Quantcast

ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരുന്നോളാം; എന്താണ് യൂറോപ്പിലെയും യുഎസിലെയും ട്രഡ് വൈഫ് ട്രന്റ്?

അജ്ഞാതമായ ഒരു കാലത്തെ കാൽപ്പനികവൽക്കരിക്കുകയാണ് ഈ ട്രന്‍ഡെന്നും വിമര്‍ശനമുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-25 06:13:27.0

Published:

24 Jan 2023 9:03 AM GMT

trad wife
X

ജോലിയെല്ലാം ഉപേക്ഷിച്ച് ഭർത്താവിനെയും കുട്ടികളെയും പരിചരിച്ച് വീട്ടിലിരിക്കാം- തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യവും സാമ്പത്തിക സ്വാശ്രയത്വവും വർധിച്ചു വരുന്ന കാലത്ത്, വീട്ടിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ യൂറോപ്പിൽ തുടങ്ങിവച്ച മൂവ്‌മെന്റ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്. യുഎസ് സാന്റിയാഗോയിലെ രണ്ട് മക്കളുടെ അമ്മയായ അലക്‌സിയ ഡെലറോസ എന്ന 29കാരിയാണ് ഏറ്റവുമൊടുവിൽ ഈ മൂവ്‌മെന്റിന്റെ ഭാഗമായി ലോകത്തിന്റെ ശ്രദ്ധ നേടിയത്.

1950കളിലെ അമ്മയാകണം എന്നു പറഞ്ഞാണ് അലക്‌സിയ തന്റെ ജോലിയുപേക്ഷിച്ച് വീട്ടിൽ ഒതുങ്ങിക്കൂടിയത്. ഇതേക്കുറിച്ച് അവർ പറയുന്നതിങ്ങനെ; 'എന്റെ അമ്മ ജോലി ചെയ്തിരുന്നു. കുടുംബത്തിന് പുറത്ത് സുഹൃത്തുക്കളുമായി സമയം ആസ്വദിച്ചിരുന്നു. എന്നാൽ ഞാൻ കുട്ടിയാകുമ്പോൾ എനിക്ക് അവരുടെ ശ്രദ്ധ വേണ്ടത്ര ലഭിച്ചില്ല. എന്റെ കുടുംബത്തിൽ പരമ്പരാഗത മാതൃകയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുടുംബജീവിതത്തെ കുറിച്ചുള്ള അമ്പതുകളിലെ ആശയം ഞാനിഷ്ടപ്പെടുന്നു. അക്കാലത്ത് ഭാര്യ വീട്ടിൽ ഭർത്താവിനെയും കുട്ടികളെയും പരിചരിക്കുന്നു. ഭർത്താവ് പുറത്തുപോയി മുഴുവൻ സമയം ജോലി ചെയ്യുന്നു'

'ഭർത്താവ് മാത്യുവുമായി പ്രണയത്തിലായിരുന്ന ആദ്യകാലം, ഇത്തരത്തിൽ ഒരു കുടുംബത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. രണ്ടു പേർക്കും ആ ആശയം ഇഷ്ടപ്പെട്ടു. അദ്ദേഹം മുഴുസമയം ജോലി ചെയ്ത് ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നു. ഞാൻ വീടും കുടുംബത്തിന്റെ ഭാവിയും നോക്കുന്നു. ആദ്യ മകൻ ആർച്ചറെ ഗർഭം ധരിച്ചപ്പോൾ തന്നെ ഞങ്ങൾ ഈ തീരുമാനമെടുത്തു. നേരത്തെ, ഹോം ബേക്കിങ് ബിസിനസിൽ പാർട് ടൈമായി ജോലി ചെയ്തിരുന്നു. രണ്ടാമത്തെ മകൻ കൂടി വന്നതോടെ വീട്ടിൽ മാത്രമായി ശ്രദ്ധ. വീട്ടിൽ ഞാൻ സന്തുഷ്ടയാണ്.' - അവർ കൂട്ടിച്ചേർത്തു.



കുടുംബവുമൊന്നിച്ചുള്ള വിശേഷങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അലക്‌സിയ പങ്കുവയ്ക്കാറുണ്ട്. കുട്ടികൾക്കൊപ്പം കളിക്കുന്നതിന്റെയും പാചകം ചെയ്യുന്നതിന്റെയും വീഡിയോകളാണ് മിക്കതും. തന്റെ പോസ്റ്റുകൾക്ക് താഴെ ഒരുപാട് നെഗറ്റീവ് കമന്റുകളും ട്രോളുകളും വരുന്നുണ്ടെന്ന് അവർ പറയുന്നു.

'ചിലർ പറയും ഞാൻ അമ്പതു വർഷം പിന്നിലാണെന്ന്. അത് ഞാൻ കാര്യമാക്കുന്നില്ല. കാരണം ഞാൻ ചെയ്യുന്നത് മൂല്യമേറിയ ജോലിയാണെന്ന് എനിക്കറിയാം. ജോലിക്കായി പുറത്തുനിന്ന് ആരെയെങ്കിലും വയ്ക്കുകയാണ് എങ്കിൽ എത്ര പണം കൊടുക്കണം. കുട്ടികളെ ശ്രദ്ധിക്കാനായി രക്ഷിതാക്കളിൽ ഒരാൾ വീട്ടിലുണ്ടാവുന്നത് നിർബന്ധമാണ്. എന്നെ നോക്കാൻ ആയയുണ്ടായിരുന്നു. അവർക്ക് ഓർത്തിരിക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങളുമുണ്ടായിരുന്നു. സ്വന്തം കുട്ടികളുടെ ഇത്തരം സന്ദർഭങ്ങൾ ആസ്വദിക്കാൻ ഞാൻ കൂടെയുണ്ടാകണം എന്നു തോന്നി' - അലക്‌സിയ കൂട്ടിച്ചേര്‍ത്തു.



ട്രഡ് വൈവ്‌സ്

തൊഴിലിടം ഉപേക്ഷിച്ച് വീട്ടിൽ കൂടുന്ന ഭാര്യമാരുടെയും പങ്കാളികളുടെയും അനുഭവകഥകൾ ടിക് ടോക് വഴിയാണ് യുഎസിലും യൂറോപ്പിലും പങ്കുവയ്ക്കപ്പെടുന്നത്. #submissivewomen #submissivewives #tradwives തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ഇവയുള്ളത്. തങ്ങൾ എന്തുകൊണ്ടാണ് വീടുകൾക്കകത്തെ ജീവിതം തെരഞ്ഞെടുത്തത്, എങ്ങനെ അതാസ്വദിക്കുന്നു എന്നാണ് അവർ വിശദീകരിക്കുന്നത്. നെഗറ്റീവ് വശങ്ങളും പങ്കുവയ്ക്കുന്നവര്‍ നിരവധി.

ദ ഡാർലിങ് അക്കാഡമി എന്ന ലൈഫ് സ്റ്റൈൽ വെബ്‌സൈറ്റ് സ്ഥാപകയും യുകെയിലെ ട്രഡ് വൈഫുമായ അലേന കാറ്റി പെറ്റിറ്റ് തന്റെ അനുഭവം ബ്ലോഗിൽ കുറിക്കുന്നത് ഇങ്ങനെയാണ്;

'തുടക്കകാലത്തുണ്ടായിരുന്ന മിഡ്‌ലൈഫ് പ്രതിസന്ധി മാറി എന്റെ സ്ത്രീ സ്വത്വത്തെ ഞാൻ സ്‌നേഹിക്കാൻ പഠിച്ചു. എന്റെ ആത്മവിശ്വാസത്തെ തകർത്ത, വൈകാരികമായി ശിഥിലമാക്കിയ കാലമായിരുന്നു മിഡ്‌ലൈഫ്.' - ലണ്ടനിലെ സമ്മർദ്ദമേറിയ കരിയറാണ് താൻ കുടുംബജീവിതത്തിനു വേണ്ടി അവസാനിപ്പിച്ചതെന്നും ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു.

അതു വെറും നൊസ്റ്റാൾജിയ

ഇന്റർനെറ്റിൽ ഉയിർത്തുവന്ന ഈ ട്രൻഡിനെ രൂക്ഷമായി വിമർശിക്കുന്നവും ധാരാളം. തങ്ങൾക്ക് അജ്ഞാതമായ ഒരു കാലത്തെ ഗൃഹാതുരത്വവൽക്കരിച്ചാണ് ഒരുകൂട്ടം സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കൂടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.




മാർക്കറ്റിങ് ഏജൻസിയായ ബ്രാൻഡ് വാച്ചിലെ സോഷ്യൽ മീഡിയ ഗവേഷകയും ഡാറ്റ അനലിസ്റ്റുമായ ദെബോറ എറ്റിനെ ട്രഡ് വൈഫ് ട്രൻഡിനെ കുറിച്ച് കഴിഞ്ഞവർഷം പറഞ്ഞത് ഇങ്ങനെയാണ്;

'ഇന്റർനെറ്റിലെ ട്രഡ് വൈഫ് വ്യവഹാരങ്ങൾ 2022ലും വർധിച്ചുകൊണ്ടിരിക്കുകയാണ്. ടംബ്ലർ, ട്വിറ്റർ, റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒരു വർഷത്തിനിടെ 1.52 ലക്ഷം ട്രഡ് വൈഫ് മെൻഷനാണ് ഉണ്ടായത്. എന്നാൽ പോസിറ്റീവിനേക്കാൾ കൂടുതൽ നെഗറ്റീവ് മെൻഷൻസായിരുന്നു കൂടുതൽ.'

കോവിഡിന് ശേഷം പൊതുവിലുണ്ടായ അസംതൃപ്തിയും രോഷവും സ്ത്രീകൾ തൊഴിൽ ഉപേക്ഷിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലിന് ഒപ്പം വീട്ടിലെ ജോലികൾ ഇവർക്ക് ഭാരമാകുന്നുണ്ടെന്ന് വിവിധ പഠനങ്ങൾ പറയുന്നു. 2020ൽ യുഎസിൽ മാത്രം 8.6 ലക്ഷം സ്ത്രീകളാണ് തങ്ങളുടെ തൊഴിലിൽനിന്ന് രാജിവച്ചത്. പുരുഷന്മാരിൽ ഇത് രണ്ടു ലക്ഷം പേർ മാത്രമാണ്.

Summary: Who are tradwives, what is their feelings

TAGS :

Next Story