Quantcast

പോരാട്ടത്തിന്‍റെ പാതയില്‍ ഞങ്ങള്‍ക്ക് ഭയം തീരെയില്ല; മാതൃരാജ്യത്തിനു വേണ്ടി തോക്കെടുക്കുന്ന യുക്രൈന്‍ പൗരന്‍മാര്‍

അവര്‍ റൈഫികളുകള്‍ ഞങ്ങള്‍ക്കു നല്‍കി. രാജ്യത്തിനു വേണ്ടി പോരാടാന്‍ ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്

MediaOne Logo

Web Desk

  • Published:

    26 Feb 2022 2:25 AM GMT

പോരാട്ടത്തിന്‍റെ പാതയില്‍ ഞങ്ങള്‍ക്ക് ഭയം തീരെയില്ല; മാതൃരാജ്യത്തിനു വേണ്ടി തോക്കെടുക്കുന്ന യുക്രൈന്‍ പൗരന്‍മാര്‍
X

യുക്രേനിയൻ ചരിത്രകാരനായ യൂറി കോർചെംനി തന്‍റെ ജീവിതത്തിൽ ഒരിക്കലും ഒരു റൈഫിള്‍ കൊണ്ടു വെടിവച്ചിട്ടില്ല. എന്നാൽ റഷ്യന്‍ അധിനിവേശത്തിന്‍റെ രണ്ടാം ദിവസം മറ്റുള്ളവരെപ്പോലെ അയാളും തോക്കെടുത്തു. ''അവര്‍ റൈഫികളുകള്‍ ഞങ്ങള്‍ക്കു നല്‍കി. രാജ്യത്തിനു വേണ്ടി പോരാടാന്‍ ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്'' 35കാരനായ യൂറി പറഞ്ഞു.

കിയവ് നഗരം ലക്ഷ്യമാക്കി റഷ്യന്‍ പട്ടാളം ആക്രമണം കടുപ്പിച്ചതോടെയാണ് പൗരന്‍മാരോടും പോരാട്ടത്തിനിറങ്ങാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തത്. 18,000ത്തോളം തോക്കുകള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്തതായി യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവ് അറിയിച്ചു. നേരത്തെ 60 വയസിനു മുകളിലുള്ളവരോട് യുദ്ധത്തിനിറങ്ങാനായിരുന്നു യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ എല്ലാവരോടും രാജ്യത്തെ കാക്കാന്‍ ഇറങ്ങണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് സെലന്‍സ്‌കി. ഇതോടൊപ്പം, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പല പുരുഷന്‍മാരും ജീവിതത്തില്‍ ആദ്യമായിട്ടാണ് തോക്കില്‍ കൈ വയ്ക്കുന്നതു തന്നെ. എങ്കിലും മാതൃഭൂമിക്കു വേണ്ടി പോരാടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പലയിടങ്ങളിലും വെടിവെപ്പുകള്‍ ഉണ്ടായി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മധ്യവയസ്‌കനെ ആംബുലൻസ് ജീവനക്കാർ കൊണ്ടുപോകുന്നത് എഎഫ്‌പി സംഘം കണ്ടു. കവചിത വാഹനത്തിൽ നിന്ന് റഷ്യക്കാർ തൊടുത്ത വെടിയുണ്ടകള്‍ അയാളെ തുളച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.

സൈറണുകളും വെടിവെപ്പുകളുടെ ഭയപ്പെടുത്തുന്ന ശബ്ദവും നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുകയാണ് അന്തരീക്ഷത്തില്‍. തെരുവുകളില്‍ സൈനികര്‍ നിറഞ്ഞിരിക്കുന്നു. ''ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് പോരാട്ടത്തിനിറങ്ങുന്നതാണ്. ഈ വഴിയില്‍ എനിക്ക് ഭയം കുറവാണ്'' പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടർ റോമൻ ബോണ്ടർസെവ് പറഞ്ഞു. എനിക്ക് വെടിയേറ്റാൽ, ആ സ്ഥാനത്ത് തോക്കെടുക്കാന്‍ മറ്റൊരാള്‍ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയ്ക്ക് യുക്രൈനിൽ എന്താണ് കാര്യം?

യുഎസ് നേതൃത്വം നൽകുന്ന മുപ്പത് പാശ്ചാത്യൻ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് യുക്രൈൻ നാറ്റോയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതിർത്തി രാഷ്ട്രത്തിൽ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങൾക്കുമിടയിലെ 'നോ മാൻസ് ലാൻഡ്' ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയിൽ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്പോട്ടു പോയാൽ കടുത്ത നടപടികൾക്കു വിധേയമാകുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ തങ്ങൾ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്പോട്ടുപോകുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോദിമിർ സെലൻസ്‌കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങൾക്ക് നാറ്റോ അംഗത്വം നൽകിയതാണ് സെലൻസ്‌കിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയൻ അതിർത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിർത്തിയിൽ ഉണ്ടായിരുന്നത്. നാറ്റോയിൽ ചേരില്ലെന്ന ഉറപ്പ് യുക്രൈനിൽ നിന്നും പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.

മാറി നിൽക്കുന്ന യുഎസ്

യുദ്ധ ഭീഷണി ഉയർന്ന വേളയിൽ യുക്രൈനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് യുഎസ്. ആവശ്യമെങ്കിൽ സൈനിക സഹായം നൽകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതിന് ശേഷം, സൈനിക നടപടികളിൽ നിന്നു വിട്ടു നിൽക്കുകയാണ് അമേരിക്ക. പകരം ഉപരോധം കടുപ്പിക്കുകയാണ് ചെയ്തത്. യുഎസിലുള്ള എല്ലാ സമ്പത്തും മരവിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പുറമേ, യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഉപരോധം റഷ്യമായി കാര്യമായി അലട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണ് പ്രധാനമായും യൂറോപ്പുമായി റഷ്യക്കുള്ളത്. ഏത് ഉപരോധത്തിനിടയിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടും. കാരണം, അത് യൂറോപ്പിന്റെ കൂടി ആവശ്യമാണ്. എന്നാൽ നോർട് സ്ട്രീം-2 പൈപ്പ് ലൈൻ പദ്ധതി നിർത്തിവയ്ക്കാനുള്ള ജർമനിയുടെ തീരുമാനം റഷ്യക്ക് തിരിച്ചടിയാണ്. റഷ്യയിൽ നിന്ന് ജർമനി വരെ നീളുന്ന പ്രകൃതിവാതക പൈപ്പ്‌ലൈനാണ് നോർഡ് സ്ട്രീം 2. ചൈന നൽകുന്ന പിന്തുണയും റഷ്യക്ക് ബലമേകുന്നു. യുക്രൈനിൽ റഷ്യ നടത്തിയത് അധിനിവേശമല്ല എന്ന നിലപാടാണ് ചൈനയുടേത്.

മൂന്നാം ലോകയുദ്ധമോ?

റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്ന് ലോകം ആശങ്കപ്പെടുന്നു. ആക്രമണം നീണ്ടു പോയാൽ ഇതോട് യുഎസും നാറ്റോയും എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. എന്നാൽ ലോകമഹായുദ്ധമല്ല, രണ്ടാം ശീതയുദ്ധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചില വിദഗ്ധർ പറയുന്നു.

യുക്രൈനിൽ സർവാധിപത്യം സ്ഥാപിക്കാനായാൽ മധ്യയൂറോപ്പിൽ റഷ്യക്ക് കൂടുതൽ സ്വാധീനം ഉണ്ടാക്കാനാകും. യുക്രൈൻ അധീനതയിലായാൽ നാറ്റോ അംഗ രാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കൻ അതിർത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ രാജ്യങ്ങളുടെ വടക്കൻ അതിർത്തിയിലേക്കും റഷ്യക്ക് എളുപ്പത്തിൽ എത്താനാകും. അയൽരാജ്യമായ ബെലറൂസ് ഇപ്പോൾ തന്നെ റഷ്യൻ സഖ്യരാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി റഷ്യയ്ക്ക് ലഭിക്കുന്ന ഈ മേധാവിത്വം എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാഷ്ട്രങ്ങളും ഭീഷണിയാകും.

സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും

കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും.

വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.

TAGS :

Next Story