Quantcast

‘സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചാൽ കൂട്ടമായി രാജ്യംവിടും’; ഇസ്രായേലിന് മുന്നറിയിപ്പുമായി ജൂത പുരോഹിതൻ

യുദ്ധത്തിനിടെ നിരവധി ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    10 March 2024 4:34 AM GMT

Israeli Chief Sephardic Rabbi Yitzhak Yosef
X

തെൽ അവീവ്: നിർബന്ധിത സൈനിക സേവനം സംബന്ധിച്ച പുതിയ നിർദേശം നടപ്പാക്കിയാൽ ഇസ്രായേലിൽനിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് മുതിർന്ന ജൂത പുരോഹിതൻ. ഇസ്രായേലി ചീഫ് സെഫാർഡിക് റബ്ബി യിത്സാക്ക് യോസഫാണ് സർക്കാറിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഇദ്ദേഹത്തിന്റെ പ്രസ്താവന വലിയ കോളിളക്കാണ് അധിനിവേശ രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്.

നിങ്ങൾ ജനങ്ങളെ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചാൽ എല്ലാവരും വിദേശത്തേക്ക് പോകുമെന്ന് യോസഫ് വ്യക്തമാക്കി. ‘ഞങ്ങൾ സ്വന്തമായി ടിക്കറ്റ് എടുക്കും. ഞങ്ങളെ സൈന്യത്തിലേക്ക് നിർബന്ധിക്കാനാകില്ല. സർക്കാറും ഇതിന് കൂട്ടുനിൽക്കുകയാണ്. മതപഠന സ്ഥാപനങ്ങൾ ഇല്ലെങ്കിൽ സൈന്യത്തിന് വിജയിക്കാനാകില്ലെന്ന് ഈ മതേതര ആളുകൾ മനസ്സിലാക്കണം’ -റബ്ബി യോസഫ് വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യക്കിടയിലാണ് യോസഫിന്റെ പ്രസ്താവന വരുന്നത്. സൈന്യത്തിൽ ആൾക്ഷാമമുണ്ടെന്നും മതപഠനശാലകളി​ലെ വിദ്യാർഥികളെ നിർബന്ധിത സൈനിക സേവനത്തിന് സജ്ജമാക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

യുദ്ധത്തിനിടെ നിരവധി ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നല്ലൊരു ശതമാനം പേർക്കും ഗുരുതര വൈകല്യങ്ങൾ ബാധിച്ചിട്ടുണ്ട്. കൂടാതെ മാനസിക പ്രശ്നങ്ങളും പല സൈനികരെയും അലട്ടുന്നുണ്ട്.

ഇതിനിടയിലാണ് സർക്കാർ കൂടുതൽ പേരെ സൈന്യത്തിലേക്ക് ചേർക്കാൻ ഉദ്ദേശിക്കുന്നത്. സൈനികസേവനത്തിൽനിന്ന് മതപഠന വിദ്യാർഥികൾക്കുള്ള ഇളവ് നിർത്തലാക്കാനുള്ള പദ്ധതിക്കെതിരെ തീവ്ര - ഓർത്തഡോക്സ് ജൂതന്മാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ പ്രതിഫലനമാണ് യോസഫിൻ്റെ മുന്നറിയിപ്പ്.

2013ൽ യോസഫിൻ്റെ പിതാവും മുൻ ചീഫ് റബ്ബിയുമായ ഒവാഡിയ യോസഫും സമാനമായ പ്രസ്താവന നടത്തിയിരുന്നു. സൈനിക സേവനത്തിന് നിർബന്ധിക്കുകയാണെങ്കിൽ ദൗർഭാഗ്യശാൽ നമുക്ക് ഇസ്രായേലിൽനിന്ന് പോകേണ്ടി വന്നേക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, യിത്സാക്ക് യോസഫിൻ്റെ പ്രസ്താവനക്കെതിരെ ജനപ്രതിനിധികളടക്കം രംഗത്തുവന്നു. പ്രസ്താവന സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇസ്രായേൽ പ്രതിപക്ഷ തലവൻ യായർ ലാപിഡ് പറഞ്ഞു. ‘രാജ്യത്തിൻ്റെ പ്രതിരോധത്തിനായി ജീവൻ ബലിയർപ്പിക്കുന്ന സൈനികർക്ക് അപമാനമാണ് റബ്ബി യോസഫിൻ്റെ വാക്കുകൾ. അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥനാണ്. സർക്കാർ ശമ്പളം ലഭിക്കുന്നതിനാൽ അദ്ദേഹത്തിന് സർക്കാറിനെ ഭീഷണിപ്പെടുത്താൻ കഴിയില്ല. സൈന്യത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നവർക്ക് ഇസ്രായേൽ രാഷ്ട്രത്തിൽനിന്ന് യാതൊരു പ്രതിഫലവും ലഭിക്കില്ല’ -യായർ ലാപിഡ് കൂട്ടിച്ചേർത്തു.

റബ്ബി യിത്സാക്ക് യോസഫും അൾട്രാ ഓർത്തഡോക്സുകാരും ഇസ്രായേലിൻ്റെ സുരക്ഷയെ ഹനിക്കുകയും ജൂത നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണെന്ന് രാഷ്ട്രീയ നേതാവ് അവിഗ്‌ഡോർ ലിബർമാൻ വ്യക്തമാക്കി.

സൈനിക സേവനം വിസമ്മതിച്ചുകൊണ്ട് കഴിഞ്ഞദിവസം ഹരേദി ജൂതൻമാർ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഇസ്രായേൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. അധിനിവേശ അൽ-ഖുദ്‌സിൽ നൂറുകണക്കിന് ഹരേദി ജൂതൻമാർ പ്രതിഷേധിക്കുകയും റോഡുകൾ തടയുകയും ചെയ്തതായി ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ‘സേവിക്കുന്നതിനേക്കാൾ മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

ഇസ്രായേലിലെ തീവ്ര ഓർത്തഡോക്സ് ജൂത വിഭാഗം നിർബന്ധിത സൈനിക സേവനത്തിന് എതിരാണ്. സൈനിക റിക്രൂട്ട്‌മെൻ്റിന് അർഹരായ 50,000 ഹരേദി ജൂത യുവാക്കൾ ഇസ്രായേലിലുണ്ടെന്നാണ് കണക്ക്. എന്നാൽ, ഇതിൽ 1200 പേർ മാത്രമാണ് സൈന്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചത്.

കൂടുതൽ പേരെ സൈന്യത്തിൽ ചേർക്കാനായി പാർലമെന്റിൽ കഴിഞ്ഞ മാസം ബിൽ അവതരിപ്പിച്ചിരുന്നു. ഈ ബിൽ ​പ്രബാല്യത്തിൽ വന്നാൽ സർക്കാർ വലിയ ജനരോഷമാകും നേരിടേണ്ടി വരികയെന്ന് ഹരേദി ജൂതൻമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

TAGS :

Next Story