Quantcast

മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം; അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേലിനു മേൽ സമ്മർദം ശക്തം

യു.എൻ ഉൾപ്പെടെ ഒട്ടേറെ ലോകവേദികൾ ആവശ്യം ഉന്നയിച്ച്​ രംഗത്തുണ്ട്

MediaOne Logo

Web Desk

  • Published:

    17 May 2022 1:04 AM GMT

മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം; അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേലിനു മേൽ സമ്മർദം ശക്തം
X

ജറുസലം: അൽജസീറ മാധ്യമപ്രവർത്തക ശിറീൻ അബു ആഖിലയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേലിനു മേൽ സമ്മർദം ശക്തം. യു.എൻ ഉൾപ്പെടെ ഒട്ടേറെ ലോകവേദികൾ ആവശ്യം ഉന്നയിച്ച്​ രംഗത്തുണ്ട്​. ഇസ്രായേലിനെതിരെ നടപടി ആവശ്യപ്പെട്ട്​ ഫലസ്തീൻ അതോറിറ്റിയും ആഗോള മാധ്യമ കൂട്ടായ്​മകളും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചതോടെ ഇസ്രായേൽ കൂടുതൽ പ്രതിരോധത്തിലാണ്​.

രക്​തസാക്ഷിത്വം വരിച്ച ശിറീൻ അബൂ ആഖില ഫലസ്​തീൻ ജനതയുടെയും മേഖലയുടെയും പുതിയ പ്രതീകമായി മാറിയിരിക്കുകയാണ്​. കിഴക്കൻ ജറുസലമിലെ ഇസ്രായേൽ ക്രൂരതകൾ പിന്നിട്ട രണ്ടു പതിറ്റാണ്ടു കാലം ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകയെ വകവരുത്താൻ ഇസ്രായേൽ നടത്തിയ ആസൂത്രിത നടപടിയാണിതെന്ന വിമർശനം ശക്​തമാണ്​. തങ്ങളുടെ സൈനിക​ന്‍റെ വെടിയുണ്ട തന്നെയാകാം മാധ്യമ പ്രവർത്തകയുടെ കൊലക്ക്​ കാരണമെന്ന്​ പരോക്ഷമായി ഇസ്രായേൽ സൈന്യം അംഗീകരിക്കുന്നുണ്ട്​. എന്നാൽ കൂടുതൽ അന്വേഷണം വേണമെന്നു പറഞ്ഞ്​ പ്രതിസന്​ധിയിൽ നിന്ന്​ തൽക്കാലം തലയൂരാനുള്ള നീക്കത്തിലാണ്​ ഇസ്രായേൽ. സമഗ്രവും സ്വയന്ത്രവുമായ അന്വേഷണത്തിലൂടെ വസ്​തുതകൾ പുറത്തു ​കൊണ്ടു വരണമെന്ന്​ ഇസ്രായേലിനോട്​ ചേർന്നു നിൽക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്​.

ശിറീൻ അബൂ അഖിലയുടെ മൃതദേഹ സംസ്​കരണ വേളയിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമവും വ്യാപക വിമർശനത്തിന്​ ഇടയാക്കിയിട്ടുണ്ട്​. യൂറോപ്യൻ യൂനിയൻ കടുത്ത പ്രതിഷേധമാണ്​ ഇക്കാര്യത്തിൽ ഉന്നയിച്ചത്​. മൃതദേഹ സംസ്​കാര ചടങ്ങ്​ പോലും അല​ങ്കോലപ്പെടുത്തിയ ഇസ്രായേലിനെതിരെ അന്തർദേശീയ തലത്തിൽ വലിയ എതിർപ്പാണ്​ രൂപപ്പെട്ടത്​. അന്താരാഷ്​ട്ര ​ക്രിമിനൽ കോടതിയുടെ ഭാഗത്തു നിന്ന്​ ഇസ്രായേലിനെതിരെ ശക്​തമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ ഫല്​സ്​തീൻ സംഘടനകൾ. കിഴക്കൻ ജറുസലം കേന്ദ്രീകരിച്ചുള്ള തങ്ങളുടെ സങ്കുചിത നീക്കങ്ങൾക്കെതിരെ ലോകസമ്മർദം രൂപപ്പെട്ടതും ഇസ്രായേലിന്​ വലിയ തിരിച്ചടിയാണ്​.

TAGS :

Next Story