Quantcast

'ഗസ്സയിൽ നടത്തുന്നത് വംശഹത്യ'; ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ

ആറ് ദശലക്ഷം ജൂതന്മാർ കൊല്ലപ്പെട്ട ഹോളോകോസ്റ്റിന് ശേഷമാണ് വംശഹത്യാ കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    5 Jan 2024 4:42 PM IST

South Africa has filed a petition at the International Court of Justice against Israels genocide in Gaza
X

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെയാണ് ലോകത്തിലെ മിക്ക രാജ്യങ്ങളും നിലകൊള്ളുന്നത്. യുഎന്നിലടക്കം നിരവധി രാജ്യങ്ങൾ ഇസ്രായേൽ അധിനിവേശത്തിനെതിരെ നിലപാടെടുത്തു. എന്നാൽ ഇതിനെതിരെ ആദ്യമായി നിയമ യുദ്ധം തുടങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഡിസംബർ 29നാണ് ഹേഗിലെ ഇൻറർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ രാജ്യം ഹരജി നൽകിയത്. 2023 ഒക്‌ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന രൂക്ഷ ആക്രമണം നിർത്താൻ സമ്മർദം ചെലുത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഇസ്രായേൽ അതിക്രമത്തിൽ അനവധി കുട്ടികളും സ്ത്രീകളുമടക്കം 23,000ത്തോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

ഇസ്രായേൽ ആക്രമണം വംശഹത്യയായി കണക്കാക്കണമെന്നാണ് ദക്ഷിണാഫ്രിക്ക നൽകിയ 84 പേജുള്ള പരാതിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. ഫലസ്തീൻ ദേശീയ, വംശീയ വിഭാഗത്തെ നശിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തുന്നതെന്നും ഹരജിയിൽ കുറ്റപ്പെടുത്തി.

എന്നാൽ ഹരജിയിലെ ആരോപണത്തെ ഇസ്രായേൽ നിഷേധിച്ചു. സെമിറ്റിക് വിരുദ്ധമായ പഴയ ആരോപണങ്ങളെ സൂചിപ്പിച്ച് 'ഇത് ബ്ലഡ് ലിബെൽ അഥവാ രക്ത അപകീർത്തി'യാണെന്നാണ് അവർ വാദിച്ചത്. മധ്യകാലഘട്ടത്തിൽ ജൂതർ ക്രിസ്ത്യൻ ആൺകുട്ടികളെ കൊന്ന് രക്തം മതപരമായ ആചാരങ്ങൾക്കായി ഉപയോഗിച്ചുവെന്ന നുണകളെ സൂചിപ്പിച്ചാണ് ഈ പരാമർശം.

ദക്ഷിണാഫ്രിക്ക ഹരജി നൽകിയതിന് പിറകിലെ കാരണം?

ഐക്യരാഷ്ട്രസഭയിലുൾപ്പെടെ ആഭ്യന്തരമായും അന്തർദേശീയമായും രാഷ്ട്രപദവിക്കുവേണ്ടിയുള്ള ഫലസ്തീന്റെ ആവശ്യത്തെ ദക്ഷിണാഫ്രിക്ക ദശാബ്ദങ്ങളായി പിന്തുണക്കുന്നുണ്ട്. വർണവിവേചന കാലത്ത് തങ്ങളുടെ കറുത്തവർഗ്ഗക്കാർ നേരിട്ട തിക്താനുഭവങ്ങളോടാണ് അധിനിവേശത്തിൻ കീഴിൽ ജീവിക്കുന്ന ഫലസ്തീനികളുടെ ജീവിതത്തെ ദക്ഷിണാഫ്രിക്ക ഉപമിക്കുന്നത്. പല പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങളും സമാനമായ താരതമ്യം നടത്തിയിട്ടുണ്ട്. ഫലസ്തീനികളോട് ഇസ്രായേൽ നടത്തുന്നത് വർണവിവേചനമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇസ്രായേൽ ഇത് ശക്തമായി നിരാകരിക്കുകയാണ് ചെയ്യാറുള്ളത്.

'വർണവിവേചനം, ആട്ടിപ്പുറത്താക്കൽ, വംശീയ ഉന്മൂലനം, അധിനിവേശം, വിവേചനം, ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിന്റെ നിരന്തരമായ നിഷേധം എന്നിവയുടെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ വംശഹത്യ തടയുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്നും ഹരജിയിൽ കുറ്റപ്പെടുത്തി.

ഗസ്സയിലെ സൈനിക നടപടികളെക്കുറിച്ചുള്ള ആശങ്കകൾ പലതവണ ഇസ്രായേലിനെ അറിയിച്ചിരുന്നുവെന്നും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും ദക്ഷിണാഫ്രിക്ക ഹരജിയിൽ പറഞ്ഞു.

വംശഹത്യയുടെ പരിധിയിൽ ഇസ്രായേൽ എത്തുകയാണെന്ന ആശങ്ക ഉയർത്തി ഡിസംബർ 21 ന് രാജ്യം വാക്കാലുള്ള ഒരു കുറിപ്പ് - ഔപചാരികവും ഒപ്പിടാത്തതുമായ നയതന്ത്ര കുറിപ്പ് - ഇസ്രായേൽ എംബസിക്ക് അയച്ചുവെന്നും എന്നാൽ ഈ കുറിപ്പിനോട് ഇസ്രായേൽ നേരിട്ട് പ്രതികരിച്ചിട്ടില്ലെന്നും അപേക്ഷയിൽ പറഞ്ഞു. ഇതിനെ തുടന്ന് ദക്ഷിണാഫ്രിക്ക ഹരജി സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പറഞ്ഞു.

ആശുപത്രികൾ ഉപരോധിച്ചും അവിടെ ബോംബിട്ടും ഇസ്രായേൽ ഫലസ്തീനികളുടെ മരണസഖ്യ കൂട്ടുന്നതും ദക്ഷിണാഫ്രിക്കയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടി. പാർപ്പിടങ്ങളിലെ ബോംബാക്രമണം, കൂട്ട പലായനം, ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്ത അവസ്ഥ എന്നിവയും പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണം 70 ശതമാനം വീടുകളും നശിപ്പിക്കുകയും 2.3 ദശലക്ഷം ജനസംഖ്യയുടെ 85 ശതമാനത്തെയും കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടാൻ നിർബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്. സിവിലിയന്മാരെ കൊല്ലാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹമാസിനെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേൽ സൈന്യം സൈനിക നടപടിയിലുടനീളം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രവൃത്തി ആ രീതിയിലല്ല നടക്കുന്നത്.

എന്താണ് വംശഹത്യ?

'ഒരു ദേശീയ, വംശീയ, അല്ലെങ്കിൽ മതപരമായ ഗ്രൂപ്പിനെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തനങ്ങൾ' എന്നാണ് വംശഹത്യയെ ആഗോള തലത്തിൽ വീക്ഷിക്കപ്പെടുന്നത്. യുഎൻ വംശഹത്യ കൺവെൻഷന്റെ ആർട്ടിക്കിൾ II, ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ റോം ചട്ടം എന്നിവയിൽ പറഞ്ഞിരിക്കുന്ന ഈ വംശഹത്യാ നിർവചനം അന്താരാഷ്ട്ര നിയമം അംഗീകരിച്ചതാണ്. യുഎസ്, ജർമ്മനി, ഫ്രാൻസ്, യുകെ എന്നിവയുൾപ്പെടെ 130-ലധികം രാജ്യങ്ങളും ഈ നിർവ്വചനം അംഗീകരിച്ചിട്ടുണ്ട്. ഇസ്രായേലും ദക്ഷിണാഫ്രിക്കയും വംശഹത്യ കൺവെൻഷനെ സ്വീകരിക്കുന്നവരാണ്. അതിനാൽ തന്നെ 'വംശഹത്യാ കുറ്റം തടയാനും അവ ചെയ്താൽ ശിക്ഷിക്കാനുമുള്ള നടപടികൾഎടുക്കാൻ അവർ ബാധ്യസ്ഥരുമാണ്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ആറ് ദശലക്ഷം ജൂതന്മാർ കൊല്ലപ്പെട്ട ഹോളോകോസ്റ്റിന് ശേഷം, 1948 ഡിസംബർ 9-നാണ് വംശഹത്യാ കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ടത്.

South Africa has filed a petition at the International Court of Justice against Israel's genocide in Gaza

Next Story