Quantcast

ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    1 Jan 2024 2:50 PM IST

ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്
X

ടോക്യോ: ജപ്പാനിൽ വൻ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ്. ജപ്പാൻ ദ്വീപായ ഹോൻഷുവിലെ ഇഷികാവയിലാണ് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇവിടത്തെ തീരപ്രദേശമായ നോട്ടോവയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ജപ്പാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ ഭൂചലനമാണുണ്ടായതെന്നാണു വിവരം. ഇതിനു പിന്നാലെ നിരവധി തവണ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇഷികാവയിൽ മുഴുവൻ അതിവേഗ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ഭൂചലനത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂമിയില്‍ വന്‍ വിള്ളലുണ്ടായതും കെട്ടിടങ്ങളില്‍നിന്ന് ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിനില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. എന്നാൽ, എവിടെയും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അഞ്ചു മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പുള്ളത്. അയൽപ്രദേശങ്ങളായ നീഗാറ്റയിലും ടോയാമയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ രണ്ടിടത്തും തിരയടിക്കാനിടയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഉയർന്ന പ്രദേശങ്ങളിലേക്കു മാറാൻ ഔദ്യോഗിക ടെലിവിഷൻ ചാനലായ 'എൻ.എച്ച്.കെ' ജനങ്ങളോട് ആവശ്യപ്പെട്ടു.

ഭൂകമ്പബാധിത പ്രദേശത്തുള്ള പ്ലാന്റുകളിലൊന്നും അസ്വാഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാനിലെ ഏറ്റവും വലിയ ആണവോർജ ഓപറേറ്റർമാരായ കാൻസായ് ഇലക്ട്രിക് പ്രതികരിച്ചു.

ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരങ്ങളിലും സുനാമിത്തിരയ്ക്കു സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിലെല്ലാം സമുദ്രനിരപ്പ് ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

Summary: Tsunami warning issued in Japan after earthquake of magnitude 7.6 strikes the the coastal Noto area in Ishikawa

TAGS :

Next Story