Quantcast

റഫയിലെ ആക്രമണം: ഇസ്രായേലിനെതിരെ വീണ്ടും അന്താരാഷ്ട്ര കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക

ഏകദേശം 1.4 ദശലക്ഷം ഫലസ്തീനികളാണ് റഫയിൽ കഴിയുന്നത്

MediaOne Logo

Web Desk

  • Published:

    13 Feb 2024 4:45 PM GMT

south africa icj
X

ഹേഗ്: ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗസ്സയിലെ റഫയിൽ ഇസ്രായേൽ അധിനിവേശ സേന തുടരുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക. റഫയിലെ ഇസ്രായേൽ ആക്രമണം തടയാൻ കോടതിയുടെ അധികാരം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്.

റഫയിലെ സൈനിക ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും വലിയ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ അറിയിച്ചു.

ആക്രമണം വംശഹത്യ കൺവെൻഷന്റെയും 2024 ജനുവരി 26ലെ കോടതി ഉത്തരവിന്റെയും ഗുരുതരവും പരിഹരിക്കാനാകാത്തതുമായ ലംഘനമാണ്. ഗസ്സയിലെ മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിന് ആവശ്യമായ അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും ദക്ഷിണാഫ്രിക്ക അറിയിച്ചു.

ഏകദേശം 1.4 ദശലക്ഷം ഫലസ്തീനികളാണ് റഫയിൽ കഴിയുന്നത്. ഇതിൽ പലരും ടെന്റുകളിലാണ് താമസം. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമെല്ലാം ഇവർ ബുദ്ധിമുട്ടുകയാണ്.

നേരത്തെ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഗസ്സയി​ൽ ഫലസ്തീനികൾക്കെതിരെ നടക്കുന്ന വംശഹത്യ തടയാൻ നടപടി സ്വീകരിക്കണമെന്ന് ഇസ്രായേലിനോട് ലോക നീതിന്യായ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇത് ചെവികൊള്ളാതെ അധിനിവേശ സേന അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫയിലേക്കും ആക്രമണം വ്യാപിപ്പിക്കുകയാണ്.

ഫലസ്തീൻ ജനതക്കെതിരായ വംശഹത്യ യുദ്ധത്തിന്റെ തുടർച്ചയായാണ് റഫയി​ൽ നാസികളെ പോലെയുള്ള ഇസ്രായേലി അധിനിവേശ സൈന്യം ആക്രമണം നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു. ഇവിടെ കുറഞ്ഞത് 100 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കുറ്റകൃത്യത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ അധിനിവേശ സർക്കാറിനും അമേരിക്കൻ ഭരണകൂടത്തിനും പ്രസിഡന്റ് ബൈഡനുമാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

സയണിസ്റ്റ് ആക്രമണം തടയാൻ അടിയന്തരവും ഗൗരവമേറിയതുമായ നടപടിയെടുക്കാൻ ലീഗ് ഓഫ് അറബ് സ്‌റ്റേറ്റ്‌സ്, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ, യു.എൻ സെക്യൂരിറ്റി കൗൺസിൽ എന്നിവയോട് ഹമാസ് ആവശ്യപ്പെട്ടു.

TAGS :

Next Story