായ കാണാത്ത സാഹചര്യം സേനയിൽ നിലനിൽക്കുന്നുണ്ട്. പുരുഷൻമാർ സമ്പാദിക്കുന്നതുപോലെ സമ്പാദിക്കാൻ സ്ത്രീകൾക്ക് അവകാശമില്ല എന്ന തരത്തിൽ വരെ ഉന്നത ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി ഒരു പരാതിക്കാരി നൽകിയ ഹരജിയിൽ പറയുന്നു. 2003 നവംബർ 12 നും 2025 മെയ് 25 നും ഇടയിൽ സേനയിൽ സേവനമനുഷ്ഠിച്ച ഏതൊരു വനിതക്കും ഹരജിയിൽ പങ്കുചേരാമെന്ന് വാദികൾക്കായി കോടതിയിൽ ഹാജരായ ജെജിഎ സാഡ്‌ലർ പറഞ്ഞു. ആയിരക്കണക്കിന് സമാന സംഭവങ്ങൾ പ്രതിരോധ സേനക്കകത്ത് നടക്കുന്നുണ്ട്. കൂടുതൽ പരാതിക്കാർ മുന്നോട്ടു വരും എന്നാണ് പ്രതീക്ഷയെന്നും സാഡ്‌ലർ കൂട്ടിച്ചേർത്തു.

സേനക്കകത്ത് കൂടിയ ആത്മഹത്യകളെ കുറിച്ച് അന്വേഷിച്ച ഒരു സമിതി ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയിരുന്നു. 2019 നും 2024 നും ഇടയിൽ 800 ലധികം ലൈംഗികാതിക്രമ കേസുകൾ പ്രതിരോധ സേനക്കകത്ത് ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നും പറയുന്നുണ്ട്. ഹരജിയുമായി വനിത ഉദ്യോഗസ്ഥർ കോടതിയിൽ എത്തിയതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.

വനിത സൈനികർ യുദ്ധത്തക്കാൾ ആശങ്കയോടെ കാണുന്നത് പുരുഷ സൈനികരുടെ ഭാഗത്ത് നിന്നുള്ള ലൈംഗികാതിക്രമങ്ങളെയാണെന്നും ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകർ പറയുന്നു. പ്രതിരോധ സേനക്കകത്ത് വലിയ രീതിയിലുള്ള ഐതിഹാസികമായ മാറ്റങ്ങളുണ്ടാക്കാൻ ഈ കേസിന് സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story