ടുണീഷ്യൻ പ്രസിഡന്റിനെ വിമർശിച്ചു; അന്നഹ്ദ നേതാവ് റാഷിദ് അൽ ഗനൂഷി അറസ്റ്റിൽ
പൊലീസ് ഗനൂഷിയെ അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോയതായി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ടുണിസ്: ടുണീഷ്യൻ പ്രസിഡന്റ് കൈസ് സെയ്ദിന്റെ ഏറ്റവും വലിയ വിമർശകനായ അന്നഹ്ദ പാർട്ടി നേതാവ് റാഷിദ് അൽ ഗനൂഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 81 കാരനായ അദ്ദേഹത്തെ ടുണീഷ്യയിലെ വീട്ടിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തതായി അന്നഹ്ദ പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ടുണീഷ്യൻ പ്രസിഡന്റ് കൈസ് സെയ്ദിനെ വിമർശിക്കുന്നവരെയെല്ലാം പൊലീസ് അറസ്റ്റു ചെയ്യുകയാണെന്നും പാർട്ടി ആരോപിച്ചു. ഈ സംഭവത്തെ അപലപിക്കുന്നെന്നും ഗനൂഷിയെ ഉടൻ മോചിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ അറസ്റ്റിനെക്കുറിച്ച് ടുണീഷ്യൻ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചില്ല. ഗനൂഷിയുടെ അറസ്റ്റിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് പൊലീസ് റെയ്ഡ് നടത്തുകയും അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിക്കുകയും ചെയ്തതായി പാർട്ടി വക്താക്കൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരമാണ് ഗനൂഷിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്നഹ്ദയെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും തകർക്കാനുള്ള ശ്രമമാണിത്. പാർട്ടിയെ ഇല്ലാതാക്കുന്നതിന്റെ മുന്നോടിയായാണോ ഇതെന്ന് ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും മുതിര്‍ന്ന നേതാവായ റിയാദ് ചായ്ബി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തന്റെ പാർട്ടി ഉത്ഭവിച്ച പൊളിറ്റിക്കൽ ഇസ്‌ലാം തുടച്ചുനീക്കപ്പെട്ടാൽ ടുണീഷ്യ ആഭ്യന്തര യുദ്ധം നേരിടുമെന്ന് ഗനൂഷി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവനുസരിച്ചാണ് ഗനൂഷിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തെന്നും വീട്ടിൽ പരിശോധന നടത്തിയതെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർനടപടികൾ പ്രോസിക്യൂട്ടറുടെ നിർദേശപ്രകാരമായിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
1980 കളിൽ രാഷ്ട്രീയ തടവുകാരനായിരുന്ന ഗനൂഷിയെ 1990 കളിൽ നാടുകടത്തിയിരുന്നു. 2011 ലെ ടുണീഷ്യൻ വിപ്ലവത്തിന് ശേഷമാണ് അന്നഹ്ദ സജീവ രാഷ്ട്രീയപാർട്ടിയായി മാറുന്നത്.
Adjust Story Font
16

