Quantcast

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം: ഇസ്രായേൽ സേനയ്‌ക്കെതിരെ കോടതിയെ സമീപിച്ച് ഇരകൾ

ഏകദേശം 460 കോടി രൂപ വരുന്ന 200 മില്യൻ ഇസ്രായേൽ ന്യൂ ഷെക്കെൽ ആണ് പരാതിക്കാര്‍ നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Jan 2024 7:25 AM GMT

Survivors of Supernova music festival attack of Hamas sue Israeli security forces over negligence, October 7 attack, Hamas attack on Israel, Israel attack on Gaza, Supernova music festival attack survivors sue Israeli security forces,
X

തെൽഅവീവ്: ഇസ്രായേൽ സേനയ്‌ക്കെതിരെ നിയമനടപടിയുമായി ഹമാസ് ആക്രമണത്തിന്റെ ഇരകൾ. ഒക്ടോബർ ഏഴിന് സൂപ്പർനോവ ഡെസേര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലിനിടെയുണ്ടായ ആക്രമണത്തിൽനിന്നു പരിക്കുകളോടെ രക്ഷപ്പെട്ടവരാണ് ഇസ്രായേൽ പ്രതിരോധസേനയ്‌ക്കെതിരെ ഉൾപ്പെടെ കോടതിയെ സമീപിച്ചിരിക്കുന്നത്. 42 പേരാണു നഷ്ടപരിഹാരം തേടി കോടതിയിലെത്തിയതെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളിൽ സുരക്ഷാ വിഭാഗങ്ങളെ പഴിചാരി തെൽഅവീവ് കോടതിയിലാണ് ഇരകൾ ഹരജി സമർപ്പിച്ചിരിക്കുന്നത്. ഐ.ഡി.എഫ്, ഷിൻ ബെത്ത് സുരക്ഷാ വിഭാഗം, ഇസ്രായേൽ പൊലീസ്, പ്രതിരോധ മന്ത്രാലയം എന്നിവർക്കെല്ലാം സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 200 മില്യൻ ഇസ്രായേൽ ന്യൂ ഷെക്കെൽ(ഏകദേശം 460 കോടി രൂപ) ആണു നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്.

അപകടസൂചന ലഭിച്ച ശേഷം സേനാവൃത്തങ്ങളിൽനിന്ന് പാർട്ടിയുടെ ചുമതലയുള്ള കമാൻഡർക്ക് ഒരു ഫോൺകോൾ പോയിരുന്നെങ്കിൽ ഒരുപാട് ജീവനുകൾ രക്ഷിക്കാനാകുമായിരുന്നു. അടിയന്തരമായി ഫെസ്റ്റിവൽ പിരിച്ചുവിടാനുള്ള അവസരമുണ്ടാകുമായിരുന്നു. പാർട്ടിക്ക് എത്തിയ നൂറുകണക്കിനു പേർ നേരിട്ട ശാരീരികവും മാനസികവുമായ പരിക്കുകളും ഒഴിവാക്കാമായിരുന്നു. ഈ അശ്രദ്ധയും അതിഗുരുതരമായ ജാഗ്രതക്കുറവും അവിശ്വസനീയമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഒക്ടോബർ ഏഴിന് ഹമാസിന്റെ മിന്നലാക്രമണത്തിൽ ഏറ്റവും വലിയ ആളപായമുണ്ടായ വേദികളിലൊന്നാണ് കിബ്ബുറ്റ്‌സ് റീമിനു സമീപത്തു നടന്ന മ്യൂസിക് ഫെസ്റ്റിവൽ. 1,200 ഇസ്രായേലികൾ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. 240 പേരെ ബന്ദികളാക്കുകയും ചെയ്തു. പാർട്ടിയിൽ പങ്കെടുത്ത 364 പേർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 40 പേർ ബന്ദികളാകുകയും ചെയ്തു. ഇതിൽ ഏതാനും പേർ മാത്രമാണു മോചിതരായത്. നിരവധി പേർക്കു പരിക്കേറ്റു. പലരും മാനസികമായും തകർന്നിരിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.

Summary: Survivors of Supernova music festival attack on Hamas sue Israeli security forces over negligence

TAGS :

Next Story