സുനിത വില്യംസിനെയും സംഘത്തെയും ഭൂമിയിലെത്തിക്കാൻ ഇലോൺ മസ്ക്; സ്‌പേസ് എക്സ് ക്രൂ 9 ബഹിരാകാശ നിലയത്തിലെത്തി
ജൂണിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയ സംഘം പേടകത്തിനുണ്ടായ തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു
േഫ്ലാറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ബഹിരാകാശയാത്രികരായ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും രക്ഷാദൗത്യത്തിനായി നിയോഗിച്ച സ്‌പേസ് എക്സ് ക്രൂ 9 ബഹിരാകാശ നിലയത്തിലെത്തി. ജൂണിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയ സംഘം പേടകത്തിനുണ്ടായ തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ കഴിയുമെന്ന് പ്രവചിക്കപ്പെട്ട ദൗത്യമാണ് മാസങ്ങൾ നീണ്ടത്. തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയം കാണാത്തതിനെ തുടർന്നാണ് നാസ ഇലോൺ മസ്കിന്റെ സ്‌പേസ് എക്സിനെ ആശ്രയിച്ചത്.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച ഉച്ചക്ക് 1.17 നാണ് ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂൾ യാത്രതിരിച്ചത്. നാസയുടെ ബഹിരാകാശ യാത്രികനായ നിക്ക് ഹേഗിനെയും റഷ്യൻ ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് ക്രൂ-9 ഞായറാഴ്ച വൈകുന്നേരം 5.30 ന് ബഹിരാകാശ നിലയത്തിലെത്തി. സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് ഡ്രാഗൺ ബഹിരാകാശ നിലയത്തിൽ വിജയകരമായെത്തിയതായി സ്ഥിരീകരിച്ചു. ഡോക്കിങ് പൂർത്തിയാക്കിയ ശേഷം നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ബഹിരാകാശ നിലയത്തിലെത്തി സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ആലിംഗനം ചെയ്തു.
‘ഇന്ന് എന്തൊരു അത്ഭുതകരമായ ദിവസമായിരുന്നുവെന്ന്’ നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പാം മെൽറോയ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുനിത വില്യംസിനെയും ബച്ച് വിൽമോറിറെയും ഒപ്പം കൂട്ടി ഹേഗും ഗോർബുനോവും ബഹിരാകാശ നിലയത്തിൽ നിന്ന് ഫെബ്രുവരിയിലാകും മടങ്ങുക.
ജൂൺ അഞ്ചിനാണ് സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും കൊണ്ട് ബോയിങ് സ്റ്റാർലൈനർ പേടകം ബഹിരാകാശത്തേക്ക് പുറപ്പെടുന്നത്. ജൂൺ 18 ന് ഭൂമിയിൽ തിരിച്ചെത്തേണ്ട സംഘത്തിന്റെ തിരിച്ചുവരവാണ് അനിശ്ചിതമായി നീണ്ടത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാറുണ്ടായതോടെയാണ് സംഘം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല. വിവിധ തിയതികൾ നാസ അറിയിച്ചെങ്കിലും പിന്നീട് അതെല്ലാം നീട്ടിയിരുന്നു.
സെപ്റ്റംബറിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം തിരിച്ചെത്തിച്ചിരുന്നു. ന്യൂ മെക്സിക്കോയിൽ ഒരു തടസ്സവുമില്ലാതെയാണ് ഭൂമിയിലേക്കെത്തിയത്.
Contact confirmed at 5:30pm ET (2130 UTC). Next, the Dragon spacecraft will complete the docking sequence, and undergo a series of checks before crews can open the hatch and welcome #Crew9 to the @Space_Station. pic.twitter.com/y3ve8FLBqs
— NASA (@NASA) September 29, 2024
Adjust Story Font
16