'ആ ചിത്രം നിർമിത ബുദ്ധി കൊണ്ട് വികസിപ്പിച്ചത്': മികച്ച ഫോട്ടോയ്ക്കുള്ള അവാർഡ് നിഷേധിച്ച് ജർമൻ ഫോട്ടോഗ്രാഫർ
മത്സരത്തിന്റെ സുതാര്യത പരിശോധിക്കുന്നതിനും ഒപ്പം ഫോട്ടോഗ്രഫിയുടെ ഭാവി സാധ്യത പഠിക്കുന്നതിനും വേണ്ടിയാണ് ചിത്രം മത്സരത്തിനയച്ചതെന്നാണ് ബോറിസിന്റെ വാദം

സോണി വേൾഡ് ഫോട്ടോഗ്രഫി 2023 അവാർഡ് നിഷേധിച്ച് ജർമൻ ഫോട്ടോഗ്രാഫർ. മികച്ച ഫോട്ടോ ആയി തെരഞ്ഞെടുക്കപ്പെട്ട ചിത്രം നിർമിത ബുദ്ധി ഉപയോഗിച്ച് വികസിപ്പിച്ചതാണെന്ന വെളിപ്പെടുത്തലോടെ ജർമൻ കലാകാരനായ ബോറിസ് എൽഡാഗ്‌സൺ ആണ് അവാർഡ് നിഷേധിച്ചത്.
മത്സരത്തിന്റെ സുതാര്യത പരിശോധിക്കുന്നതിനും ഒപ്പം ഫോട്ടോഗ്രഫിയുടെ ഭാവി സാധ്യത പഠിക്കുന്നതിനും വേണ്ടിയാണ് ചിത്രം മത്സരത്തിനയച്ചതെന്നാണ് ബോറിസിന്റെ വാദം.
വ്യത്യസ്ത കാലഘട്ടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് ചിത്രത്തിലുള്ളത്. വിന്റേജ് മോഡിലൊരുക്കിയിരിക്കുന്ന ചിത്രം നിർമിത ബുദ്ധിയുടെ സഹായത്തോടെ ചെയ്തതാണെന്ന് ബോറിസ് വെളിപ്പെടുത്തിയിരുന്നുവെന്ന് വേൾഡ് ഫോട്ടോഗ്രഫി ഓർഗനൈസേഷന്റെ സംഘാടകർ അറിയിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിയിൽ ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക വിദ്യകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബോറിസ് അറിയിച്ചതെന്നും ഫോട്ടോഗ്രഫിയിലുള്ള തന്റെ കഴിവാണ് ചിത്രത്തിൽ മുന്നിട്ട് നിൽക്കുന്നതെന്ന് ബോറിസ് വ്യക്തമാക്കിയതിനാലാണ് ചിത്രം അവാർഡിന് പരിഗണിച്ചതെന്നും സംഘാടകർ പറയുന്നു.
ഫോട്ടോഗ്രഫിയിൽ നിർമിത ബുദ്ധിക്കുള്ള സാധ്യതകളെപ്പറ്റി ബോറിസുമായി ചർച്ച ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും ബോറിസ് അവാർഡ് നിഷേധിച്ചത് കണക്കിലെടുത്ത് ഈ ചർച്ച ഉപേക്ഷിച്ചതായും സംഘാടകർ കൂട്ടിച്ചേർത്തു.
എന്നാൽ ഈ വിഷയത്തെക്കുറിച്ചുള്ള പൊതുചർച്ചയിൽ പങ്കെടുക്കാൻ തനിക്ക് താല്പര്യമുണ്ടെന്നാണ് ബോറിസ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. യുക്രൈയ്‌നിലെ ഫോട്ടോ ഫെസ്റ്റിവലിലേക്കായി അവാർഡ് തുക ദാനം ചെയ്യുന്നതിന് താല്പര്യമുണ്ടെന്നും ബോറിസ് പറയുന്നു.
Adjust Story Font
16

