Quantcast

ഇസ്രായേലിന്റെ സ്ക്വിഡ് ഗെയിം; സഹായകേന്ദ്രത്തിൽ എത്താൻ 'ഗോ സിഗ്നൽ', പാതിവഴിയിൽ വെടിവെപ്പ്

ഗസ്സ നിവാസികൾക്ക് ഭക്ഷണം ലഭിക്കാനുള്ള ഏക മാർഗം മരണത്തിലേക്ക് നടന്നെത്തുക എന്നത് മാത്രമാണ്. ഇസ്രായേൽ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ഡ്രോണുകളുടെയും നടുവിലേക്കാണ് ഈ മനുഷ്യർ ഒരു രാത്രി മുഴുവൻ സഞ്ചരിച്ച് ചെന്നെത്തുന്നത്... സിഗ്നൽ ലഭിക്കുന്നത് അനുസരിച്ച് സഹായകേന്ദ്രത്തിനടുത്തേക്ക് പോകാം.. ഗോ സിഗ്നൽ എന്നാണ് ഇതറിയപ്പെടുന്നത്.. ഈ സിഗ്നൽ കിട്ടി നീങ്ങുന്ന പകുതിയിലേറെ മനുഷ്യരും കുറച്ച് ദൂരം പിന്നിടുമ്പോൾ തന്നെ വെടിയേറ്റ് വീഴുന്നു..

MediaOne Logo

Web Desk

  • Updated:

    2025-07-24 13:00:06.0

Published:

24 July 2025 6:15 PM IST

ഇസ്രായേലിന്റെ സ്ക്വിഡ് ഗെയിം; സഹായകേന്ദ്രത്തിൽ എത്താൻ ഗോ സിഗ്നൽ, പാതിവഴിയിൽ വെടിവെപ്പ്
X

സ്ക്വിഡ് ഗെയിം എന്ന കൊറിയൻ സീരീസ് കണ്ടിട്ടുണ്ടാകുമല്ലോ... നെറ്റ്ഫ്ലിക്‌സിൽ വളരെ പോപ്പുലർ ആയ ഒരു സീരീസാണ്.. ഒരു തരത്തിലും ജയിക്കാൻ അവസരമില്ലാത്ത ഒരു മരണക്കളി, അതിൽ വന്നുപെടുന്ന ആത്മത്യയുടെ വക്കിൽ നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ.. ലോകമറിയാത്ത ഏതോ വിദൂരദ്വീപില്‍ നടക്കുന്ന കളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ജീവനോടെയുള്ള മടക്കം ജയിച്ചാല്‍ മാത്രം! ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ഇങ്ങനെയൊരു ഗെയിം ആണെന്ന് തോന്നിപ്പോവും.. ഇവിടെ ആയുധം പട്ടിണിയാണ്. ഗസ്സ നിവാസികൾക്ക് ഭക്ഷണം ലഭിക്കാനുള്ള ഏക മാർഗം മരണത്തിലേക്ക് നടന്നെത്തുക എന്നത് മാത്രമാണ്. ഇസ്രായേൽ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ഡ്രോണുകളുടെയും നടുവിലേക്കാണ് ഈ മനുഷ്യർ ഒരു രാത്രി മുഴുവൻ സഞ്ചരിച്ച് ചെന്നെത്തുന്നത്... സിഗ്നൽ ലഭിക്കുന്നത് അനുസരിച്ച് സഹായകേന്ദ്രത്തിനടുത്തേക്ക് പോകാം.. ഗോ സിഗ്നൽ എന്നാണ് ഇതറിയപ്പെടുന്നത്.. ഈ സിഗ്നൽ കിട്ടി നീങ്ങുന്ന പകുതിയിലേറെ മനുഷ്യരും കുറച്ച് ദൂരം പിന്നിടുമ്പോൾ തന്നെ വെടിയേറ്റ് വീഴുന്നു..

ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കാനുള്ള ഏക മാർഗം ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് ചെന്നെത്തുക എന്നതാണ്. അൽ ജസീറയുടെ സനദ് ഏജൻസി, ജൂലൈ 13ന് റഫാ ഷകൗഷ് പ്രദേശത്തെ GHF എയ്‌ഡ്‌ വിതരണ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്‌തിരുന്നു. പട്ടിണിയിൽ വലയുന്ന മനുഷ്യർ മണിക്കൂറുകളുടെയോ ചിലപ്പോൾ ദിവസങ്ങളുടെയോ കാത്തിരിപ്പിലാണ് ഈ സഹായവിതരണ കേന്ദ്രങ്ങളുള്ള പ്രദേശത്തേക്ക് തന്നെ എത്തുന്നത്. ഇസ്രായേൽ ടാങ്കുകളും ഡ്രോണുകളും വളഞ്ഞ വഴികളിലൂടെ മരണം മുന്നിൽ കണ്ട് കാൽനടയായി ഈ മനുഷ്യർ ഭക്ഷണം തേടിയെത്തുന്നു.

ആളുകൾക്ക് വാഹനങ്ങളോ കാർട്ടുകളോ ഒരു പ്രത്യേക പോയിന്റ് വരെ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഈ സ്ഥലം വിതരണ കേന്ദ്രത്തിൽ നിന്ന് കുറഞ്ഞത് 1.5 കിലോമീറ്റർ അകലെയായിരിക്കും. സഹായ വിതരണകേന്ദ്രത്തിൽ എത്തിപ്പെട്ടാൽ തന്നെ ലഭിക്കുന്ന ഭക്ഷണപ്പൊതികളോ ബോക്‌സുകളോ വഹിച്ചുകൊണ്ട് അതേ ദൂരം തിരികെ നടക്കേണ്ടിവരും. സഹായവിതരണം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവിടേക്ക് ആളുകൾ എത്തിത്തുടങ്ങും. തങ്ങളുടെ സ്ഥാനം നഷ്‌ടപെടാതിരിക്കാൻ അവരാ പരിസരത്ത് തന്നെ കാത്തിരിക്കും. ഒരു കുടുംബത്തിന്റെ അര വയർ പോലും നിറക്കാൻ സാധിക്കാത്ത വളരെ പരിമിതമായ ആ ഭക്ഷണപ്പൊതിക്ക് വേണ്ടി...

തുറസായ സ്ഥലത്ത് കാത്തിരിക്കുന്നത് മരണം വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് അവർക്കറിയാം. അതിനാൽ മണൽക്കൂനകൾക്കിടയിലുള്ള “അൽ-ജൗറ”യിലാണ് അഭയം തേടുന്നത്. ഇസ്രായേലി വെടിയുണ്ടകളിൽ നിന്ന് രക്ഷനേടാനും സഹായകേന്ദ്രത്തിലേക്ക് എത്താനുള്ള അനുമതി കാത്തും മണിക്കൂറുകളോളം ആളുകൾ ഇവിടെ തുടരുന്നു. അസഹനീയമായ ചൂടും നീണ്ട കാത്തിരിപ്പും കാരണം ഇവിടെ കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണവും കുറവല്ല. “ഗോ സിഗ്നലിനായി” കാത്തിരിക്കാൻ 12 മുതൽ 24 മണിക്കൂർ വരെ നേരത്തെ എത്തുന്നവരുണ്ട്.

അൽ-ജൗറയിലെ ജിഎച്ച്എഫ് സൈറ്റുകളിൽ 'ഗോ സിഗ്നൽ' എന്നത് ഒരു നിർണായക സമയമാണ്. ഇസ്രയേൽ സൈന്യമോ ജിഎച്ച്എഫ് പ്രവർത്തകരോ ജനങ്ങൾക്ക് ഭക്ഷണം എടുക്കാൻ അനുവാദം നൽകുന്ന സിഗ്നലാണിത്. സാധാരണയായി ഗോ സിഗ്നൽ കേൾക്കുന്നത് ഇസ്രായേലി ഡ്രോണുകളിൽ നിന്നാണ്. ആളുകൾക്ക് സഹായ വിതരണ കേന്ദ്രത്തിലേക്ക് എത്താൻ കഴിയും എന്നാണ് ഇതിന്റെ അർഥം. എന്നാൽ, സഹായവിതരണ കേന്ദ്രത്തിലേക്ക് ഇനിയും ഒരു കിലോമീറ്റർ ദൂരം നടക്കാനുണ്ടാകും.

2025 മെയ് മുതൽ ജിഎച്ച്എഫ് സൈറ്റുകളിൽ 1000ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജനക്കൂട്ടത്തിനു നേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്നതായും, ചിലപ്പോൾ ഡ്രോണുകൾ വഴി 'ഗോ' എന്ന സിഗ്നൽ നൽകിയ ശേഷം ആക്രമണം നടത്തുന്നതായും ആരോപണങ്ങളുണ്ട്. ജൂൺ 2-ന്, 75 പേർ ഇത്തരത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

റഫയിലെ പൂർണ്ണ സൈനിക നിയന്ത്രണത്തിന് പുറമേ സഹായ വിതരണ കേന്ദ്രത്തിന് ചുറ്റും ഇസ്രായേലി സൈന്യം ബാരിയറുകളും നിരവധി സൈനിക വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇവിടേക്ക് അടുക്കുംതോറും വെടിയേറ്റ് വീഴാനുള്ള സാധ്യത കൂടുതലാണ്. ഇസ്രായേലി സ്നൈപ്പർ നെറ്റുകളും സൈനിക ഔട്ട്‌പോസ്റ്റുകളും ഈ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.

ജൂലൈ 14ന് ഫലസ്‌തീൻ പ്രവർത്തകർ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ, സഹായ വിതരണ ഗേറ്റിലേക്ക് എത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, അൽ-ജൗറയിലെ ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി കാണാനാകും. ജൂലൈ 12ന്, ജിഎച്ച്എഫ് സൈറ്റിൽ ഭക്ഷണ സഹായത്തിനായി കാത്തിരുന്ന 34 പേരെയും ഇസ്രായേൽ സൈന്യംകൊലപ്പെടുത്തിയിരുന്നു.

സഹായകേന്ദ്രത്തിലേക്ക് അടുക്കുമ്പോൾ സൈന്യം ജനങ്ങൾക്ക് നേരെ പേപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. ഈ ക്രൂരതകളെല്ലാം അതിജീവിച്ച് ജിഎച്ച്എഫിന്റെ വാതിൽക്കൽ എത്തുന്നവരുടെയും പോരാട്ടം പക്ഷേ അവസാനിക്കുന്നില്ല. കൂട്ടത്തോടെ എത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്തതും സഹായം വിതരണം തുടങ്ങുന്ന സമയം എപ്പോഴാണെന്ന് വ്യക്തമാക്കാത്തതും അരാജകത്വമാണ് സൃഷ്‌ടിക്കുന്നതെന്ന് റഫയിൽ നിന്ന് കുടിയിറക്കപ്പെട്ട പത്രപ്രവർത്തകൻ മുഹന്നദ് ഖേഷ്‌ത അൽ ജസീറയോട് വിവരിക്കുന്നുണ്ട്.

ആളുകൾ വിതരണ കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയാണ്. അവിടെ ടേബിളുകളിൽ എയ്‌ഡ്‌ പാക്കേജുകൾ ക്രമരഹിതമായി കൂട്ടിയിട്ടിരിക്കുകയാണ്. ആർക്ക് വേണമെങ്കിലും ഇതെടുക്കാം. വിശന്നുവലഞ്ഞ് ഊഴംകാത്ത് മടുത്ത ആളുകൾ തള്ളിക്കയറാൻ ശ്രമിക്കും. പക്ഷേ, ഭൂരിഭാഗം ആളുകളും വെറുംകയ്യോടെയാണ് മടങ്ങുന്നത്. കൂടുതൽ ബോക്‌സുകളും അവസാനം ഒഴിഞ്ഞുകിടക്കുകയാണ്. ആർക്കാണ് സഹായം കിട്ടിയതെന്ന് പോലും ഉത്തരമില്ല. ഒരൽപം ഭക്ഷണം ലഭിച്ച ആളുകൾ ആയിരക്കണക്കിന് വിശന്നുവലഞ്ഞ് വരുന്ന മനുഷ്യർ വരുന്ന അതേവഴിയിലൂടെയാണ് തിരിച്ച് പോകേണ്ടി വരുന്നത് എന്നത് മറ്റൊരു ദുരവസ്ഥ. പരസ്‌പരം ഭക്ഷണം പിടിച്ചുപറിക്കാൻ ശ്രമിക്കുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകാറുള്ളതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31 പേർ മരിക്കുകയും 107 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്ന് ഫലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സഹായത്തിന്റെ മറവിൽ ഇസ്രായേലിന്റെ മരണക്കെണിയിൽ പെട്ടവരുടെ എണ്ണം 922 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 5,861 ആയി. ഗസ്സയിലെ അഞ്ചിൽ ഒരാൾ നിലവിൽ പട്ടിണി നേരിടുന്നതായി മെയ് മാസത്തിൽ ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ടുണ്ടായിരിക്കുന്നു. ജനസംഖ്യയുടെ 93 ശതമാനവും കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നു.

ഹമാസ് സിവിലിയൻമാരുടെ സഹായം തട്ടിയെടുക്കുന്നത് തടയാനെന്ന പേരിൽ കൊണ്ടുവന്നതാണ് ഇസ്രായേൽ ജിഎച്ച്എഫ് എന്ന കുപ്രസിദ്ധ സംഘടനയെ. ഈ വാദങ്ങൾക്കൊന്നും ഇന്നേവരെ ഒരു തെളിവ് പോലും നൽകാൻ ഐഡിഎഫിന് കഴിഞ്ഞിട്ടില്ല. പതിനൊന്ന് മനുഷ്യാവകാശ സംഘടനകൾ ഒപ്പുവെച്ച ഒരു പ്രസ്‌താവനയിൽ, ജിഎച്ച്എഫിനെ പാശ്ചാത്യ സുരക്ഷ, സൈനിക വ്യക്തികളുമായി രാഷ്ട്രീയ ബന്ധമുള്ളവർ നയിക്കുന്ന ഒരു പദ്ധതി എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പട്ടിണിക്കിട്ടും, വിശപ്പകറ്റാൻ കാത്തിരിക്കുന്നവർക്കുമേൽ ബോംബ് വർഷിച്ചും നടത്തുന്ന വംശഹത്യ നിർത്തണമെന്ന് വൻശക്തിരാജ്യങ്ങൾ വരെ ആവശ്യപ്പെട്ടുകഴിഞ്ഞു... ഗസ്സയിൽ ഇനി എന്താണ് ഇസ്രായേലിന് ചെയ്യാൻ ബാക്കിയുള്ളത്!

TAGS :

Next Story