Quantcast

യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി വിലക്കി സ്വിറ്റ്‌സര്‍ലന്‍ഡ്; ഹോര്‍മുസിലേക്ക് പടക്കപ്പലുകള്‍ അയച്ചിട്ടില്ലെന്ന് ഫ്രാന്‍സ്

നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സ്വിസ് ഭരണകൂടം

MediaOne Logo
Switzerland closes airspace for US
X

ബേണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ യുഎസ് യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് വിലക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ഞായറാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡ് അനുമതി നിഷേധിച്ചത്. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സ്വിസ് ഭരണകൂടം വ്യക്തമാക്കി.

അതിനിടെ, ഹോര്‍മുസിലേക്ക് 10 പടക്കപ്പലുകള്‍ അയക്കുമെന്ന വാര്‍ത്ത ഫ്രാന്‍സ് നിഷേധിച്ചു. ഫ്രാന്‍സും ചൈനയും ഉള്‍പ്പെടെ രാജ്യങ്ങള്‍ ഹോര്‍മുസ് സംരക്ഷിക്കാന്‍ വരുമെന്ന് കരുതുന്നതായി ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ പടക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തുടരുകയാണെന്നും ഹോര്‍മുസിലേക്ക് അയച്ചിട്ടില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ എന്നിവയാണ് ഫ്രഞ്ച് നിലപാടെന്നും ഭീതിപരത്തല്‍ നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

യുദ്ധം തുടരവേ ലോകരാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം നടത്തുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയവരും മറ്റുള്ള രാജ്യങ്ങളും ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫ്രാന്‍സ് യുദ്ധക്കപ്പലുകള്‍ അയച്ചുവെന്ന അഭ്യൂഹം പരന്നത്.

അതിനിടെ, ഹോര്‍മുസ് പൂര്‍ണമായി അടച്ചില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് പൂര്‍ണമായി അടച്ചിട്ടില്ലെന്നും യുഎസ്, ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകളെ മാത്രമാണ് പ്രതിരോധിക്കുന്നതെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി പറഞ്ഞു. അയല്‍ രാജ്യങ്ങളുമായി ഇറാന്‍ യുദ്ധത്തിലല്ല, യുഎസ് കേന്ദ്രങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story