Quantcast

പി.എം ഇൻ സിഡ്‌നി മുതൽ യു.പി.എസ്.സി ഫലം വരെ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...

ഹൈന്ദവ ആചാരങ്ങളോടെയാണ് മോദിയെ സിഡ്‌നിയിൽ സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    23 May 2023 1:17 PM GMT

പി.എം ഇൻ സിഡ്‌നി മുതൽ യു.പി.എസ്.സി ഫലം വരെ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...
X

യു.പി.എസ്.സി ഫലം മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്ത്രലിയയിലെ സന്ദർശനം വരെയാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ. ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആൻറണി ആൽബനിസ്, പ്രൈം മിനിസ്റ്റർ മോദി, പിഎംഇൻസിഡ്‌നി, വെൽക്കംമോദി, അമുൽപ്രോട്ടീൻ അഡിഡാസ്ഇന്ത്യ, മോട്ടറോള എഡ്ജ്40, സിഎസ്‌കെവേഴ്‌സസ്ജിടി, ഹയ്ൽസിഎസ്‌കെ, മാച്ച് ഡേ, സാറഅലിഖാൻ റൈഡേഴ്‌സ് തുടങ്ങിയവയൊക്കെ ട്രെൻഡിംഗാണ്.

മോദി സിഡ്‌നിയിൽ

മൂന്നു ദിവസത്തെ പര്യടനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്ര മോദി ആസ്‌ത്രേലിയയിലെ സിഡ്‌നിയിൽ എത്തിയത്. ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. മെഗാ കമ്മ്യൂണിറ്റി പരിപാടിയിലും അദ്ദേഹത്തിനൊപ്പം മോദി പങ്കെടുത്തു. ക്വുഡോസ് ബാങ്ക് അറീനയിൽ 20,000 പേരുടെ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഹൈന്ദവ ആചാരങ്ങളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ബ്രിസ്ബനിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുന്നതടക്കമുള്ള തീരുമാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അതേസമയം ഹാരിസ് പാർക്കിനെ ലിറ്റിൽ ഇന്ത്യയെന്ന് ആൻറണി നാമകരണം ചെയ്തു.

അതേസമയം, മോദിയുടെ ആസ്‌ത്രേലിയൻ സന്ദർശനത്തിനിടെ കാൻബറയിലെ പാർലമെൻറ് ഹൗസിൽ മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നുണ്ട്. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെൻററി ആംനസ്റ്റി ഇൻറർനാഷണലിന്റെയും ചില സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രദർശിപ്പിക്കുന്നത്. ആസ്‌ത്രേലിയൻ എം.പിമാരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മോദിയുടെ സന്ദർശനത്തിനിടെ സിഖ് സംഘടനകളുടെ പ്രതിഷേധവും നടന്നു.

യുപിഎസ്‌സി

സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലാണ് ഇഷിത ബിരുദം സ്വന്തമാക്കിയത്. ഇഷിത തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ഒന്നാമതെത്തിയത്. നേരത്തെയുള്ള രണ്ട് ശ്രമത്തിലും പ്രാഥമിക ഘട്ടം പോലും കടക്കാൻ ഇഷിതയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (ഐ.എ.എസ്) ചേരാനാണ് താത്പര്യമെന്ന് ഇഷിത പറഞ്ഞു. പൊളിറ്റിക്കൽ സയൻസും ഇൻറർനാഷണൽ റിലേഷൻസുമായിരുന്നു ഇഷിതയുടെ ഒപ്ഷണൽ വിഷയങ്ങൾ.

ഗരിമ ലോഹ്യയാണ് രണ്ടാമത്. ഉമ ഹരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. ഗരിമയും സ്മൃതിയും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയവരാണ്. കിരോരിമൽ കോളജിൽ നിന്നാണ് ഗരിമ ലോഹ്യ കൊമേഴ്സിൽ ബിരുദ പഠനം പൂർത്തിയാക്കിയത്. സ്മൃതി മിശ്ര മിറാൻഡ ഹൗസ് കോളേജിലെ ബി.എസ്.സി വിദ്യാർഥിയായിരുന്നു. ഉമ ഹരതിയാവട്ടെ ഐ.ഐ.ടി ഹൈദരാബാദിൽ നിന്നാണ് ബിടെക് പഠനം പൂർത്തിയാക്കിയത്.

ആദ്യ പത്തിൽ ആറ് റാങ്കുകൾ സ്വന്തമാക്കിയത് പെൺകുട്ടികളാണ്. മലയാളിയായ ഗഹന നവ്യ ജയിംസിനാണ് ആറാം റാങ്ക്. കോട്ടയം പാല പുലിയന്നൂർ സ്വദേശിനിയാണ് ഗഹന. പാലയിലാണ് ഡിഗ്രിയും പി.ജിയും പൂർത്തിയാക്കിയത്. ഇപ്പോൾ എം.ജി യൂണിവേഴ്സിറ്റിയിൽ ഐ.ആർ ആൻറ് പൊളിറ്റിക്സിൽ പി.എച്ച്.ഡി ചെയ്യുകയാണ് ഗഹന. 36ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി വി.എം.ആര്യ, 38ാം റാങ്ക് നേടിയ അനൂപ് ദാസ്, 63ാം റാങ്ക് നേടിയ എസ്. ഗൗതം രാജ് എന്നിവരാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി അഡിഡാസിന്റെ ജേഴ്സി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി. ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നായ അഡിഡാസാണ് ഇന്ത്യയുടെ പുതിയ കിറ്റ് സ്പോൺസർ ചെയ്യുന്നത്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചു.

വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ അഡിഡാസ് രൂപകൽപ്പന ചെയ്ത പുതിയ ജേഴ്സിയാകും ധരിക്കുക. ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി അഡിഡാസ് പുതിയ ജേഴ്സി അണിയിച്ചൊരുക്കും. പുതിയ കരാറിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ദീർഘകാല കരാറാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സ്‌പോൺസറായ കില്ലർ ജീൻസിന്റെ കരാർ മെയ് 31-ന് അവസാനിക്കും. അതിനുശേഷം അഡിഡാസുമായുള്ള കരാർ പ്രാബല്യത്തിൽ വരും. കില്ലർ ജീൻസിനു മുമ്പ് എംപിഎൽ ആയിരുന്നു ഇന്ത്യയുടെ കിറ്റ് സ്‌പോൺസർ. വസ്ത്ര ബ്രാൻഡായ കില്ലർ എംപിഎല്ലിൽ നിന്ന് കിറ്റ് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.

ഐ.പി.എൽ ആദ്യ ക്വാളിഫയർ; ഗുജറാത്തിനെതിരെ സി.എസ്.കെ

ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയർ ഇന്ന് രാത്രി 7.30ന് നടക്കും. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് മത്സരം. സി.എസ്.കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം.

സമീപനം കൊണ്ട് ഇരു ടീമുകളും തുല്യരാണ്. സീസണിൽ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനായിരുന്നു വിജയം. സ്ഥിരിതയോടെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റൻസ്.

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്. ചെന്നൈ രണ്ടാം സ്ഥാനത്തും. എതിരാളികളെ ഭയപ്പെടുത്താൻ പാകത്തിലുള്ള കളിക്കാരെല്ലാം ചെന്നൈയിൽ ധാരാളം. ചെപ്പോക്കിലെ പിച്ചിൽ ടോസ് നേടുന്നവർ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ചെപ്പോക്കിലെ വിജയ സാധ്യതയിൽ ടോസിന് നിർണായക പങ്കുണ്ട്.

മോട്ടറോള എഡ്ജ് 40 ലോഞ്ച് ചെയ്തു

144 ഹെർട്‌സ് റിഫ്രഷ് റൈറ്റുള്ള മോട്ടറോള എഡ്ജ് 40 ലോഞ്ച് ചെയ്തു. 5 ജി സ്മാർട്ട് ഫോൺ ചൊവ്വാഴ്ചയാണ് കമ്പനി പുറത്തിറക്കിയത്. പുതിയ മീഡിയ ടെക് ഡൈമൻസിറ്റി 8020 ചിപ്‌സെറ്റാണ് മോഡലിലുണ്ടാകുക. 6.5 ഇഞ്ച് പോലെഡ് ഡിസ്‌പ്ലേയുമുണ്ടാകും. എട്ട് ജി.ബി റാമും 256 ജി.ബി യു.എഫ്.എസ് 3.1 സ്‌റ്റോറേജുമുണ്ടാകും. 50 എം.പി ഒഐഎസ് മെയിൻ കാമറയും 32 എം.പി ഫ്രണ്ട് കാമറയും ഈ മോഡലിലിന്റെ ഭാഗമാണ്. 1968 അണ്ടർ വാട്ടർ പ്രൊട്ടക്ഷനും പ്രീമിയം വെഗാൻ ലെതർ ഫിനിഷിംഗുള്ള മെറ്റൽ ഫ്രെയിമുകളും സവിശേഷതയാണ്.

സാറാ അലി ഖാൻ റൈഡേഴ്‌സ്

റൈഡർ സൈക്കിളിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായ ബോളിവുഡ് സാറാ അലി ഖാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ സാറാ അലിഖാൻ റൈഡേഴ്‌സ് എന്ന ഹാഷ്ടാഗ് വൈറലാണ്.

മനീഷ് സിസോദിയ

ഡൽഹി മദ്യ നയ അഴിമതി കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ജൂൺ ഒന്ന് വരെയാണ് കസ്റ്റഡി നീട്ടിയത്. ഡൽഹി റോസ് അവന്യൂ കോടതിയുടെതാണ് നടപടി. പഠനാവശ്യങ്ങൾക്കായി കസേരയും മേശയും വേണമെന്ന സിസോദിയയുടെ അപേക്ഷ പരിഗണിക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.

അമുൽ പ്രോട്ടീൻ

ഗുജറാത്തിലെ സഹകരണ സംഘമായ അമുൽ പ്രോട്ടീൻ ഉത്പന്നങ്ങളുടെ പരസ്യം ട്വിറ്ററിൽ വൈറലാണ്. അമുൽ ഹൈപ്രോട്ടീൻ ബട്ടർമിൽക്ക്, ലസ്സി എന്നിയുടെ വീഡിയോകളാണ് പലരും പങ്കുവെക്കുന്നത്.

TAGS :
Next Story