നാലു മന്ത്രിമാരെ ഉൾപ്പെടുത്തി ഐക്യസർക്കാർ രൂപീകരിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ

ജനരോഷത്തെ തുടർന്ന് രാജിവെച്ച മഹിന്ദ രാജപക്‌സ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി ജി.എൽ. പെരിസ് ഉൾപ്പെടെ നാല് മന്ത്രിമാരെ ഉൾപ്പെടുത്തായാണ് മന്ത്രിസഭ രൂപീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-15 01:47:51.0

Published:

15 May 2022 1:46 AM GMT

നാലു മന്ത്രിമാരെ ഉൾപ്പെടുത്തി ഐക്യസർക്കാർ രൂപീകരിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ
X

ശ്രീലങ്കയിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗെ നാലു മന്ത്രിമാരെ ഉൾപ്പെടുത്തി ഐക്യസർക്കാർ മന്ത്രിസഭ രൂപീകരിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഐക്യസർക്കാറിൽ ചേരണമെന്ന് ആവശ്യപ്പെട്ട് റനിൽ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസക്ക് കത്തയച്ചു. രാഷ്ട്രീയ വേർതിരിവ് മാറ്റിവെച്ച് ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയാവണമെന്നാണ് ആവശ്യം.

ജനരോഷത്തെ തുടർന്ന് രാജിവെച്ച മഹിന്ദ രാജപക്‌സ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി ജി.എൽ. പെരിസ് ഉൾപ്പെടെ നാല് മന്ത്രിമാരെ ഉൾപ്പെടുത്തായാണ് മന്ത്രിസഭ രൂപീകരിച്ചത്. വിദേശകാര്യമന്ത്രിയുടെ വകുപ്പ് തന്നെയാണ് ജി എൽ പെരിസിന് നൽകിയത്. എന്നാൽ, റനിൽ മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗയയും മറ്റ് പ്രതിപക്ഷ പാർട്ടികളും. അതിനിടെ, പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കുന്ന റനിലിന് പിന്തുണ നൽകുമെന്ന് ഭരണകക്ഷിയായ എസ്.എൽ.പി.പി അറിയിച്ചു. റനിലുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റാൻ ഒരുമിച്ച് നിൽക്കുമെന്ന് എസ്.എൽ.പി.പി നേതാവ് എസ്.എം. ചന്ദ്രസേന പറഞ്ഞു.

225 അംഗ പാർലമെന്റിൽ എസ്.എൽ.പി.പിക്ക് 114 സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതി. മറ്റു ചില ചെറു പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതിനാൽ റനിൽ വിക്രമസിങ്കെ പ്രധാനമന്ത്രിസ്ഥാനത്ത് തുടരാനാണ് സാധ്യത. അതേസമയം, ഇന്ധനത്തിനും പാചകവാതകത്തിനുമുള്ള ക്ഷാമം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭങ്ങൾ ശ്രീലങ്കയിൽ ശക്തമാവുകയാണ്.

TAGS :

Next Story