Quantcast

‘ഇസ്രായേലിനെതിരായ പോരാട്ടം ശക്തമാക്കും’; ചർച്ച നടത്തി ഹമാസ് - ഹൂതി നേതാക്കൾ

റഫക്ക് നേരെ ആക്രമണം ഉണ്ടായാൽ ഹൂതികളുടെ സഹായത്തോടെ വലിയ രീതിയിലുള്ള പ്രത്യാക്രമണം നടത്താനാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    17 March 2024 5:11 AM GMT

hamas
X

ബെയ്റൂത്ത്: ഇസ്രായേലിനെതിരായ പോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഹമാസിന്റെയും യെമനിലെ ഹൂതികളുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഹമാസ് പ്രതിനിധി​കളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചർച്ചയുടെ വിവരം ഹൂതികളും സ്ഥിരീകരിച്ചു. ലെബനാനിലാണ് കൂടിക്കാഴ്ച നടത്തിയതെന്നും ​പോരാട്ടം വിപുലീകരിക്കാനും ഇസ്രായേലിനെ കൂടുതൽ വളയുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായും ഇവർ വ്യക്തമാക്കി.

യുദ്ധം ആറ് മാസം പിന്നിട്ട വേളയിൽ, അടുത്ത ഘട്ടം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി ഹമാസ് വൃത്തങ്ങളും അറിയിച്ചു. റഫക്ക് നേരെ ആക്രമണം ഉണ്ടായാൽ ഹൂതികളുടെ സഹായത്തോടെ വലിയ രീതിയിലുള്ള പ്രത്യാക്രമണം നടത്താനാണ് തീരുമാനം.

യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗസ്സയിലെ എല്ലാ മേഖലകളിലും യുദ്ധം സമർത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട്. ശത്രുവിന് നാശനഷ്ടം വരുത്തുന്നത് തുടരും. മേഖലയിലെ അധികാര സന്തുലിതാവസ്ഥക്ക് പുറമെ, തങ്ങളെ പിന്തുണക്കുന്ന മുന്നണികളുമായി ചേർന്ന് ഏത് സഹചര്യവും നേരിടാൻ തയാറാണെന്നും ഹമാസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയിൽ പ്രതിഷേധിച്ച് ഹൂതികൾ ചെങ്കടലിൽ ഇസ്രായേൽ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നുണ്ട്. ഹമാസിന്റെ ചെറുത്തിനിൽപ്പിനെ പിന്തുണക്കുന്നതിന്റെ ഭാഗമായി കപ്പലുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് ഹൂതികൾ അറിയിച്ചു.

യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽനിന്ന് ചെങ്കടലിലേക്ക് മൂന്ന് കപ്പൽവേധ ബാലിസ്റ്റിക് മിസൈലുകൾ കഴിഞ്ഞദിവസം തൊടുത്തുവിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പരിക്കുകളോ മറ്റു കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഇറാ​ന്റെ സഹായത്തോടെയാണ് ഹൂതികളുടെ ആക്രമണമെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാൽ, ഹൂതികൾ ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നു. ഹൂതികളുടെ ആക്രമണം അവസാനിപ്പിക്കാൻ ഇറാന് മേൽ അമേരിക്ക സമ്മർദ്ദം ചെലുത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടാതെ ഇറാഖിലെയും സിറിയയിലെയും ഇറാൻ പിന്തുണയുള്ള സേനകളോട് അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിടുന്നത് നിർത്താനും ആവ​ശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജ്യം ബുഹുമുഖ യുദ്ധത്തിലാണെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും വടക്കൻ അതിർത്തികളിലും ഒരേസമയം വെല്ലുവിളി നേരിടുന്നുണ്ട്. റമദാനിൽ സൈന്യം അതീവ ജാഗ്രതയിലാണെന്നും വെസ്റ്റ്ബാങ്കിലും ജറുസലേമിലും അശാന്തി സൃഷ്ടിക്കാൻ ഹമാസ് ശ്രമിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

അതേസമയം, വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടയിലും റഫയിൽ ആക്രമണം നടത്താനുള്ള പദ്ധതിക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെള്ളിയാഴ്ച അംഗീകാരം നൽകി. ദശലക്ഷക്കണക്കിന് ഗസ്സക്കാർ അഭയം പ്രാപിച്ച ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരം ആക്രമിക്കാനാണ് അനുമതി നൽകിയത്. റഫയിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രായേൽ പ്രതിരോധ സേനയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേലിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത വംശഹത്യ റമദാൻ മാസത്തിലും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഒക്ടോബർ ഏഴിന് ശേഷം ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,553 ആയി. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 73,546 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story