Quantcast

ഹൂത്തി ആക്രമണ ഭീഷണി: ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം അവസാനിപ്പിച്ച് അഞ്ച് വൻകിട കപ്പൽ കമ്പനികള്‍

ചരക്കുനീക്കം ഉപേക്ഷിച്ചത് അമേരിക്കക്കും യൂറോപ്പിനും ഇസ്രായേലിനും വൻതിരിച്ചടിയായി

MediaOne Logo

Web Desk

  • Published:

    18 Dec 2023 2:31 AM GMT

international shipping firms,Red Sea travel,Houthi militants,Israel’s war ,gaza,ഹൂത്തി ആക്രമണം,ഷിപ്പിങ്,ചരക്കുനീക്കം,ഇസ്രായേല്‍,ഗസ്സ,ഫലസ്തീന്‍ യുദ്ധം
X

റിയാദ്: ഹൂത്തി ആക്രമണ ഭീഷണിയെ തുടർന്ന് ചെങ്കടൽ വഴിയുള്ള യാത്ര റദ്ദാക്കിയ വൻകിട കപ്പൽ കമ്പനികളുടെ എണ്ണം അഞ്ചായി. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (-ഇറ്റാലിയൻ-സ്വിസ്) ഒ.ഒ.സി.എൽ (ചൈന), മേഴ്‌സ്‌ക് (ഡാനിഷ്), സി.എം.എ-സി.ജി.എം (ഫ്രാൻസ്), ഹെപക് ലോയ്ഡ് (ജർമനി) തുടങ്ങിയ ഷിപ്പിങ് കമ്പനികളാണ് സർവീസ് നിർത്തിയിരിക്കുന്നത്.

ഹൂത്തികളുടെ ആക്രമണം ഭയന്ന് മേഴ്‌സ്‌ക് എന്ന ലോകത്തിലെ പ്രസിദ്ധ ചരക്കുനീക്ക കമ്പനി ഇനിയൊരു അറിയിപ്പുണ്ടാകും വരെ ചെങ്കടൽ വഴി സർവീസ് നിർത്തുന്നതായാണ് പ്രഖ്യാപിച്ചത്. ഒ.ഒ.സി.എൽ ഇസ്രായേലിലേക്ക് ഒരു വഴിയിലൂടെയും സർവീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ചു. ബാക്കിയെല്ലാം മറ്റു റൂട്ടുകൾ തേടും.

ചെങ്കടലിൽ ഹൂത്തി ഭീഷണി മുൻനിർത്തി മിക്ക ഷിപ്പിങ് കമ്പനികളും ചരക്കുനീക്കം ഉപേക്ഷിച്ചത് അമേരിക്കക്കും യൂറോപ്പിനും ഇസ്രായേലിനും വൻതിരിച്ചടിയായി. കപ്പലുകൾക്കായി സുരക്ഷാ സേന വിപുലപ്പെടുത്തൽ ചർച്ചക്ക് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കണ്‍ ഉടൻ പശ്ചിമേഷ്യയിലെത്തും.

എണ്ണ, ഇന്ധന കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നാണ് ചെങ്കടൽ. അതിൽ യമന്റെയും ജിബൂട്ടിയുടേയും അതിരിനിടയിലൂടെയുളള കടലിടുക്കാണ് ബാബ് അൽ മന്ദബ്. 32 കി.മീ വീതിയുള്ള ഈ കടലിടുക്ക് വഴിയാണ് അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള കപ്പലുകൾ ചെങ്കടലിലേക്ക് പ്രവേശിക്കുക. ഇവിടെ നിന്നും നേരിട്ട് ഇസ്രയേലിലേക്ക് എത്താം. ഈജിപ്തിലെ സൂയിസ് കനാൽ വഴി ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള കുറുക്കുവഴിയും ഇതാണ്. പ്രതിവർഷം 17,000 കപ്പലുകൾ, അഥവാ ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഇതുവഴി കടന്നുപോകുന്നു.

ഈ വഴിയില്ലെങ്കിൽ യൂറോപ്പിലെത്താൻ കപ്പലുകൾക്ക് ആഴ്ചകൾ അധികമെടുക്കും. ദക്ഷിണാഫ്രിക്ക വഴി ചുറ്റിക്കറങ്ങിപ്പോകണം. ക്രിസ്മസ് കാലമടുത്തതോടെ വിപണിയിൽ തിരക്കേറുന്ന സമയമാണിത്. ഈ സമയം ചരക്കു കപ്പലുകൾ സർവീസ് റദ്ദാക്കുന്നതോടെ യൂറോപ്പിൽ സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. ആക്രമണ ഭയം കാരണം കണ്ടെയ്‌നറുകളുടെ ഇൻഷുറൻസ് തുകയും വർധിച്ചിട്ടുണ്ട്.

TAGS :

Next Story