Quantcast

ഇതാ മെലിഞ്ഞ, ഊര്‍ജസ്വലനായ കിം; ആശ്വാസത്തോടെ ഉത്തര കൊറിയക്കാര്‍

ഉത്തരകൊറിയയുടെ 73ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ അര്‍ധരാത്രി നടത്തിയ സൈനിക പരേഡില്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു കിം

MediaOne Logo

Web Desk

  • Published:

    10 Sept 2021 3:10 PM IST

ഇതാ മെലിഞ്ഞ, ഊര്‍ജസ്വലനായ കിം; ആശ്വാസത്തോടെ ഉത്തര കൊറിയക്കാര്‍
X

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ടെന്‍ഷനിലാകും ഉത്തര കൊറിയക്കാര്‍. ഭാരം കുറച്ച കിമ്മിനെക്കാണുമ്പോള്‍ എന്തെങ്കിലും അസുഖമാണോ എന്ന ചിന്തയായിരുന്നു ജനങ്ങള്‍ക്ക്. ഇപ്പോഴിതാ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് എത്തിയിരിക്കുകയാണ് കിം. മെലിഞ്ഞ, അതേസമയം ഊര്‍ജസ്വലനായ കിമ്മിനെയാണ് പുറത്തുവന്ന ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.



ഉത്തരകൊറിയയുടെ 73ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ അര്‍ധരാത്രി നടത്തിയ സൈനിക പരേഡില്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു കിം. രാജ്യതലസ്ഥാനമായ പ്യോങ്​യാങ്ങിലെ കിം ഇൽ സുങ്​ സ്ക്വ​യറിലായിരുന്നു പരേഡ് നടന്നത്. ക്രീം നിറത്തിലുള്ള സ്യൂട്ടും തിളങ്ങുന്ന വെളുത്ത ടൈയും ധരിച്ച് സ്ക്വയറിലൂടെ നടന്നുനീങ്ങിയ കിം ഒരു നക്ഷത്രം പോലെ പ്രകാശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സൌമ്യമായി പുഞ്ചിരിച്ച കിം തനിക്ക് പൂക്കള്‍ സമ്മാനിച്ച കുട്ടികളെ ചുംബിക്കുകയും ബാല്‍ക്കണിയില്‍ നിന്നും കൈ വീശി ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.



കിം ശരീരഭാരം കുറച്ചതായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി ഉത്തര കൊറിയക്കാരുടെ പ്രധാന ആശങ്ക. ജൂണിൽ ഭരണകക്ഷി യോഗം വിളിക്കാൻ പ്രത്യക്ഷപ്പെട്ടപ്പോഴാണ് കിം മെലിഞ്ഞത് ആദ്യമായി പാപ്പരാസികളുടെ ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് അതെക്കുറിച്ചുള്ള വാര്‍ത്തകളായി. ഇതിനിടയില്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സൈനിക കൂടിക്കാഴ്ചയില്‍ കിമ്മിന്‍റെ തലയുടെ പിന്‍ഭാഗത്ത് ഒരു ബാന്‍ഡേജ് പ്രത്യക്ഷപ്പെട്ടതും ചര്‍ച്ചാവിഷയമായിരുന്നു.

പിതാവിന്‍റെ മരണശേഷം 2011ല്‍ കിം ഭരണത്തിലേറിയപ്പോള്‍ മുതല്‍ ഉത്തരകൊറിയയിലെ പ്രധാന ചര്‍ച്ച വിഷയങ്ങളിലൊന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യം. വര്‍ഷങ്ങളായി കിം ഒരു ചെയിന്‍ സ്മോക്കര്‍ കൂടിയാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.





TAGS :

Next Story