മുസ്‌ലിംകളെക്കുറിച്ച് ഏകപക്ഷീയ ചിത്രീകരണം; 'കശ്മീർ ഫയൽസ്' നിരോധിച്ച് സിംഗപ്പൂർ

വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന തരത്തിലുള്ളതാണ് ചിത്രമെന്ന് സിംഗപ്പൂർ വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റി

MediaOne Logo

Web Desk

  • Updated:

    2022-05-09 17:00:41.0

Published:

9 May 2022 5:00 PM GMT

മുസ്‌ലിംകളെക്കുറിച്ച് ഏകപക്ഷീയ ചിത്രീകരണം; കശ്മീർ ഫയൽസ് നിരോധിച്ച് സിംഗപ്പൂർ
X

സിംഗപ്പൂർ: വിവാദ ബോളിവുഡ് ചിത്രം 'ദ കശ്മീർ ഫയൽസി'ന് സംഗപ്പൂരിൽ നിരോധനം. മുസ്‌ലിംകളെക്കുറിച്ച് ഏകപക്ഷീയമായ രീതിയിൽ ചിത്രീകരിക്കുന്ന ചിത്രം നാട്ടിലെ മതസൗഹാർദം തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിംഗപ്പൂർ വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റി(ഐ.എം.ഡി.എ)യാണ് വിലക്കേർപ്പെടുത്തിയത്.

ആഭ്യന്തര, സാംസ്‌കാരിക-യുവജന മന്ത്രാലയങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഐ.എം.ഡി.എ അറിയിച്ചു. സിനിമയിൽ കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൡ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിക്കുകയും മുസ്‌ലിംകളെ ഏകപക്ഷീയമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തതായി മന്ത്രാലയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫിലിം ക്ലാസിഫിക്കേഷൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഐ.എം.ഡി.എ പറയുന്നു.

സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷൻ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ പോന്നതാണ് ചിത്രം. സിംഗപ്പൂരിലെ ബഹുമത സമൂഹത്തിൽ നിലനിൽക്കുന്ന മതസൗഹാർദവും സാമൂഹിക അഖണ്ഡതയും തകർക്കുന്നതാണിത്-ഐ.എം.ഡി.എ സൂചിപ്പിക്കുന്നു.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ 'ദി കശ്മീർ ഫയൽസി'നെതിരെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നിട്ടുള്ളത്. പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്താൽ കശ്മീരിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. എന്നാൽ, ബി.ജെ.പി ചിത്രത്തെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതാണ് ചിത്രമെന്നും വ്യാപക വിമർശനമുയർന്നിരുന്നു. ഇതിനിടയിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണയും നൽകിയിരുന്നു. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Summary: Singapore to ban 'The Kashmir Files' film for its one-sided portrayal of Muslims

TAGS :

Next Story