ഒരേ സമയം ഒന്നിലധികം ഭർത്താക്കന്മാരാകാം; ബഹുഭർതൃത്വത്തിന് നിയമസാധുത നൽകാൻ ദക്ഷിണാഫ്രിക്ക
തുല്യ വിവാഹാവകാശങ്ങൾ സ്ത്രീകൾക്കും നൽകുന്നത് സമൂഹത്തെ തകർക്കുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ ആഫ്രിക്കൻ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് കെന്നെത്ത് മെഷോ പ്രതികരിച്ചു
സ്ത്രീകൾക്ക് എത്ര പേരെയും ഭർത്താക്കന്മാരായി സ്വീകരിക്കാൻ അനുമതി നൽകാനുള്ള നീക്കവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മന്ത്രാലയമാണ് ബഹുഭർതൃത്വം നിയമവിധേയമാക്കാൻ നിർദേശിച്ചുകൊണ്ടുള്ള ഹരിതപത്രം പുറത്തിറക്കിയിരിക്കുന്നത്.
രാജ്യത്തെ വിവാഹ നിയമങ്ങൾ പരിഷ്‌ക്കരിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ബഹുഭർതൃത്വ നിർദേശവും മുന്നോട്ടുവച്ചിരിക്കുന്നത്. ബഹുഭാര്യാത്വം നിലവില്‍ ദക്ഷിണാഫ്രിക്കയിൽ നിയമവിധേയമാണ്. പുതിയ പരിഷ്‌ക്കരണത്തിലൂടെ മുസ്‍ലിം, ഹിന്ദു, ജൂത വിവാഹങ്ങൾക്കും നിയമപരമായ സാധുത നൽകും.
സർക്കാർ നീക്കത്തിനെതിരെ വിവിധ സാമൂഹിക, മത വിഭാഗങ്ങളിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. തുല്യ വിവാഹാവകാശങ്ങൾ സ്ത്രീകൾക്കും നൽകുകയാണെങ്കിൽ അത് സമൂഹത്തെ തകർക്കുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ ആഫ്രിക്കൻ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി(എസിഡിപി) നേതാവ് കെന്നെത്ത് മെഷോ പ്രതികരിച്ചു. സർക്കാർ നീക്കം ആഫ്രിക്കൻ സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് റിയാലിറ്റി ഷോ താരവും നാല് സ്ത്രീകളുടെ ഭർത്താവുമായ മൂസ സെലേക്കു കുറ്റപ്പെടുത്തി. ''ഇവരിലുണ്ടാകുന്ന കുട്ടികളുടെ അവസ്ഥയെന്താകും? അവർ എങ്ങനെയാണ് തങ്ങളുടെ സ്വത്വം തിരിച്ചറിയുക?'' സെലേക്കു ചോദിച്ചു.
പുതിയ നിയമ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ വാക്കുയുദ്ധമായി അധഃപതിച്ചിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മന്ത്രി ആരോൺ മോത്സോലെഡി ആരോപിച്ചു. മന്ത്രാലയം പുറത്തിറക്കിയ ഹരിതപത്രം സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ല. വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ച നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ നേപ്പാളിലും ചൈനയിലുമുള്ള തിബറ്റുകാർക്കിടയിൽ ബഹുഭർതൃത്വം നിലനിൽക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, കാമറൂൺ എന്നിവിടങ്ങളിലെ ഗോത്രവിഭാഗങ്ങൾക്കിടയിലും സമാനമായ ആചാരം നിലനിൽക്കുന്നുണ്ട്.
Adjust Story Font
16